കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക രംഗത്ത്  കനത്ത ശൂന്യതസൃഷ്ടിച്ചുകൊണ്ടാണ് എം.പി. വീരേന്ദ്രകുമാർ കടന്നുപോയത്. ആ വിടവ് ഇനിയും നികത്താനായിട്ടില്ല; നികത്തുകയെന്നത് എളുപ്പവുമല്ല. ജനപക്ഷരാഷ്ട്രീയം മുഖമുദ്രയാക്കിയ രാഷ്ട്രീയനേതാവായിരുന്നു  എം.പി. വീരേന്ദ്രകുമാർ. കുടുംബപശ്ചാത്തലത്തിൽനിന്ന്‌ പകർന്നുകിട്ടിയ സോഷ്യലിസ്റ്റ് രാഷ്ട്രീയാഭിമുഖ്യം ജീവിതാവസാനംവരെ അദ്ദേഹം ഉയർത്തിപ്പിടിച്ചു. ജയപ്രകാശ് നാരായണെപ്പോലുള്ളവരിൽനിന്ന്‌ പ്രചോദനമുൾക്കൊണ്ട് വളർന്നുവന്ന വീരേന്ദ്രകുമാറിന് അങ്ങനെയാകാതിരിക്കാൻ ആവുകയുമില്ലല്ലോ. സോഷ്യലിസ്റ്റുസങ്കല്പത്തോടൊപ്പം മതേതരകാഴ്ചപ്പാടും വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിനായി. തന്റെ പാർട്ടിയുടെ ദേശീയനേതൃത്വം സംഘപരിവാറുമായി ചേരുന്ന ഘട്ടത്തിൽ, എം.പി.സ്ഥാനംപോലും ഉപേക്ഷിച്ച് മതേതരപക്ഷത്ത്‌ ഉറച്ചുനിൽക്കാൻ അദ്ദേഹം തീരുമാനിച്ചത് അതിന്റെ തെളിവാണ്.

ബഹുതല പ്രതിഭ

കേവലം ഒരു രാഷ്ട്രീയനേതാവ് മാത്രമായിരുന്നില്ല അദ്ദേഹം. എഴുത്തുകാരൻ, പത്രാധിപർ, യാത്രികൻ, ജീവചരിത്രകാരൻ, പ്രസംഗകൻ, പരിസ്ഥിതി പ്രവർത്തകൻ എന്നിങ്ങനെ പലനിലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ശ്രദ്ധേയമായ ഗ്രന്ഥങ്ങളിലൂടെ കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തിൽ അദ്ദേഹം നിറഞ്ഞുനിന്നു. ചിന്തകളുടെ മഹാപ്രവാഹമാണ് അദ്ദേഹത്തിന്റെ കൃതികളിൽ നമുക്ക് കാണാനാവുക. ഇംഗ്ലീഷിലും മലയാളത്തിലും അനായാസം പ്രസംഗിക്കാനും എഴുതാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തന്റെ പ്രസംഗങ്ങളിലൂടെ  ഒട്ടേറെ വിദ്യാർഥികളെയും യുവജനങ്ങളെയും ആകർഷിക്കാൻ വീരേന്ദ്രകുമാറിനായി. വിദ്യാർഥിപ്രസ്ഥാനത്തിന്റെ കാലത്തുതന്നെ അത് തിരിച്ചറിയാൻ എനിക്കായിട്ടുണ്ട്.

യോജിച്ച പോരാട്ടങ്ങൾ

വീരേന്ദ്രകുമാറും ഞാനും അടിയന്തരാവസ്ഥക്കാലത്ത് ഒരുമിച്ച് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ ബന്ധം ദൃഢമായതും അക്കാലത്താണ്. എല്ലാ ഘട്ടങ്ങളിലും അത് അങ്ങനെത്തന്നെ നിലനിന്നുപോന്നു; വിയോജിപ്പിന്റെ ഘട്ടങ്ങളിൽപ്പോലും. വ്യത്യസ്ത രാഷ്ട്രീയധാരകളിൽക്കൂടി സഞ്ചരിക്കുമ്പോൾ വിയോജിപ്പിന്റെ മേഖലകൾ  ഉണ്ടാകാതിരിക്കാനാകില്ലല്ലോ.

ദേശീയരാഷ്ട്രീയത്തിൽ പുലർത്തിവന്ന വ്യത്യസ്ത സമീപനങ്ങളുടെ ഫലമായി വിവിധ ഘട്ടങ്ങളിൽ സോഷ്യലിസ്റ്റുകാർക്കും കമ്യൂണിസ്റ്റുകാർക്കുമിടയിൽ വിയോജിപ്പുണ്ടായിട്ടുണ്ട്. കോൺഗ്രസിനെക്കുറിച്ചുള്ള വിലയിരുത്തൽ, രണ്ടാം ലോകയുദ്ധത്തോടുള്ള സമീപനം, ഇന്ത്യയിലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ രീതികളോടുള്ള സമീപനം തുടങ്ങിയവ അതിൽ ചിലതാണ്. എന്നാൽ, ആ വിയോജിപ്പുകളൊന്നും അമിതാധികാര സ്വേച്ഛാധിപത്യവാഴ്ച ഇന്ത്യക്കുമേൽ പിടിമുറുക്കിയ 1975-'77 ഘട്ടത്തിൽ ജെ.പി.ക്കൊപ്പംനിന്ന്‌ പോരാടുന്നതിന് തടസ്സമായില്ല. അത്തരം യോജിച്ച ഒരു പോരാട്ടത്തിനിടയിലാണ് വീരേന്ദ്രകുമാറും ഞാനും ഒരുമിച്ച് തുറുങ്കിലടയ്ക്കപ്പെട്ടത്. ആത്യന്തികമായ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പോരാട്ടം മുന്നിൽ വരുമ്പോൾ താത്‌കാലികമായ വിയോജിപ്പുകൾക്ക് പ്രസക്തിയില്ല എന്നല്ലേ ഇത് തെളിയിക്കുന്നത്.

സോഷ്യലിസ്റ്റുകളുടെ സ്വാഭാവികസ്ഥാനം ഇടതുപക്ഷമാണ്. സോഷ്യലിസ്റ്റുകളെ ജനങ്ങൾ കാണാനാഗ്രഹിക്കുന്നത് ഇടതുപക്ഷത്താണ്. ഒരു ചെറിയകാലം വഴിപിരിഞ്ഞുപോയെങ്കിലും വീരേന്ദ്രകുമാർ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെത്തിയപ്പോൾ ആ നിലയ്ക്കുള്ള സന്തോഷമാണ് കേരളജനതയ്ക്കുണ്ടായത്. ഏതുമുന്നണിയിൽ പ്രവർത്തിക്കുമ്പോഴും സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും അടിസ്ഥാനമൂല്യങ്ങളിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും അദ്ദേഹം ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ, അനുകൂലിച്ചപ്പോഴും എതിർത്തപ്പോഴും ഇടതുപക്ഷം  വീരേന്ദ്രകുമാറിന് അർഹതപ്പെട്ട മുഴുവൻ ആദരവും നൽകിയിട്ടുമുണ്ട്.

വിട്ടുവീഴ്ചചെയ്യാത്ത പോരാളി

രാജ്യത്തിന്റെ ഐക്യത്തെയും ഒരുമയെയും തകർക്കുന്ന വർഗീയ വിധ്വംസകശക്തികളെ ചെറുത്തുതോൽപ്പിക്കുകയെന്നത് ജീവിതവ്രതമായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ, സാമ്രാജ്യത്വത്തിന്റെ ആഗോളീകരണ ഗൂഢാലോചന തുറന്നുകാട്ടുന്നതിലും ദേശീയ സാമ്പത്തികസ്വാശ്രയത്വം രക്ഷിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി ജനങ്ങളെ ബോധവത്കരിക്കുന്നതിലും അദ്ദേഹം നിതാന്തജാഗ്രത പാലിച്ചു. ‘അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ’ അടക്കമുള്ള കൃതികൾ ആ ജാഗ്രതയുടെ ഫലമായി എഴുതപ്പെട്ടവയാണ്. സാധാരണജനങ്ങൾക്ക് അത്രയെളുപ്പം മനസ്സിലാകാത്ത സാമ്രാജ്യത്വവും ആഗോളീകരണവും തമ്മിലുള്ള അന്തർധാര ലളിതവും സുവ്യക്തവുമായി അവയിൽ പ്രതിപാദിച്ചിട്ടുണ്ട്. രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും സ്വാശ്രയത്വത്തിനും അതിർത്തികളെ അതിലംഘിച്ച്‌ കടന്നുവരുന്ന ധനമൂലധനം ഉയർത്തുന്ന വെല്ലുവിളിയെന്തെന്നും ധനമൂലധനത്തിന്റെ അധിനിവേശം എങ്ങനെ ജനങ്ങളെ സാമ്രാജ്യത്വത്തിന്‌ കീഴ്‌പ്പെടുത്തുന്നുവെന്നും എത്രയോമുമ്പുതന്നെ തന്റെ കൃതികളിലൂടെ അദ്ദേഹം വിവരിച്ചിട്ടുണ്ട്.

ഗാട്ട് കരാറിന്റെ പശ്ചാത്തലത്തിൽ അദ്ദേഹമെഴുതിയ ‘ഗാട്ടും കാണാച്ചരടുകളും’ എന്ന പുസ്തകം, മൂലധന അധിനിവേശത്തിന്റെ കാണാച്ചരടുകൾ എന്തെന്ന് വെളിവാക്കുന്നതാണ്. ആഗോളീകരണനയത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തികപരമാധികാരം എങ്ങനെ പടിപടിയായി ഇല്ലാതാകുന്നുവെന്ന് വ്യക്തമാക്കുന്ന കൃതിയാണത്. സാമ്രാജ്യത്വം പ്രത്യക്ഷത്തിലുള്ള സൈനികാക്രമണങ്ങൾ മാത്രമല്ല, പ്രച്ഛന്നമായ സാമ്പത്തിക-സാംസ്കാരിക ആക്രമണങ്ങൾകൂടി നടത്തുന്നുണ്ടെന്ന് ആദ്യംതന്നെ മുന്നറിയിപ്പുനൽകിയ രാഷ്ട്രീയ-സാംസ്കാരിക നായകരുടെ നിരയിലാണ് വീരേന്ദ്രകുമാറിന്റെ സ്ഥാനം.

പ്ലാച്ചിമടമുതൽ പലസ്തീൻവരെ

പരിസ്ഥിതിപ്രശ്നത്തിൽ വിട്ടുവീഴ്ചയില്ലാത്ത പോർമുഖം തുറന്നിട്ട വ്യക്തിയായിരുന്നു വീരേന്ദ്രകുമാർ. 1950-കളിലെ നൂൽപ്പുഴ കർഷകസമരംമുതൽ പ്ലാച്ചിമടയിലെ കോളവിരുദ്ധസമരത്തിൽവരെ അവകാശബോധമുള്ള ജനതയ്ക്കൊപ്പം അദ്ദേഹം അചഞ്ചലമായി നിലകൊണ്ടു. വികസനം, പരിസ്ഥിതിയെക്കൂടി പരിഗണിച്ചുകൊണ്ടല്ല എന്നുവന്നാൽ മനുഷ്യരാശിയുടെ അന്ത്യമാവും ഉണ്ടാവുകയെന്ന് അദ്ദേഹം നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു. ‘ആമസോണും കുറേ വ്യാകുലതകളും’ എന്ന കൃതിയിൽ ഈ കാഴ്ചപ്പാട് അദ്ദേഹം വിവരിക്കുന്നുണ്ട്.

പലസ്തീനികളുടെ നിരാലംബതയെയും ഇസ്രയേലിന്റെ ധാർഷ്ട്യത്തെയും അതിന്‌ ശക്തിപകരുന്ന അമേരിക്കയുടെ കാപട്യത്തെയും വീരേന്ദ്രകുമാർ തുറന്നുകാട്ടിയിട്ടുണ്ട്. പലസ്തീനിലെ കുഞ്ഞുങ്ങളും സ്ത്രീകളും ദാരുണമായി കൊലചെയ്യപ്പെടുന്ന അവസ്ഥ ഹൃദയഭേദകമായ നിലയിൽ അദ്ദേഹം തന്റെ പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. മനുഷ്യത്വരഹിതമായ മാനസികാവസ്ഥ പുലർത്തുന്ന ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച ഇന്ത്യയുടെ മനോഭാവത്തെ ഈ കൃതിയിൽ അദ്ദേഹം രാഷ്ട്രീയമായി അപഗ്രഥിച്ചിട്ടുമുണ്ട്.

മൂർച്ചയുള്ള രചന, ആഴമുള്ള വായന

പുരാണേതിഹാസങ്ങളെ സംഘപരിവാർ തുടർച്ചയായി ദുർവ്യാഖ്യാനംചെയ്ത്‌ വക്രീകരിക്കുന്ന ഇക്കാലത്ത് ആവർത്തിച്ചുള്ള വായന ആവശ്യപ്പെടുന്ന പുസ്തകമാണ് എം.പി. വീരേന്ദ്രകുമാറിന്റെ ‘രാമന്റെ ദുഃഖം’. പുരാണേതിഹാസങ്ങളിൽ അഗാധമായ പാണ്ഡിത്യമുള്ള ഒരാൾക്കുമാത്രമേ ഇത്തരം ഒരു രചനാരീതി വഴങ്ങൂ. ഹിന്ദുമതത്തിലും ദർശനത്തിലുമൊക്കെ അദ്ദേഹത്തിന് എത്രമാത്രം അവഗാഹമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ കൃതി.

പുസ്തകങ്ങളെയും വായനയെയും അദ്ദേഹം എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നതിന്റെ തെളിവാണ് മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്‌സ്. വായനക്കാരനെ കേൾക്കാനും അവരോട് പ്രതികരിക്കാനും എഴുത്തുകാർക്ക് അവസരമൊരുക്കുകവഴി എഴുത്തുകാരും പൊതുസമൂഹവും തമ്മിലുള്ള ബന്ധത്തിന് ദൃഢതപകരാൻ ഈ മേള വഴിയൊരുക്കി. മാത്രമല്ല, കേരളത്തെ, അനേകം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നതും ഒട്ടേറെ പ്രസാധകർ പ്രവർത്തിക്കുന്നതുമായ ഇടമെന്ന നിലയിൽനിന്ന് ഒരു പടികൂടി കടന്ന് പല ലിറ്ററേച്ചർ ഫെസ്റ്റിവലുകളുള്ള നാടായി മാറ്റിത്തീർക്കാനും വീരേന്ദ്രകുമാറിന് കഴിഞ്ഞു.

നാടിനെച്ചൊല്ലി വേവലാതിപ്പെട്ട ഒരാൾ

തന്റെ നാടിനെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ഇത്രയധികം ഉത്‌കണ്ഠപ്പെടുന്ന മനസ്സുള്ളവർ അധികമില്ല. ആ മനസ്സാണ് ‘ഇരുൾ പരക്കുന്ന കാലം’ എന്നൊരു കൃതി എഴുതുന്നതിന് അദ്ദേഹത്തിന് പ്രേരണയായത്. ഇരുട്ട് ഏതൊക്കെ ദിശകളിൽനിന്ന് എങ്ങനെയൊക്കെ നമ്മെ ഗ്രസിക്കുന്നുവെന്ന് അതിൽ കൃത്യമായി വ്യക്തമാക്കിയിരിക്കുന്നു. അസഹിഷ്ണുതയുടെയും വർഗീയവിദ്വേഷത്തിന്റെയും ഇരുട്ട് പരക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം അതിലുടനീളം പറഞ്ഞത്. അതുതന്നെയാണ് നമ്മുടെ രാജ്യത്തെ നിലവിലെ അവസ്ഥയും. നാടിനെ ഗ്രസിക്കുന്ന അവസ്ഥ മുൻകൂട്ടി കാണുന്നതിനും അവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും അസാമാന്യപ്രതിഭകൾക്കുമാത്രമേ സാധിക്കൂ. ഈ പ്രത്യേകതയാണ്  വീരേന്ദ്രകുമാറിനെ വേറിട്ടുനിർത്തുന്നത്.അദ്ദേഹം ഒപ്പമുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പലവിധ പ്രതിസന്ധികളിലൂടെയാണ് രാജ്യം ഇന്ന് കടന്നുപോകുന്നത്. ഓരോ പ്രശ്നത്തോടും അദ്ദേഹം എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് നാം ചിന്തിച്ചുപോവും. ആ ചിന്തതന്നെയാണ് വീരേന്ദ്രകുമാറിന്റെ പ്രസക്തിക്ക് അടിവരയിടുന്നത്. 

Content Highlights: Chief Minister Pinarayi Vijayan About M. P. Veerendra Kumar