Hussain Madavoorഇസ്ലാമിക പണ്ഡിതനും ഉറുദു ഭാഷാ പണ്ഡിതനുമാണ് ഹുസൈന്‍ മടവൂര്‍. 1956 ജനുവരി ഒന്നിന് കോഴിക്കോട് ജില്ലയിലെ നരിക്കുനിക്ക് സമീപം മടവൂര്‍ പുനത്തുംകുഴിയില്‍ പരേതനായ റിട്ട. അധ്യാപകന്‍ അബൂബക്കര്‍ കോയയുടെയും ഹലീമയുടെയും മകനായി ജനനം. ഫാറൂഖ് റൌളത്തുല്‍ ഉലൂം അറബിക് കോളജില്‍ നിന്ന് 1977-ല്‍ ഒന്നാം റാങ്കോടെ അഫ്‌സലുല്‍ ഉലമാ ബിരുദം. 1985-ല്‍ മക്ക ഉമ്മുല്‍ഖുറാ സര്‍വകലാശാലയില്‍ നിന്ന് ഇസ്ലാമിക പഠനത്തില്‍ ഉന്നതബിരുദം. 1988-ല്‍ അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍നിന്ന് അറബിക് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. 2004ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് മക്ക, മദീന വിശുദ്ധ നഗരങ്ങളിലെ ഇന്ത്യന്‍ പണ്ഡിത സാന്നിധ്യവും സേവനവും എന്ന വിഷയത്തില്‍ പിഎച്ച്ഡി. 

1977-ല്‍ മുജാഹിദ് വിദ്യാര്‍ഥി സംഘടനാ (എം.എസ്.എം.) സംസ്ഥാന സെക്രട്ടറിയുമായി. മുജാഹിദ് യുവജന സംഘടനയായ ഐഎസ്എം സംസ്ഥാന പ്രസിഡന്റായി 1985-ല്‍ തിരഞ്ഞെടുക്കപ്പെട്ടു; ഒരു വ്യാഴവട്ടക്കാലം ഈ സ്ഥാനത്തു തുടര്‍ന്നു. 1997-ല്‍  മുജാഹിദ് ഉന്നത സംഘടനയായ കേരള നദ്വത്തുല്‍ മുജാഹിദീന്റെ സംസ്ഥാന സെക്രട്ടറിയായി. ഇതേവര്‍ഷം തന്നെ മുജാഹിദ് പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറിയായി. 2002ല്‍ മുജാഹിദ് സംഘടനയിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് നദ്വത്തുല്‍ മുജാഹിദീന്‍ (മടവൂര്‍ വിഭാഗം) ജനറല്‍ സെക്രട്ടറിയായി. ഇന്ന് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ച നദ്വത്തുല്‍ മുജാഹിദീന്‍ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഹുസൈന്‍ മടവൂരിനാണ്.