തിരുവനന്തപുരം: 54ാം ജ്ഞാനപീഠ പുരസ്കാര ജേതാവും പ്രമുഖ എഴുത്തുകാരനുമായ അമിതാവ് ഘോഷിന്റെ ഏറ്റവും പുതിയ നോവലായ ഗണ്‍ ഐലന്റ് (Gun Island)ന്റെ മലയാളം പരിഭാഷയായ തോക്ക് ദ്വീപ് ഇന്ന് ഓണ്‍ലൈനായി പ്രകാശനം ചെയ്തു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം 2021 ന്റെ അനുബന്ധ പരിപാടിയായി സംഘടിപ്പിച്ച ചടങ്ങില്‍ എഴുത്തുകാരനും അക്ഷരോത്സവം രക്ഷാധികാരിയുമായ ശശി തരൂര്‍ എം.പിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
വൈകിട്ട് 7.30ന് മാതൃഭൂമി ഫെയ്സ്ബുക്ക്, യൂട്യൂബ് പേജുകളിലൂടെ ലൈവായാണ് പ്രകാശനം നടന്നത്. ശശി തരൂര്‍, അമിതാവ് ഘോഷ്, മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഡയറക്ടര്‍ സബിന്‍ ഇക്ബാല്‍, വിവര്ത്തകന് കെ.ടി രാധാകൃഷ്ണന് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.

വര്‍ദ്ധിച്ചു വരുന്ന കുടിയൊഴിപ്പിക്കലുകളുടെയും അനിവാര്യമായ പരിവര്‍ത്തനങ്ങളുടെയും കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിതഫലങ്ങളുടെയും കഥ പറയുന്ന നോവലാണ് അമിതാവ് ഘോഷിന്റെ തോക്ക് ദ്വീപ്. ബംഗാളിയിലെ ഒരു ഡാവിഞ്ചി കോഡ് എന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ദ സണ്‍ഡേ ടൈംസ് നോവലിനെ വിലയിരുത്തിയത്.
Content Highlights: Amitav Ghosh Gun Island Malayalam book release