വര്‍ഗീയവിധ്വംസക ശക്തികളെ ഏതുവിധത്തിലും ചെറുത്തുതോല്‍പ്പിക്കണമെന്ന നിശ്ചയദാര്‍ഢ്യമുള്ള നേതാവായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. നിയമനിര്‍മാണ സഭകളിലെ പ്രമുഖമായ സാന്നിധ്യവും പ്രമുഖസാഹിത്യസാംസ്‌കാരിക പ്രവര്‍ത്തകനും ഉജ്വലവാഗ്മിയുമായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രിപറഞ്ഞു. മാതൃഭൂമി മാനേജിങ് ഡയറക്ടറും രാഷ്ട്രീയ നേതാവും എഴുത്തുകാരനുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച 'ഓര്‍മയില്‍ എന്നും' എന്ന വെബിനാറിലെ 'എം.പി. വീരേന്ദ്രകുമാര്‍ എന്ന രാഷ്ട്രീയക്കാരനും സുഹൃത്തും' എന്ന സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിറ്റാണ്ടുകളുടെ ബന്ധമായിരുന്നു തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. യോജിച്ചും വിയോജിച്ചും ആ ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞു. കൂടുതല്‍ കാലവും ആശയപരമായ യോജിപ്പില്‍ തന്നെയായിരുന്നു എന്നതാണ് അദ്ദേഹത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഏറെ സന്തോഷം തരുന്നത്. ഒരേകാലത്ത്, ഒരേ ജയിലില്‍ ഒരേ കാരണത്താല്‍ ജയില്‍വാസമനുഭവിച്ചവരാണ് ഞാനും എം.പി വീരേന്ദ്രകുമാറും. അടിയന്തരാവസ്ഥക്കാലത്തെ ജയില്‍ബന്ധം രാഷ്ട്രീയപരമായ വിയോജിപ്പുകളെ മറികടന്നുകൊണ്ട് വ്യക്തിബന്ധമായിത്തന്നെ നിലനിര്‍ത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിരുന്നു. ഒരേ ലക്ഷ്യം പങ്കിട്ട് ഒരേ മൂല്യം നിലനിര്‍ത്തിക്കൊണ്ട് കമ്യൂണിസവും സോഷ്യലിസവുമെന്ന രണ്ട് ആശയങ്ങളുമായി ഞങ്ങള്‍ കഴിഞ്ഞ കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ എന്തെല്ലാം അസ്വാരസ്യങ്ങള്‍ ഉടലെടുത്താല്‍പോലുംപോലും അതൊന്നും വ്യക്തിബന്ധത്തിന് കോട്ടം വരുത്താന്‍ പറ്റുന്ന തരത്തിലുള്ളവയായിരുന്നില്ല. രാഷ്ട്രീയ ഭിന്നത ഉരുത്തിരിഞ്ഞ കാലം മാറി അദ്ദേഹത്തിന്റെ അവസാനകാലത്ത് ഒരേ രാഷ്ട്രീയ നിലപാടുള്ളവരായി മാറാന്‍ കഴിഞ്ഞു. കമ്മ്യൂണിസത്തിന്റെ മറ്റൊരു ശാഖയായി സോഷ്യലിസത്തെ അദ്ദേഹം സ്വീകരിച്ചു. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം അദ്ദേഹത്തിന് അര്‍ഹതപ്പെട്ട മുഴുവന്‍ ആദരവും നല്‍കിയിട്ടുണ്ട്. അതിനു കാരണം എന്തെല്ലാം ഭിന്നതകള്‍ ഉണ്ടായിരുന്നപ്പോഴും രാജ്യം നേരിടുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങളില്‍ അദ്ദേഹം എടുത്ത നിലപാടുകളാണ്, പ്രതിഷേധങ്ങളാണ്. പരിസ്ഥിതി വിവേകരാഷ്ട്രീയം എന്ന കാഴ്ചപ്പാടില്‍ അദ്ദേഹം ഉറച്ചുനിന്നു. ആഗോളീകരണം, ന്യൂനപക്ഷധ്വംസനം, ഭീകരവാദം എന്നിവയ്‌ക്കെതിരെ അദ്ദേഹം ശക്തമായി നിലകൊണ്ടു. വര്‍ഗീയവിധ്വംസക ശക്തികളെ ഏതുവിധത്തിലും ചെറുത്തുതോല്‍പ്പിക്കണമെന്ന നിശ്ചയദാര്‍ഢ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രകൃതിസംരക്ഷണവും കാര്‍ഷികനയങ്ങളും അദ്ദേഹത്തിന്റെ മുഖ്യവിഷയങ്ങളായി. ബാബ്‌റി മസ്ജിദ് വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ വാക്കുകളാണ് ഓര്‍മവരുന്നത്. ഒരു പള്ളിക്കും ഒരു ക്ഷേത്രത്തിനും പകരം ഒരായിരം പള്ളികളും ക്ഷേത്രങ്ങളും നിര്‍മിക്കാം. പക്ഷേ ധര്‍മച്യുതി ഇന്ത്യയുടെ മനസ്സാക്ഷിക്കുമേല്‍ ആഴത്തില്‍ ഏല്‍പിച്ച ക്ഷതം ദേവാലയനിര്‍മാണം കൊണ്ട് ഇല്ലാതാകുമോ എന്നാണ് അദ്ദേഹം ചോദിച്ചത്.

പരിസ്ഥിതി വിവേകരാഷ്ട്രീയം നാട്ടിലെ വെള്ളം മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ ചോര്‍ത്തിക്കൊണ്ടുപോയി വില്‍ക്കുന്നതിനെതിരെ സമഗ്രമായ പഠിച്ച് സമരം ചെയ്തിട്ടുമുണ്ട് എം.പി വീരേന്ദ്രകുമാര്‍. ഗാട്ടും കാണാച്ചരടും എന്ന പുസ്തകത്തിലൂടെ അധിനിവേശത്തിന്റെ കാണാച്ചരടുകള്‍ തുറന്നുകാട്ടി അദ്ദേഹം. വീണ്ടും കാലമിരുളുകയാണ്. ഫാസിസത്തിന്റെയും അമിതാധികാരത്തിന്റെയും കാലം ജീവിതത്തെ ഇരുട്ടുനിറഞ്ഞതാക്കുന്നു. ഒരുമിച്ച് പോരാടേണ്ടുന്ന കാലം വീണ്ടും വരുന്നു എന്നാണര്‍ഥം. അത്തരമൊരു കാലമുണ്ടാകുമ്പോള്‍ ഒരുമിച്ചുപോരാടുക എന്നതാണ് മുഖ്യം. അത്തരമൊരു പോരാട്ടത്തിന് അദ്ദേഹത്തിന്റെ ആശയസംഘടന ഒപ്പം ചേര്‍ന്നിരിക്കുന്നു. അത് മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് മുഖ്യം-മുഖ്യമന്ത്രി പറഞ്ഞു.

Content Highlights : Chief Minister Pinarayi Vijayan Remembers MP Veerendrakumar