കന്നുനിന്നറിഞ്ഞും വളരെ അടുത്തിടപഴകിയുള്‍ക്കൊണ്ടും ദീര്‍ഘവര്‍ഷങ്ങളുടെ അടുപ്പം എം.പി. വീരേന്ദ്രകുമാറുമായി എനിക്കുണ്ട്. അറിയുംതോറും ആദരവും സ്‌നേഹവും വര്‍ധിച്ചുവരുന്നു. ചില വിഗ്രഹങ്ങളങ്ങനെയല്ല. അകലേനിന്ന് നോക്കുമ്പോള്‍ സ്വര്‍ണവിഗ്രഹങ്ങളാണെന്നു കരുതി അടുത്തുചെന്നാല്‍ സ്വര്‍ണം പൂശിയ കളിമണ്‍വിഗ്രഹങ്ങളാണെന്നറിഞ്ഞ് നിരാശപ്പെടേണ്ടിവരും. എന്നാല്‍, വീരേന്ദ്രകുമാറിന്റെ വ്യക്തിത്വം ഒരിക്കലും എന്നെ നിരാശപ്പെടുത്തിയിട്ടില്ല. തിളക്കവും മാറ്റും കൂടിക്കൂടിവരുന്നതേയുള്ളൂ. കൂടുതലറിയുമ്പോഴാണ്, ഈ വലിയ മനുഷ്യന്റെ ഉള്ളിലെ അലിവിന്റെയും അറിവിന്റെയും വിസ്തൃതഭൂഖണ്ഡങ്ങള്‍ ഇതുവരെ വേണ്ടത്ര അറിഞ്ഞില്ലല്ലോ എന്ന ഖേദം മനസ്സില്‍ ബാക്കിയാവുന്നത്.

ചില മുഹൂര്‍ത്തങ്ങള്‍ അത്തരത്തിലുള്ള വീണ്ടുവിചാരങ്ങള്‍ക്കും തിരിച്ചറിവുകള്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെടുന്നതാണ്. എം.പി. വീരേന്ദ്രകുമാറിന്റെ ജീവിതം എണ്‍പതാണ്ട് പിന്നിടുമ്പോള്‍ അത്തരമൊരു സ്ഫുടീകരണത്തിലൂടെ നമുക്കും കടന്നുപോവേണ്ടിവരുന്നു. പോയ നിമിഷങ്ങളൊന്നും ഇനി തിരിച്ചുവരുകയില്ല. എങ്കിലും, ആ സംസ്‌കാര നിമിഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഉന്നതമായ ഒരു പ്രബുദ്ധതയിലേക്കാണ് എം.പി. വീരേന്ദ്രകുമാര്‍ കര്‍മനിരതമായ ഒരു മഹദ്ജീവിതംകൊണ്ട് ഒരു കാലഘട്ടത്തെ നയിച്ചുകൊണ്ടുപോവുന്നത് എന്ന് ചാരിതാര്‍ഥ്യത്തോടെ തിരിച്ചറിയേണ്ടിവരും.

ആറരപ്പതിറ്റാണ്ടുകാലം നിതാന്ത ജാഗ്രതയോടെ ഒരു സമൂഹത്തിനുവേണ്ടി ഉണര്‍ന്നിരുന്ന് പ്രവര്‍ത്തിച്ച നിഷ്‌കാമകര്‍മജീവിതമാണ് എം.പി. വീരേന്ദ്രകുമാറിന്റെ യഥാര്‍ഥ സമ്പത്ത്. ഭൗതികസമ്പത്ത് ഒട്ടും കുറവല്ലാതിരുന്ന ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച വീരേന്ദ്രകുമാര്‍ എന്ന ചെറുപ്പക്കാരന് അക്കാലത്ത് സോഷ്യലിസത്തിന്റെ പാത തിരഞ്ഞെടുക്കേണ്ട വ്യാവഹാരികസാഹചര്യം ഒന്നുംതന്നെയുണ്ടായിരുന്നില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഒരു ചരിത്രസമരത്തില്‍ ഉള്ളത് ചിലതെല്ലാം വേണ്ടെന്നുവെച്ചും ഇല്ലാത്തവരോടൊപ്പം നിന്ന് പോരാടാനുള്ള സാമൂഹികപ്രതിബദ്ധത ഒരുപക്ഷേ, പിതാവ് പത്മപ്രഭാ ഗൗഡര്‍ കാണിച്ചുകൊടുത്ത മഹത്ത്വത്തിന്റെ മാതൃകതന്നെയാവും. സമ്പത്തും പദവിയും ആരോഗ്യവും ആയുസ്സുമെല്ലാം നഷ്ടമായാലും ഭൂമിയിലെ അനാഥര്‍ക്കും പതിതര്‍ക്കും നിഷ്‌കാസിതര്‍ക്കും വേണ്ടി ചെലവഴിച്ചതെന്തോ അത് മുഴുവന്‍ ബാക്കിനില്ക്കും എന്ന വിശിഷ്ടമായ ആ സാമൂഹികപാഠമാണ് എം.പി. വീരേന്ദ്രകുമാര്‍ എന്ന സമാനതകളില്ലാത്ത സമഗ്രവ്യക്തിത്വത്തെ സൃഷ്ടിച്ചത് (അതിന് സഹിച്ച നഷ്ടങ്ങളും നിരവധിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നു. വീരേന്ദ്രകുമാറിന്റെ സ്വത്തുവഹകള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി; അങ്ങനെ പലതുമുണ്ട് ആ ജീവചരിത്രത്തില്‍). വീരേന്ദ്രകുമാര്‍ ജനിച്ച വീട്ടില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് അദ്ദേഹത്തോടൊപ്പം പോവാന്‍ എനിക്കവസരമുണ്ടായിട്ടുണ്ട്. പുളിയാര്‍മലയിലെ ഇപ്പോഴത്തെ വീട്ടിലല്ല. കുറെക്കൂടി ഉള്ളില്‍ ശുദ്ധ വയനാടന്‍ കാനനഗ്രാമീണ മേഖലയിലുള്ള പഴയ തറവാട്ടുവീട്ടില്‍. അക്കാലത്ത് സമുദായാചാരമനുസരിച്ച് പ്രസവത്തിനായി സ്ത്രീകളെ പ്രത്യേകം പാര്‍പ്പിച്ചിരുന്ന 'ഗുഡുമന' എന്നറിയപ്പെട്ട ചെറിയ ഒരു പുരയിലായിരുന്നു വീരേന്ദ്രകുമാര്‍ പിറന്നുവീണത്. അമ്മയുടെ പേര് മരുദേവി അവ്വ എന്നായിരുന്നു 'മരു' എന്ന ശബ്ദത്തിന് പര്‍വതം എന്നര്‍ഥമുണ്ട്. താന്‍ പര്‍വതപുത്രനാണ്, അതിനാല്‍ പ്രകൃതിയുടെ സ്വന്തം മകനാണ് എന്ന് അദ്ദേഹം അന്ന് തമാശയായി പറഞ്ഞതോര്‍ക്കുന്നു.

അതൊരു വെറും തമാശയല്ല എന്നിപ്പോള്‍ തോന്നുന്നു. ലോകത്തെവിടെ പ്രകൃതിക്ക് ക്ഷതം സംഭവിക്കുമ്പോഴും വേദനിക്കുന്ന ഒരു യഥാര്‍ഥ പ്രകൃതിപുത്രന്‍ എം.പി. വീരേന്ദ്രകുമാറിലുണ്ട്. അമസോണും കുറേ വ്യാകുലതകളും എഴുതുന്നതും ഹൈമവതഭൂവിലേക്ക് തീര്‍ഥാടനം ചെയ്യുന്നതും കാലസാക്ഷിയായ ഡാന്യൂബ് നദിയെ അറിയുന്നതും ആ പ്രകൃത്യുപാസകനാണ്. ആധുനികകാലത്ത്, വരളുന്ന നദികളും തളരുന്ന താഴ്വരകളും ലോകത്തെല്ലായിടത്തും ഒരുപോലെയാണ് എന്നദ്ദേഹം ആഴത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രകൃതിയില്‍നിന്നകന്നുപോയ മനുഷ്യനെ പ്രകൃതിയോടടുപ്പിക്കുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തനവും അദ്ദേഹത്തിന്റെ എഴുത്തിലുണ്ട്. തെഹ്രി അണക്കെട്ടിനെതിരേ മാനവരാശിയുടെ മുഴുവന്‍ പ്രതിനിധിയായി 74 ദിവസം സത്യാഗ്രഹം നടത്തിയ, ലോക പരിസ്ഥിതിപ്രവര്‍ത്തകരുടെ മുഴുവന്‍ നേതാവായ സുന്ദര്‍ലാല്‍ ബഹുഗുണയുടെ വാക്കുകളുദ്ധരിച്ചുകൊണ്ട് എം.പി. വീരേന്ദ്രകുമാര്‍ ഒരിടത്ത് പറയുന്നുണ്ട്.
''ഭരണാധികാരികള്‍ക്ക് മാത്രമല്ല, എനിക്കും, നമുക്കൊക്കെയും തെഹ്​രി ദുരന്തത്തില്‍ പങ്കുണ്ട്. നാം ജീവിക്കാന്‍ താത്പര്യപ്പെടുമ്പോള്‍ എന്തിനാണ് ഒരു നദിയെ, പര്‍വതത്തെ, വനത്തെ, മഹാസമുദ്രത്തെ കൊല്ലുന്നത്?''
ഭൂമിയെ സ്‌നേഹിക്കയാല്‍ മനുഷ്യനെയും ഭൂമിയിലെ സമസ്ത ജീവജാലങ്ങളെയും സ്‌നേഹിച്ച ഒരു യഥാര്‍ഥ പ്രകൃതിപുത്രന്റെ ഏറ്റുപറച്ചിലാണിത്.

തെളിനീര്‍ജലമുള്ള ഒരു പ്രശാന്തമായ കാനനനദി അതിരിടുന്ന പഴയ തറവാട്ടുവീടിന്റെ പരിസരങ്ങളില്‍ എം.പി. വീരേന്ദ്രകുമാറിനോടൊത്ത് സഞ്ചരിക്കാന്‍ ഭാഗ്യമുണ്ടായ ആ നല്ല സായാഹ്നത്തിലാണ് ഞാന്‍ അദ്ദേഹത്തിന്റെ ഹിമാലയയാത്രകളുടെയും അമസോണ്‍യാത്രകളുടെയുമൊക്കെ പൊരുളറിഞ്ഞത്. ആദിവാസികള്‍ക്ക് കുടിവെള്ളം നിഷേധിക്കപ്പെട്ടപ്പോള്‍ പ്ലാച്ചിമടയില്‍ അദ്ദേഹം നേരിട്ട് പങ്കെടുത്ത ഉജ്ജ്വലമായ ഒരു ജലസമരത്തിന്റെ പ്രചോദനകേന്ദ്രവും എനിക്ക് തെളിവായി കിട്ടുന്നു (നാം വേണ്ടവിധത്തില്‍ വിലയിരുത്തിയിട്ടില്ലെങ്കിലും കോര്‍പ്പറേറ്റ് മൂലധനശക്തികളുടെ ജലവിഭവചൂഷണത്തിനെതിരെ ലോകത്ത് നടന്ന ഏറ്റവും വലിയ ഒരു സമരമായിരുന്നു പ്ലാച്ചിമടയിലേത്). ഗുഡുമനയും പഴയ മാതൃകയിലുള്ള തറവാട്ടുവീടുമുള്ള ആ കാനനപ്രശാന്തിയില്‍ നിന്ന് മടങ്ങുമ്പോള്‍ വനനദീതീരത്തുവെച്ച് പ്രായമേറെ തോന്നിച്ച ഒരാദിവാസിയെ കണ്ടുമുട്ടി. വളരെ സ്‌നേഹത്തോടെ അദ്ദേഹത്തെ ആശ്ലേഷിച്ച് വീരേന്ദ്രകുമാര്‍ കുശലമന്വേഷിക്കുന്നത് കണ്ട് ഞാനദ്ഭുതപ്പെട്ടു.

വീരേന്ദ്രകുമാര്‍ പറഞ്ഞു:
''ബാല്യകാലത്തെ കളിക്കൂട്ടുകാരനാണ്.'' പിന്നെ ഒട്ടൊരു ഗൃഹാതുരതയോടെ, നദീതീരത്ത് പടര്‍ന്നുനിന്ന വലിയൊരു കാട്ടുമരം ചൂണ്ടി അദ്ദേഹം പറഞ്ഞതും ഞാനോര്‍ക്കുന്നു.
''അന്ന് ഞങ്ങളുടെ പ്രധാന വിനോദം ആ മരത്തിന്റെ മുകളില്‍ കയറി പുഴയിലേക്ക് ചാടുന്നതായിരുന്നു.''
വയനാട്ടിലെ കാനനപ്രകൃതിയും ആദിവാസിജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ ബാല്യകൗമാരസ്മരണകള്‍ ആ യാത്രയിലദ്ദേഹം പങ്കുവെച്ചു. പില്ക്കാലത്ത് ഇങ്ങനെയെന്തെങ്കിലും എഴുതേണ്ടിവരും എന്നോര്‍ക്കായ്കയാല്‍ അതൊന്നും കുറിച്ചുവയ്ക്കാന്‍ തോന്നിയില്ല. എങ്കിലും അദ്ദേഹം പറഞ്ഞത് ചിലതൊക്കെ ഇപ്പോഴും മായാതെ എന്റെ ഓര്‍മയിലുണ്ട്. പുളിയാര്‍മലയില്‍ പിതാവ് പണികഴിപ്പിച്ച വീടിന്റെ ഉമ്മറത്തിരുന്നാല്‍, വീടിന് മുന്നിലെ കാട്ടുപ്രദേശത്തെ പാറക്കെട്ടില്‍ ഒരു പുലി ഒട്ടുമിക്കവാറും ദിവസങ്ങളില്‍ വന്ന് കിടക്കുന്നത് കാണാമായിരുന്നു. പുലി ഒരിക്കലും ആരെയും ഉപദ്രവിച്ചില്ല. പുലിയെ ആരും അങ്ങോട്ടും ഉപദ്രവിക്കാറില്ല. എന്ന് മാത്രമല്ല, ആ പുലി ഒരു കൂട്ടുകാരനെയോ സഹോദരനെയോ പോലെ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നും വീരേന്ദ്രകുമാര്‍ അന്ന് ഓര്‍ത്തു.

സൈക്കിളില്‍ സ്‌കൂളിലേക്ക് പോവുന്ന വഴിയില്‍ കരടിയും കാട്ടുപന്നിയുമൊക്കെയുണ്ടാവും. അവരും കുട്ടികളെ ഉപദ്രവിച്ചിരുന്നില്ല. അക്കാലത്ത് വയനാട്ടില്‍ വൈദ്യുതിയില്ല, റോഡുകളില്ല, വാഹനങ്ങളില്ല, ആശുപത്രികളില്ല, മറ്റ് സ്ഥലങ്ങളില്‍ ലഭ്യമായിരുന്ന സൗകര്യങ്ങളൊന്നുമില്ല.
ആദിവാസികളായിരുന്നു അന്ന് യഥാര്‍ഥ സഹായികളും ഉത്തമ ബന്ധുക്കളും. ''ഇന്നും അവര്‍തന്നെ'' എന്ന് വീരേന്ദ്രകുമാര്‍ സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ അനുസ്മരിച്ചു.

പില്ക്കാലത്ത് പ്ലാച്ചിമടയിലെ ആദിമനിവാസികളെയും മയിലമ്മയെയുമൊക്കെ സ്വന്തക്കാരായി സ്വീകരിക്കാനും അവരുടെ സഹനത്തിലും സമരത്തിലും കൂടെ നില്‍ക്കാനും വീരേന്ദ്രകുമാറിനെ പ്രേരിപ്പിച്ചതിന് പിന്നില്‍ ഈ ബാല്യകൗമാര ജീവിതപശ്ചാത്തലവും ബന്ധങ്ങളുമുണ്ട്. മിണ്ടാപ്രാണികളായ പരകോടി സസ്യമൃഗജീവജാലങ്ങള്‍ക്കൊപ്പവും മിണ്ടാന്‍ കഴിഞ്ഞിട്ടും സ്വന്തം കാര്യം പറയാനറിയാത്ത പതിതര്‍ക്കൊപ്പവും നിശ്ശബ്ദരാക്കപ്പെട്ട ഈ മണ്ണിലെ ആദിമനിവാസികള്‍ക്കൊപ്പവുമായിരുന്നു എന്നും വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയം. പൊതു രാഷ്ട്രീയജീവിതത്തില്‍ മാത്രമല്ല, എഴുത്തുജീവിതത്തിലും എന്നും അദ്ദേഹം അത് നിലനിര്‍ത്തി. ഒരൊറ്റ ദിവസംമാത്രം വനംവകുപ്പുമന്ത്രിയായപ്പോള്‍ കാട്ടിലെ ഒരു മരവും മുറിക്കരുത് എന്ന് ഉത്തരവ് പുറപ്പെടുവിച്ചത് കാടിനെയും മരത്തെയും അറിഞ്ഞ പ്രകൃതിബുദ്ധന്റെ പ്രബുദ്ധ രാഷ്ട്രീയബോധമാണ്. അവിടെ വീരേന്ദ്രകുമാറില്‍ നാം കാണുന്നത്, അമേരിക്കന്‍ പ്രസിഡന്റിന് കത്തയച്ച പഴയ സിയാറ്റില്‍ മൂപ്പനെയാണ്.

ഹൈമവതഭൂവില്‍ എന്ന പുസ്തകത്തില്‍ തെഹ്രി അണക്കെട്ട് സൃഷ്ടിക്കാന്‍പോവുന്ന, പല അണക്കെട്ടുകളും സൃഷ്ടിച്ചുകഴിഞ്ഞ വന്‍ മാനവദുരന്തങ്ങളെക്കുറിച്ചുള്ള ചില അധ്യായങ്ങളുണ്ട്. അതിലൊരിടത്ത് തെഹ്രി അണക്കെട്ട് നിര്‍മിച്ചുകൊണ്ടിരുന്ന സ്ഥലത്ത് രണ്ടോ മൂന്നോ തവണ പോയ അനുഭവങ്ങള്‍ വീരേന്ദ്രകുമാര്‍ ഹൃദയസ്പര്‍ശിയായി എഴുതുന്നുണ്ട്. ഗംഗയെ, ആ നദിയുടെ പ്രഭവസ്ഥാനത്തുതന്നെ തടഞ്ഞുനിര്‍ത്താന്‍ പടുകൂറ്റന്‍ അണക്കെട്ട് നിര്‍മിക്കുന്ന വികസന (!) മഹായജ്ഞത്തിനിടയില്‍ വെള്ളത്തിനടിയിലായിപ്പോയ അനേകം അനാഥഗ്രാമങ്ങളുടെയും കുടിയിറക്കപ്പെടുന്ന ആദിമനിവാസികളുടെയും ചിത്രങ്ങള്‍ കരളലിയിക്കുന്നവയാണ്.

ഒരിടത്ത് വീരേന്ദ്രകുമാര്‍ എഴുതുന്നു:
''മുന്‍പ് വന്നപ്പോള്‍, ഉയര്‍ന്നുകൊണ്ടിരുന്ന അണക്കെട്ടിന്റെ സമീപപ്രദേശങ്ങളില്‍ നിലമുഴുതുകൊണ്ടിരുന്ന കര്‍ഷകരെ കണ്ടിരുന്നു. അവരുടെ സ്ത്രീകള്‍ ബസ്മതിയുടെ വിത്തെറിഞ്ഞുകൊണ്ടിരുന്നു. ഭാഗീരഥീതടങ്ങളില്‍ അവരുടെ അവസാനത്തെ വിത്തിടല്‍. ഇവിടെയിനി കാട്ടുപൂക്കള്‍ വിരിയില്ല. കാട്ടുകായകള്‍ കൊറിക്കാനും നെല്‍ക്കതിരുകള്‍ കൊത്തിത്തിന്നാനും പറന്നെത്തുന്ന കിളികളുടെ പാട്ടുകള്‍ ഇവിടെയിനി കേള്‍ക്കില്ല; ഭാഗീരഥിയും ഗംഗയുടെ മറ്റ് ഉപനദികളും നീരുറവകളായി വറ്റിവരണ്ട്. ഒരു കണ്ണീര്‍ച്ചാലുപോലുമവശേഷിക്കാത്ത ദിനം ആസന്നമാണ്. ഗംഗ മൃതയായി, കനത്ത കോണ്‍ക്രീറ്റ് ഭിത്തികള്‍ക്കുള്ളില്‍ അമര്‍ന്നുകിടക്കുന്ന കാലം...''

ഈവിധം ലോകത്തെമ്പാടും മനുഷ്യജീവിതത്തില്‍നിന്ന് കുടിയിറക്കപ്പെടുന്ന കിളികളും പുഴകളും വൃക്ഷങ്ങളും മണ്ണും മനുഷ്യരും വീരേന്ദ്രകുമാറിനെ എന്നും വേദനിപ്പിച്ചുകൊണ്ടിരുന്നിട്ടുണ്ട്. നവമുതലാളിത്തത്തിന്റെയും വികസിതസാമ്രാജ്യത്വത്തിന്റെയും കോര്‍പ്പറേറ്റ് ശൃംഖലകളാല്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുന്ന മനുഷ്യരെയും രാഷ്ട്രങ്ങളെയും കുറിച്ചുള്ള രാഷ്ട്രീയമായ ഉത്കണ്ഠകളാണ് അദ്ദേഹത്തിന്റെ ഒട്ടെല്ലാ പുസ്തകങ്ങളും. ഓരോ പുസ്തകത്തിന്റെയും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രസക്തിയെക്കുറിച്ച് വിശകലനംചെയ്യാന്‍ ഈ ചെറിയ കുറിപ്പില്‍ പരിശ്രമിക്കുന്നില്ല. പക്ഷേ, എന്റെ വ്യക്തിപരമായ പക്ഷപാതം ഞാന്‍ മറച്ചുവയ്ക്കുന്നില്ല. വീരേന്ദ്രകുമാറിന്റെ ഒട്ടെല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും ഹൈമവതഭൂവിലിനോട് തോന്നുന്ന ഇഷ്ടം ഒരിക്കലും അവസാനിക്കുകയില്ല. പലതവണ ഞാനാ പുസ്തകം വായിച്ചിട്ടുണ്ട്. ഒരുപക്ഷേ, നമ്മുടെ സര്‍ഗാത്മകസാഹിത്യസൃഷ്ടികളെ അതിജയിച്ച് കാലങ്ങള്‍ക്കപ്പുറത്തേക്ക് നിലനില്‍ക്കാനിടയുള്ള അദ്ഭുതകരമായ പഠനയാത്രാ കൃതിയാണത്. സംസ്‌കാരപഠനവും യാത്രയും മിത്തും ചരിത്രവും നാടോടിവാങ്മയങ്ങളും പരിസ്ഥിതിദര്‍ശനങ്ങളും തത്ത്വചിന്തകളും ആത്മീയസൗന്ദര്യവും ശാസ്ത്രബോധവും യുക്തിചിന്തയും ഭവിഷ്യല്‍ജ്ഞാനവുമൊക്കെ സര്‍ഗാത്മകമായ അനുപാതങ്ങളിലുള്‍ച്ചേര്‍ത്തുവെച്ച് പത്രപ്രവര്‍ത്തകന്റെ കണ്ണും കവിയുടെ മനസ്സുമായി ഇന്ത്യന്‍ മനസ്സിലൂടെ വീരേന്ദ്രകുമാര്‍ നടത്തിയ ഈ യാത്ര മുന്‍മാതൃകകളും സമാനതകളുമില്ലാത്തതാണ്. സമകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ 'മഹത്തായ ഇന്ത്യന്‍ പുസ്തകം' എന്ന് എല്ലാ അര്‍ഥത്തിലും വിശേഷിപ്പിക്കാവുന്ന കൃതി; ഇന്ത്യയുടെ മതാതീതമായ ആത്മീയതയിലേക്കുള്ള തീര്‍ഥാടനംകൂടിയാണ് ഈ വിശിഷ്ട കൃതി.

ക്രിസ്തുവിനുമുന്‍പ് രജപുത്രരും ഗുപ്തന്മാരും ശക-കുശ-സുംഗ-മൗര്യ രാജവംശങ്ങളും ഭരിച്ച പുരാതന ഡല്‍ഹിയുടെ ചരിത്രം ഇതിലുണ്ട്. ആധുനിക ചരിത്രം ആരംഭിക്കുന്നത് കുത്തുബുദ്ദീന്‍ ഐബക് സ്ഥാപിച്ച ഡല്‍ഹി സുല്‍ത്താനേറ്റില്‍നിന്നാണെന്നും ഒരു നല്ല ചരിത്രകാരന്റെ സമ്യക് വീക്ഷണത്തോടെ വീരേന്ദ്രകുമാര്‍ നിരീക്ഷിക്കുന്നു. ഈ പുസ്തകത്തില്‍ സുല്‍ത്താന റസിയയും ബാബറും ഷാജഹാനും ഔറംഗസീബും ജഹനാരയും സെബുന്നീസയും ദാരാ ശുക്കോവും അലാവുദ്ദീന്‍ ഖില്‍ജിയും മുഹമ്മദ് ബിന്‍ തുഗ്ലക്കും ഷേര്‍ഷായും ഹുമയൂണും അക്ബറും ജഹാംഗീറുമെന്നല്ല ചിസ്തി പരമ്പരയില്‍പ്പെട്ട നിസാമുദ്ദീന്‍ ഔലിയയടക്കമുള്ള അനവധി സൂഫിപരമ്പരകളുംകൂടി സൃഷ്ടിച്ചെടുത്ത ഇന്ത്യയുണ്ട്. അമ്പത്തിരണ്ട് ഇന്ത്യന്‍ ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ഭാഷയിലേക്ക് തര്‍ജമചെയ്ത ദാരാ ശുക്കോവ് (ഷാജഹാന്റെ പുത്രന്‍) കണ്ട അനാദിയായ ബ്രഹ്മജ്ഞാനത്തിന്റെ ഇന്ത്യയുമുണ്ട്. വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും പുരാണങ്ങളും ഭഗവദ്ഗീതയും സൃഷ്ടിച്ച ഇന്ത്യയുണ്ട്. വാല്മീകിയും വ്യാസനും ഭാസനും കാളിദാസനും ഭര്‍ത്തൃഹരിയും ആദിശങ്കരനും സൃഷ്ടിച്ച ഇന്ത്യയുണ്ട്. കപിലനും കണാദനും പൂര്‍വമീമാംസകരും ബുദ്ധനും ജൈനനും ശ്രീരാമകൃഷ്ണനും വിവേകാനന്ദനും മഹാത്മജിയും തീര്‍ത്ത പ്രബുദ്ധ ഇന്ത്യയുണ്ട്. പൂര്‍ണപ്രേമാവതാരമായ ശ്രീകൃഷ്ണലീലകളില്‍ സ്വയം മറന്നാടിയ കൃഷ്ണയുഗത്തിലെ ഇന്ത്യയുണ്ട്. ഗോമുഖും രുദ്രപ്രയാഗയും കര്‍ണപ്രയാഗയും ഹരിദ്വാറും ബദരീനാഥും പഞ്ചകേദാരങ്ങളും അതിരിടാത്ത ഹിമാലയപൂര്‍ണമായ മനുഷ്യാത്മീയതയുടെ ഇന്ത്യന്‍ തീര്‍ഥാടനപാതയുണ്ട്.

നാനാത്വത്തില്‍ ഏകത്വം പുലര്‍ന്ന സഹസ്രാബ്ദങ്ങളുടെ സംസ്‌കാരപാതയിലൂടെ സഞ്ചരിക്കുന്ന ഈ മതേതരമനസ്സാണ് ഹൈമവതഭൂവില്‍ എന്ന ഗ്രന്ഥത്തിന്റെ യഥാര്‍ഥ ആത്മീയ ചൈതന്യം. അതാകട്ടെ. ഇന്ത്യയുടെ അടിസ്ഥാന പ്രകൃതിഭാവവുമാണ്. ഈ ഭാരതീയ പ്രകൃതിദര്‍ശനത്തെ അഗാധമായി അറിഞ്ഞതിലൂടെ വയനാടിന്റെ പ്രകൃതിപുത്രന്‍ ഭാരതത്തിന്റെ പ്രകൃതിപുത്രനും വിശ്വമാനവനുമായിത്തീര്‍ന്നു.

വീരേന്ദ്രകുമാര്‍ എന്ന വിശ്വപൗരനെ പൂര്‍ണമായും നമുക്ക് ഡാന്യൂബ് സാക്ഷിയില്‍ കാണാം. ലോകസംസ്‌കാരം പിച്ചവെച്ച നദീതടസംസ്‌കാരങ്ങളിലേക്കെല്ലാം ഉറവുകളുള്ളതാണ് ഡാന്യൂബ് മെനഞ്ഞിട്ട വിശ്വനാഗരികതയുടെ നദീതടം. ഉത്തമ മനുഷ്യസംസ്‌കാരവികാസത്തിന് മാത്രമല്ല, നാസിസത്തിനും ഫാസിസത്തിനും മഹായുദ്ധങ്ങള്‍ക്കുമെല്ലാം ആ മണ്ണില്‍ വളക്കൂറുണ്ടായി. വിശ്വസംസ്‌കാരത്തിന്റെ സ്‌നേഹഭൂമികകള്‍തന്നെ ദ്വേഷത്തിന്റെയും സ്പര്‍ധയുടെയും യുദ്ധഭൂമികളും ചുടലക്കളങ്ങളുമായി മാറുന്നതെങ്ങനെയെന്ന അന്വേഷണത്തില്‍ മനുഷ്യന് നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രശാന്തിയുടെ പ്രകൃതിഭാവങ്ങള്‍ വീരേന്ദ്രകുമാര്‍ തിരിച്ചറിയുന്നുണ്ട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സമന്വയത്തിന്റെ വസന്തഭംഗികളാണ് കവിമനസ്സുള്ള ഈ അന്വേഷകന്‍ എപ്പോഴും തേടുന്നത്. ഗാട്ടും കാണാച്ചരടുകളും, രോഷത്തിന്റെ വിത്തുകള്‍, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍ തുടങ്ങി സാമ്പത്തിക രാഷ്ട്രീയാധിനിവേശ പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനംചെയ്യുന്ന കൃതികളില്‍പോലും പ്രകൃതിയില്‍നിന്ന് വേറിട്ടുപോയ മനുഷ്യന്റെ ആത്മീയനഷ്ടം വീരേന്ദ്രകുമാര്‍ പറയാതെ പറയുന്നുണ്ട്.

ഒരര്‍ഥത്തില്‍ വീരേന്ദ്രകുമാറിന്റെ എഴുത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍നിന്ന് വിഭിന്നമല്ല. മറ്റുള്ളവരില്‍ അധികാരം ചെലുത്താതെതന്നെ മനുഷ്യര്‍ക്ക് സ്വതന്ത്രരായി സഹവര്‍ത്തിക്കാന്‍കഴിയുന്ന സാമൂഹികവ്യവസ്ഥ സ്വപ്‌നംകാണുന്ന ഒരു രാഷ്ട്രീയബുദ്ധന്‍ എം.പി. വീരേന്ദ്രകുമാറിലുണ്ട്. ലോകത്തിലെ എല്ലാ വന്‍കരകളിലും ഒട്ടുമിക്ക രാഷ്ട്രങ്ങളിലും അദ്ദേഹം സഞ്ചരിച്ചെത്തിയിട്ടുണ്ട്. ഓരോ യാത്രയും പ്രബുദ്ധതയിലേക്കുള്ള സത്യാന്വേഷണമാര്‍ഗമാക്കാന്‍ ഈ സ്‌നേഹസഞ്ചാരി നിതാന്തജാഗ്രതയോടെ ശ്രദ്ധിച്ചുപോരുന്നു. 'ശ്രദ്ധ'യാണ് പ്രബുദ്ധതയിലെത്താനുള്ള ശരിയായ മാര്‍ഗം. വേദങ്ങള്‍ മോക്ഷമാര്‍ഗത്തിനുള്ള ഉപായമായി പറയുന്നത് ഈശ്വരനെയല്ല; ശ്രദ്ധയെയാണ്. ശ്രദ്ധാലുവായ ഒരു ജിജ്ഞാസുവിന് പ്രബുദ്ധതതന്നെ സ്വാതന്ത്ര്യം. ബോധോദയംതന്നെ വിപ്ലവം.

ആ അര്‍ഥത്തില്‍ സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരിയാണ് എം.പി. വീരേന്ദ്രകുമാര്‍. അദ്ദേഹത്തോടൊപ്പം യാത്രചെയ്യുന്നവര്‍ക്കെല്ലാം സമഭാവനയോടെ ആ പ്രബുദ്ധത അദ്ദേഹം പങ്കുവയ്ക്കുന്നു. ഹൈമവതഭൂവിലും ഡാന്യൂബ് സാക്ഷിയുമൊക്കെ വായിച്ചിട്ടുള്ളവര്‍ക്കറിയാം അദ്ദേഹം എപ്പോഴും ഒറ്റയ്ക്കല്ല. പ്രബുദ്ധമായ ഒരു സംഘത്തോടൊപ്പമാണ് യാത്രചെയ്യുന്നത്. അവരെയെല്ലാം എപ്പോഴും സമഭാവനയോടെ കാണാനും തന്റെതന്നെ ഭാഗമാക്കാനും അദ്ദേഹത്തിന് കഴിയുന്നു. അക്കിത്തം കവിതയിലെഴുതിയതുപോലെ, ''സര്‍വാത്മസംവേദനം സാധിക്കുന്ന ഭൂതകാരുണിയിലൂടെ മാത്രമേ ഈ സര്‍വഭൂതഹൃദയത്വത്തിലെത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ.'' താനും താനൊഴിച്ചുള്ളതെല്ലാതും ചേര്‍ന്ന മഹത്തായ 'ഏകക'ത്തിലേക്ക് സ്വന്തം സത്തയെ ഉയര്‍ത്തുവാന്‍ സാധിച്ച നമ്മുടെ കാലഘട്ടത്തിലെ അപൂര്‍വം ധൈഷണിക പ്രതിഭകളിലൊരാളാണ് എം.പി. വീരേന്ദ്രകുമാര്‍. അദ്ദേഹത്തോടൊപ്പം യാത്രചെയ്തിട്ടുള്ളപ്പോഴൊക്കെ അറിഞ്ഞിട്ടുണ്ട് തന്നിലെ 'അഹ'ത്തെ പ്രപഞ്ചത്തോളം വിടര്‍ത്തിക്കൊണ്ട് അഖിലം ഞാനിതെന്ന വഴിയറിഞ്ഞ ആ വിശ്വസ്‌നേഹബോധന്റെ വിസ്താരം. ആത്മബോധത്തെ പ്രപഞ്ചബോധമാക്കിയ തീര്‍ഥങ്കരന്മാരാണ് അദ്ദേഹത്തെ വഴിനയിച്ചിട്ടുള്ളത്. അതറിഞ്ഞിട്ടുള്ളവര്‍ക്കാര്‍ക്കും, ഒരിക്കല്‍പ്പോലും എം.പി. വീരേന്ദ്രകുമാറിനെ സ്വന്തം ജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്താനാവില്ല. രക്തബന്ധത്തെക്കാള്‍ വലുതായ ഒരു വിശിഷ്ട സ്‌നേഹസൗഹൃദം തന്നോട് ബന്ധപ്പെട്ട ഓരോരുത്തര്‍ക്കും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
ആ സൗഹൃദം എത്രയോ അനുഭവിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വീട്ടിലും പുളിയാര്‍മലയിലെ വീട്ടിലും എത്രയോ തവണ ഞാന്‍ പോയിട്ടുണ്ട്. കല്പറ്റയില്‍ അദ്ദേഹം പഠിച്ച വിദ്യാലയത്തില്‍ പല തവണ പോയിട്ടുണ്ട്. പലപ്പോഴും അദ്ദേഹത്തിന് വലിയ പുരസ്‌കാരങ്ങള്‍ ലഭിക്കുമ്പോള്‍ നല്‍കുന്ന, നാടിന്റെ മുഴുവന്‍ പങ്കാളിത്തമുള്ള വലിയ സ്വീകരണങ്ങളില്‍ പങ്കെടുക്കാനായിരുന്നു. ആ സ്വീകരണങ്ങളിലെല്ലാം തന്നെക്കാളെത്രയോ ഉയര്‍ന്ന സ്ഥാനങ്ങളില്‍ അദ്ദേഹം തന്റെ ജീവിച്ചിരിക്കുന്ന ഗുരുനാഥന്മാരെ ഇരുത്തി പൂജിക്കുന്നത് കാണാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.

എം.പി. വീരേന്ദ്രകുമാര്‍ തന്റെ വീടിനെക്കാള്‍ സ്വന്തമായി സ്‌നേഹിച്ച് പരിപാലിച്ചുപോരുന്ന മാതൃഭൂമി എന്ന അക്ഷരത്തറവാട്ടില്‍ എന്ത് വിശേഷമുണ്ടായാലും സ്‌നേഹപൂര്‍വം എന്നെ വിളിക്കാറുണ്ട്. എത്രയോ പരിപാടികളില്‍ ഞങ്ങളൊത്ത് പങ്കെടുത്തിട്ടുണ്ട്. അഴീക്കോടുമാഷുണ്ടായിരുന്നകാലത്ത്, അദ്ദേഹത്തോടും വീരേന്ദ്രകുമാറിനോടുമൊപ്പം നടത്തിയ ചില യാത്രകളും ഒരുമിച്ച് കഴിച്ചുകൂട്ടിയ ചില പ്രബുദ്ധനിമിഷങ്ങളും മരിച്ചാലും മറക്കാത്തതാണ്.

അദ്ദേഹം പല തവണ എന്റെ വീട്ടിലും വന്നിട്ടുണ്ട്. എനിക്ക് മാതൃതുല്യയായ ഉഷാ വീരേന്ദ്രകുമാറും ആ യാത്രകളിലൊപ്പമുണ്ടായിരുന്നു. വൈദ്യമഠത്തില്‍ ചികിത്സയ്ക്ക് വന്നിരുന്ന കാലങ്ങളില്‍ ജയരാജ് വാര്യരും സുധാകരേട്ടനും സുധീറും വി.കെ. ശ്രീരാമനും എന്നല്ല, വൈദ്യമഠം ചെറിയനാരായണന്‍ നമ്പൂതിരിയടക്കമുള്ള വിശിഷ്ട സുഹൃത്തുക്കളോടൊത്ത് കഴിച്ചുകൂട്ടിയ 'ശുദ്ധ വെടിവട്ട'ത്തിന്റെ നിഷ്‌കളങ്ക നിമിഷങ്ങളും സമ്മാനിച്ചത് പ്രബുദ്ധ സ്‌നേഹമായിരുന്നു.

ആ സ്‌നേഹസാഹോദര്യങ്ങള്‍ തന്ന അനുഗ്രഹങ്ങള്‍ എത്രമാത്രം ഹൃദയാര്‍ദ്രമായിരുന്നു എന്ന് എഴുതിവിസ്തരിക്കാനാവില്ല. അവയൊക്കെയും ഞങ്ങളുടെ നന്മനിറഞ്ഞ സൗഹൃദത്തിന് തുടര്‍ന്ന് മുന്നോട്ടുപോവാനുള്ള ഇന്ധനമായി എന്നും ഞങ്ങളോടൊപ്പമുണ്ടാവട്ടെ.
എങ്കിലും ഒരു നിമിഷം കുറിച്ചുവയ്ക്കാതെവയ്യ.

ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവത്തില്‍ രണ്ടാംസ്ഥാനമുള്ള ഷാര്‍ജ ഫെസ്റ്റിവലില്‍ എം.പി. വീരേന്ദ്രകുമാറിനോടൊപ്പം പങ്കുചേരുവാന്‍ എനിക്കൊരവസരമുണ്ടായി. കേന്ദ്ര സാഹിത്യ അക്കാദമി ഇന്ത്യയില്‍നിന്നയച്ച നാലംഗസംഘത്തില്‍ അംഗമായാണ് ഞാന്‍ ഷാര്‍ജയിലെത്തിയത്. വീരേന്ദ്രകുമാറിനെ ഷാര്‍ജ പുസ്തകോത്സവ കമ്മിറ്റി നേരിട്ട് ക്ഷണിച്ചതായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി നേരിട്ട് വന്ന് ഷാര്‍ജയില്‍ ഞങ്ങള്‍ നാലംഗസംഘത്തിന് ആതിഥ്യമൊരുക്കിയിരുന്നു. ഒരുമിച്ചുള്ള ചില യാത്രാപരിപാടികളും തയ്യാറാക്കിയിരുന്നു. എന്നാല്‍ മറ്റ് മൂന്നുപേരും ഉത്തരേന്ത്യക്കാരായതിനാല്‍ ആ കൂട്ടു വിട്ട് പലപ്പോഴും ഞാന്‍ എം.പി. വീരേന്ദ്രകുമാറിനോടൊപ്പമാണ് ഷാര്‍ജയിലും ദുബായിലുമൊക്കെ യാത്രചെയ്തത്. മാതൃഭൂമി യു.എ.ഇ. യൂണിറ്റിലെ ശ്രീകുമാറും ശശീന്ദ്രനും വീരേന്ദ്രകുമാറിന്റെ സെക്രട്ടറി നന്ദനുമൊക്കെ കൂടെയുണ്ടായിരുന്നു.

ദുബായിലെ വ്യവസായപ്രമുഖന്‍ ജോര്‍ജേട്ടന്റെ ക്ഷണം സ്വീകരിച്ച് ബുര്‍ജ് ഖലീഫാ ടവറിന്റെ ഏറ്റവും മുകള്‍ത്തട്ടില്‍ കയറിയതും വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടതനുസരിച്ച് അവിടെവെച്ച് ഞാന്‍ കവിത ചൊല്ലിയതും ''ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്ഥലത്ത് സ്വന്തം കവിത ചൊല്ലിയ കവി'' എന്ന് വിശേഷിപ്പിച്ച് അദ്ദേഹം ആദരിച്ചതുമൊക്കെ ആ യാത്രയിലെ വിശിഷ്ട നിമിഷങ്ങളാണ്. പലയിടത്തും ആ യാത്രയില്‍ ഞങ്ങളൊരുമിച്ച് സഞ്ചരിച്ചു. യാത്രയ്ക്കിടയില്‍ ഞങ്ങള്‍ വീരേന്ദ്രകുമാറിന്റെ വാച്ച് മാറ്റിവാങ്ങാനായി ഒരു വലിയ ഷോപ്പിങ് മാളില്‍ കയറി. കൂട്ടത്തില്‍ അദ്ദേഹം എന്നോട് ചോദിച്ചു: ''ആലങ്കോട് വാച്ച് കെട്ടാറില്ലേ?''
''പണ്ട് കെട്ടിയിരുന്നു. ഇപ്പോള്‍പിന്നെ സമയമറിയാന്‍ മൊബൈല്‍ ഫോണുണ്ടല്ലോ. അതുകൊണ്ട് വാച്ച് ഉപയോഗിക്കാറില്ല'' എന്ന് ഞാന്‍ മറുപടിയും പറഞ്ഞു. അതിനിടയില്‍ വിലപിടിപ്പുള്ള ഒരു ലോഞ്ചിന്‍സ് വാച്ചും മോണ്ട്ബ്ലാങ്ക് പേനയും അദ്ദേഹം തിരഞ്ഞെടുത്തു.
''ഇതെങ്ങനെയുണ്ട്'' എന്നെന്നോട് ചോദിച്ചു.
''എനിക്കിതൊന്നും വിലയിരുത്താനറിയില്ല. അന്തസ്സും സൗന്ദര്യവുമുണ്ട്. വാച്ചിന് ഇത്രയും കട്ടികുറഞ്ഞ ഒരു ഡയല്‍ ഞാനാദ്യമായിട്ട് കാണുകയാണ്. സാറിന് നന്നായി ചേരും.'' ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
പെട്ടെന്ന് എന്റെ കൈ പിടിച്ച് ആ വാച്ച് അദ്ദേഹം എന്റെ കൈത്തണ്ടയില്‍ കെട്ടി. പേന ഷര്‍ട്ടിന്റെ പോക്കറ്റിലും വെച്ചുതന്നു.
''ഇത് ആലങ്കോടിനുവേണ്ടി വാങ്ങിയതാണ്. എന്റെ ഒരു സമ്മാനം. ആലങ്കോടിന് ഇതുവരെ ഞാനൊന്നും തന്നിട്ടില്ലല്ലോ.''
ഒരുനിമിഷം ഞാന്‍ ഒന്നന്തിച്ചുപോയി. അറിയാതെ കണ്ണുനിറഞ്ഞു.
കൊടും ദാരിദ്ര്യമുള്ള ബാല്യകാലങ്ങളില്‍, ഓണത്തലേന്ന് രാത്രി, കഷ്ടപ്പെട്ട് വാങ്ങിയ ഓണക്കോടി അച്ഛന്‍ കൈകളില്‍ വെച്ചുതന്നത് ഓര്‍മവന്നു. അന്ന് അച്ഛന്റെ പ്രയാസങ്ങളറിയാമായിരുന്നു. ഓണക്കോടി ആഗ്രഹിച്ചിരുന്നില്ല. ഉള്ള മുണ്ട് മുറുക്കിയുടുത്ത് ജീവിക്കാന്‍ അമ്മ പഠിപ്പിച്ചിട്ടുണ്ടായിരുന്നു.

ജീവിതത്തില്‍ ഒന്നും ആരോടും എനിക്കുവേണ്ടി ഒരിക്കലും ചോദിച്ചിട്ടില്ല. അറിഞ്ഞ് അധികമാരും ഒന്നും തന്നിട്ടുമില്ല. അതുകൊണ്ടുതന്നെ അവിചാരിതമായി കിട്ടിയ ആ വലിയ വാത്സല്യസമ്മാനം വല്ലാതെ മനസ്സിനെ പിടിച്ചുലച്ചു. വാച്ച് കെട്ടുന്ന ശീലമില്ലാഞ്ഞിട്ടും വീരേന്ദ്രകുമാറിന്റെ അവസാനിക്കാത്ത സ്‌നേഹത്തിന്റെ അടയാളമായി ഞാനാ വാച്ച് ഇപ്പോഴും കെട്ടിക്കൊണ്ടുനടക്കുന്നു. ജീവിതത്തില്‍ എനിക്കില്ലാതെപോയ ഒരു ജ്യേഷ്ഠനെ ആ വാച്ച് എപ്പോഴും ഓര്‍മപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു.

Content Highlights: Alankode Leelakrishnan remembering MP veerendra kumar