tjs georgeഎഴുത്ത് കൊണ്ടും ആര്‍ജ്ജവമുള്ള നിലപാട് കൊണ്ടും ഏറെ ഉന്നതിയില്‍ നില്‍ക്കുന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ്  ടി.ജെ.എസ്. ജോര്‍ജ് എന്നറിയപ്പെടുന്ന തയ്യില്‍ ജേക്കബ് സണ്ണി ജോര്‍ജ്. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം നീണ്ട പത്രപ്രവര്‍ത്തനജീവിതത്തില്‍ ഐതിഹാസികരായ മനുഷ്യരെ അദ്ദേഹം പരിചയിച്ചു. അപൂര്‍വ്വമായ ചരിത്രസന്ദര്‍ഭങ്ങള്‍ക്ക് അദ്ദേഹം സാക്ഷിയായി. 

മജിസ്‌ട്രേറ്റ് ആയിരുന്ന ടി.ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് 7 ന് ജനനം. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഓണേഴ്‌സ് ബിരുദം.  1950-ല്‍ ബോംബെയിലെ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ പത്രപ്രവര്‍ത്തനജീവിതം ആരംഭിച്ചു. ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച്ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എകണോമിക് റിവ്യൂ എന്നിവയില്‍ മാധ്യമപ്രവര്‍ത്തകനായി. ഹോംങ്കോങ്ങില്‍ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്. 

കൃഷ്ണമേനോന്‍, ലീ ക്വാന്‍ യെവ്, ദി ലൈഫ് ആന്‍ഡ് ടൈംസ് ഓഫ് നര്‍ഗീസ്, ദി എന്‍ക്വയര്‍ ഡിക്ഷ്ണറി: ഐഡിയാസ്,ഇഷ്ഷ്യൂസ്,ഇനൊവേഷന്‍സ്, ദി ലെസ്സന്‍സ് ഇന്‍ ജേര്‍നലിസം-ദി സ്റ്റോറി ഓഫ് പോത്തന്‍ ജോസഫ്, റിവോള്‍ട്ട് ഇന്‍ മിന്‍ഡാനോ: ദി റൈസ് ഓഫ് ഇസ്ലാം ഇന്‍ ഫിലിപ്പൈന്‍സ് പൊളിറ്റിക്‌സ്, എം.എസ്.-എ ലൈഫ് ഇന്‍ മ്യൂസിക്, ഘോഷയാത്ര, ഒറ്റയാന്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാനകൃതികളാണ്. 

ബഷീര്‍ പുരസ്‌കാരം, രാജ്യോത്സവ പുരസ്‌കാരം, സി.എച്ച്. മുഹമ്മദ് കോയ പത്രപ്രവര്‍ത്തക പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പത്രിക അക്കാദമി പുരസ്‌കാരം, പത്മഭൂഷണ്‍ പുരസ്‌കാരം, 'ഗള്‍ഫ് മാധ്യമം' ഏര്‍പ്പെടുത്തിയ കമലാ സുറയ്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 

കവിയും നോവലിസ്റ്റുമായ ജീത് തയ്യില്‍ മകനാണ്.