Sarah Josephമലയാള സാഹിത്യത്തിലെ പ്രമുഖയായ എഴുത്തുകാരിയാണ് സാറാ ജോസഫ്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവര്‍ത്തകയുമായ സാറാ ജോസഫിന്റെ രചനകളില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിന് കാരണക്കാരായ അധീശശക്തികളോടുള്ള ചെറുത്തുനില്‍പ്പും ആഴത്തില്‍ അനുഭവിക്കാന്‍ കഴിയും. 

1946 ഫെബ്രുവരി 10-ന് തൃശൂര്‍ ജില്ലയിലെ കുരിയച്ചിറയില്‍ ലൂയിസിന്റെയും കൊച്ചുമറിയത്തിന്റെയും മകളായി ജനനം. സ്‌കൂള്‍ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാറാ ജോസഫ് മലയാളത്തില്‍ ബി.എയും എം.എയും പൂര്‍ത്തിയാക്കിയ ശേഷം കലാലയ അധ്യാപികയായി. പട്ടാമ്പി സംസ്‌കൃത കോളജില്‍ മലയാളം പ്രൊഫസറായിരുന്നു. കേരള സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച സാറാ ജോസഫ്, സ്ത്രീകള്‍ക്കായുള്ള 'മാനുഷി' എന്ന സംഘടനയുടെ സ്ഥാപകയാണ്. ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവില്‍ താമസിക്കുന്നു.

2014-ല്‍ ആം ആദ്മി പാര്‍ട്ടി അംഗമായി. 2014-ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു. ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനറും ദേശീയ കൗണ്‍സില്‍ അംഗവുമാണ്.

മനസ്സിലെ തീ മാത്രം, കാടിന്റെ സംഗീതം, നന്മതിന്മകളുടെ വൃക്ഷം, പാപത്തറ, ഒടുവിലത്തെ സൂര്യകാന്തി, നിലാവ് അറിയുന്നു,കാടിതു കണ്ടായോ കാന്താ, പുതുരാമായണം തുടങ്ങിയ കഥാസമാഹാരങ്ങളും ആലാഹയുടെ പെണ്മക്കള്‍, മാറ്റാത്തി, ഒതപ്പ്, ഊരുകാവല്‍, ആളോഹരി ആനന്ദം തുടങ്ങിയ നോവലുകളും ഭഗവദ്ഗീതയുടെ അടുക്കളയില്‍, അടുക്കള തിരിച്ചുപിടിക്കുക തുടങ്ങിയ ലേഖനസമാഹാരങ്ങളും സാറാ ജോസഫിന്റേതായിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ബുധിനിയാണ് അവസാനമായി എഴുതിയ നോവല്‍.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഒ.ചന്തുമേനോന്‍ അവാര്‍ഡ്, മുട്ടത്തു വര്‍ക്കി അവാര്‍ഡ്, അരങ്ങ് അവാര്‍ഡ്, ഒ.വി.വിജയന്‍ സാഹിത്യ പുരസ്‌കാരം, കഥ അവാര്‍ഡ്(ന്യൂഡല്‍ഹി), പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങള്‍ സാറാ ജോസഫിന് ലഭിച്ചിട്ടുണ്ട്.