തിരുവനന്തപുരം: പെണ്‍കുട്ടികള്‍ ബാറ്റും ബോളും കയ്യിലെടുത്താല്‍ ഉടന്‍ വരും ചോദ്യം അതൊക്കെ ആണ്‍പിള്ളേരുടെ കളികളല്ലേ എന്ന്. ടെന്നീസിലോ ബാഡ്മിന്റണിലോ ഒതുങ്ങിനില്‍ക്കുന്നതാകും സ്ത്രീകളുടെ കായിക മേഖല. പെണ്‍ക്രിക്കറ്റിനെക്കുറിച്ചു പോലും നമ്മുടെ സമൂഹം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് അധികമായില്ല. മിതാലി രാജും പിറകിലല്ലെന്ന് തിരിച്ചറിഞ്ഞു.

ഫയര്‍ ബേണ്‍സ് ബ്ലൂ, വില്‍ വിമന്‍ സ്റ്റീല്‍ ദി ഷോ ഇന്‍ ക്രിക്കറ്റ് എന്ന വിഷയത്തെ ആസ്പദമാക്കി മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലും പെണ്‍ക്രിക്കറ്റ് നിറഞ്ഞുനിന്നു. സ്‌പോര്‍ട്‌സ് ജേര്ണലിസ്റ്റുകളായ സിദ്ധാന്ത പട്‌നായിക് കാരുണ്യ കേശവ്, ആയാസ് മേമന്‍ എന്നിവരാണ് ചര്‍ച്ച നയിച്ചത്.

2017ലെ ലോകകപ്പ് വിജയത്തോടെയാണ് പെണ്‍ക്രിക്കറ്റുകള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയെന്നു പറഞ്ഞാണ് കാരുണ്യ കേശവ് ആരംഭിച്ചത്. കോലിയെയും തെണ്ടുല്‍ക്കറെയുമൊക്കെ ആഘോഷമാക്കുന്നവര്‍ പെണ്‍ക്രിക്കറ്റ് താരങ്ങളെ മറക്കുന്നു.

പെണ്‍ക്രിക്കറ്റ് താരങ്ങളോട് അഭിമുഖം നടത്തിയപ്പോള്‍ അവര്‍ക്ക് കൂടുതലും പറയാനുണ്ടായിരുന്നത് ട്രെയിന്‍ യാത്രകളെക്കുറിച്ചാണ്. യാത്രകള്‍ക്കിടയിലെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക, സാധനങ്ങള്‍ മോഷ്ടിക്കപ്പെടുമോ എന്ന ഭയം, അടുക്കടുക്കായി കിടന്നിട്ടുള്ള അനുഭവങ്ങള്‍ എന്നിങ്ങനെ.. പുരുഷ ക്രിക്കറ്റര്‍മാരുടേത് ഒരിക്കലും ഇത്തരത്തിലായിരിക്കില്ലെന്നും കാരുണ്യ പറയുന്നു.

ശാന്ത രംഗസ്വാമി, ശുഭാംഗി കുല്‍ക്കര്‍ണി തുടങ്ങിയ പഴയകാല ക്രിക്കറ്റ് താരങ്ങളും ഇന്നത്തെ ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള വ്യത്യാസം ലഭിക്കുന്ന സൗകര്യങ്ങളിലെ മാറ്റമാണെന്ന് സിദ്ധാന്ത പട്‌നായിക് പറഞ്ഞു. ഇന്ന് ബിസിസിഐക്കു കീഴിലായതിനാല്‍ ഒരുപാടു മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

തുല്യവേതനം എന്ന വിഷയം ക്രിക്കറ്റ് മേഖലയില്‍ ഉയരുന്നുണ്ടോ എന്ന ചോദ്യത്തിന് അതിനേക്കാള്‍ മിതാലിയും മറ്റും പ്രാധാന്യം നല്‍കുന്ന പ്രശ്‌നം തുല്യ ബഹുമാനം നല്‍കലാണെന്ന് കാരുണ്യ പറഞ്ഞു. മിതാലിയും മറ്റും ഞങ്ങള്‍ക്കു കൂടുതല്‍ പ്രതിഫലം നല്‍കൂ എന്നൊരിക്കലും പറയുമെന്ന് തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു.

ക്രിക്കറ്റ് രംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നതില്‍ കുടുംബം ഒരു പ്രശ്‌നമാകുമെന്നു തോന്നുന്നില്ല. അടിസ്ഥാന സൗകര്യവും മാര്‍ഗര്‍ശനം ഇല്ലാത്തതുമൊക്കെയാണ് പ്രശ്‌നമായി വരാറുള്ളത്. അടുത്തിടെ പെണ്‍ ക്രിക്കറ്റ് താരങ്ങളുടെ ഡ്രസ്സിങ് റൂമിലെ തര്‍ക്കവിഷയം പുതുമയുള്ള കാര്യമല്ല. പുരുഷ ക്രിക്കറ്റ് താരങ്ങളുടെ ഡ്രസ്സിങ് റൂമിലെ തര്‍ക്കങ്ങള്‍ക്കു സമാനമായി ഇവിടെയും സംഭവിക്കാറുണ്ട്. ആദ്യകാലങ്ങളില്‍ അതു വാര്‍ത്തയാകാതിരുന്നത് അവര്‍ വെള്ളിവെളിച്ചത്തില്‍ എത്താതിരുന്നതുകൊണ്ടാണ്. പണ്ട് ശാന്താ രംഗസ്വാമിയും ഡയാനയും തമ്മിലും തര്‍ക്കമുണ്ടായിരുന്നെങ്കിലും അവര്‍ ആരോഗ്യകരമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഉത്തരേന്ത്യ- ദക്ഷിണേന്ത്യ എന്ന വേര്‍തിരിവുപോലും എക്കാലത്തും ഡ്രസ്സിങ് റൂമില്‍ ഉണ്ടായിരുന്നുവെന്നും സിദ്ധാന്ത പട്‌നായിക് പറയുന്നു.

കളിയില്‍ നിന്ന് വിരമിച്ചാലും കോച്ച്, ട്രെയിനി എന്നീ സ്ഥിരം സ്ഥാനങ്ങള്‍ക്കു പകരം ഭരണ തലത്തില്‍ അവര്‍ക്കു പ്രാധാന്യം നല്‍കണമെന്നും കാരുണ്യ പറയുന്നു.

Content Highlights: women in cricket discussion at mbifl 2019