തിരുവനന്തപുരം: ഗാന്ധിജിയെ കൂടി ഉള്‍കൊള്ളുന്ന കൂടുതല്‍ ധാര്‍മികമായ വിമര്‍ശനമൂല്യം കൈവരുന്ന ഒരു മാര്‍ക്‌സിനെ നമുക്ക് ചരിത്രത്തില്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് എഴുത്തുകാരനും ചിന്തകനുമായ സുനില്‍ പി ഇളയിടം. ഗാന്ധിയും മാര്‍ക്‌സും വിപരീതങ്ങളല്ല. അന്യവല്‍കൃതമല്ലാത്ത ജീവിതമാണ് ഗാന്ധിയും മാര്‍ക്‌സും സ്വപ്‌നം കണ്ടതെന്നും സുനില്‍ പി ഇളയിടം വ്യക്തമാക്കി. മാതൃഭൂമി അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഗാന്ധിയെ കുറിച്ചുള്ള ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകള്‍ക്കുള്ളില്‍ വ്യത്യസ്ത വീക്ഷണകോണുകള്‍ നേരത്തെ ഉണ്ട്. സൈദ്ധാന്തികമായി എതിര്‍ക്കുമ്പോഴും ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ വ്യക്തിജീവിതത്തില്‍ ഗാന്ധിയെ പിന്തുടര്‍ന്നിരുന്നു. ഗാന്ധിയെയും മാര്‍ക്‌സിനെയും കുറിച്ചുള്ള പ്രഖ്യാപിത വീക്ഷണങ്ങള്‍ അവരെ രണ്ട് പേരയെും പരസ്പര വിരുദ്ധമായിട്ടാണ് വിലയിരുത്തുന്നത്. ഗാന്ധിജി പാശ്ചാത്യ നാഗരികതുടെ വലിയ വിമര്‍ശകനായിരുന്നു ഗാന്ധി എന്ന് വിലയിരുത്താറുണ്ട്. എന്നാല്‍ ആധുനികതയുടെ സാംസ്‌കാരിക വൈജ്ഞാനിക സ്വരൂപമായി വളര്‍ന്നുവന്ന വീക്ഷണഗതിയുടെ പ്രതിനിധിയാണ് മാര്‍ക്‌സ്. എന്നാല്‍ ആധുനികത എന്ന് നാം വിളിക്കുന്ന പ്രവണതകള്‍ സാര്‍വലൗകികമായി ഏകമുള്ളതാണ് എന്ന് നാം തെറ്റിദ്ധരിക്കരുത്.

sunil

ഇത് തിരിച്ചറിഞ്ഞാല്‍ മാത്രമേ മാര്‍ക്‌സും ഗാന്ധിയും എവിടെയാണ് ചേരുന്നത് എന്ന് തിരിച്ചറിയാന്‍ കഴിയുകയുള്ളു.

അധിനിവേശപരവും ആധിപത്യപരവും ഉപഭോഗാത്മകവും ചൂഷണാത്മകവുമായ മുതലാളിത്തത്തിന്റെ വിമര്‍ശനത്തിലാണ് ഗാന്ധിയിലും മാര്‍ക്‌സിലും ചേര്‍ച്ചയുടെ ചില ഇടങ്ങളുള്ളത്. ആധുനികതയുടെ വിമോചന മൂല്യങ്ങള്‍ അപ്പാടെ നിരസിച്ച ആളല്ല ഗാന്ധിജി. തീര്‍ച്ചയായും മാര്‍ക്‌സ് ആധുനികതയുടെ വിമോചന മൂല്യങ്ങളെ വലിയ രീതിയില്‍ ഉയര്‍ത്തിപ്പിടിച്ച ആളുമാണ്. മുലാളിത്ത ആധുനികതയ്ക്ക് ഗാന്ധി ഉപയോഗിച്ച വാക്ക് പാശ്ചാത്യ നാഗരികത എന്നാണ്. ഗാന്ധി ഒരു സമഗ്ര ചിന്തകനായിരുന്നു. ശമ്പളം പറ്റുന്ന ചിന്തകനായിരുന്നില്ല. അതുകൊണ്ട് ആശയങ്ങളെ വൈരുദ്ധ്യങ്ങളില്ലാതെ ക്രമീകരിക്കുക എന്നത് ഗാന്ധിയുടെ താല്‍പര്യമായിരുന്നില്ല.

ഗാന്ധിജി യന്ത്രങ്ങള്‍ക്ക് എതിരായിരുന്നു. എന്നാല്‍ പിന്നീട് ഗാന്ധിജി പറയുന്നത് യന്ത്രം ആര്‍ക്കുവേണ്ടി ഉപയോഗിക്കപ്പെടുന്നു എന്നതിലാണ് പ്രശ്‌നമെന്നാണ്. ഗാന്ധിജി ജീവിത യാഥാര്‍ത്ഥ്യങ്ങളെ മുഖാമുഖം നോക്കിയിട്ട്, കാണുന്ന സത്യങ്ങളെയും ബോധ്യങ്ങളെയും വിശദീകരിക്കാന്‍ ശ്രമിച്ച ആളാണ്.

അല്ലാതെ താന്‍ പറഞ്ഞ കാര്യങ്ങള്‍ അവസാനം വരെ പറഞ്ഞോണ്ടിരുന്ന ആളല്ല. വിളിച്ചുവിളിച്ചുണ്ടായതാണ് ഈ വലിയ പേരുകള്‍ എന്ന് ആ വലിയ പേരുകാര്‍ ഓര്‍ക്കുന്നതിന്റെ കൂടെ പേരാണ് ജനാധിപത്യം. മനുഷ്യന്റെ ആവശ്യങ്ങളെ കുറിച്ച് ഗാന്ധി പറഞ്ഞിട്ടുണ്ട്. ആവശ്യത്തിന് പകരം ലാഭത്തിന് വേണ്ടി ഉത്പാദിപ്പിക്കുന്ന വ്യവസ്ഥിതിയുടെ പേരാണ് മുതലാളിത്തം. 

ആധുനിക മൂല്യങ്ങളുടെ പാരമ്പര്യരൂപത്തിലുള്ള അവതരണമാണ് ഗാന്ധിജി നടത്തിയിരുന്നത്. ഗീത വായിച്ചിട്ട് ഗാന്ധിജി ഗീതയില്‍ കണ്ടെത്തിയതൊന്നും സാധാരണഗതിയില്‍ ഗീത വായിച്ചാല്‍ കണ്ടെത്താന്‍ കഴിയില്ല. ഹിംസയ്ക്ക് വേണ്ടിയുള്ള ഗീതയില്‍ നിന്നാണ് ഗാന്ധിജി അഹിംസ കണ്ടെത്തിയത്. ഗാന്ധിജി ആധുനികതയുടെ വിമോചനപരമായ മൂല്യങ്ങളെ കൈവെടിഞ്ഞ ഒരാളല്ല.

മൂര്‍ത്തമായ പ്രശ്‌നങ്ങള്‍ക്ക് മേല്‍ മാത്രമാണ് ഗാന്ധിജി സമരം ചെയ്തത്. കര്‍ഷകരുടെ വിളകല്‍ക്ക് വില കിട്ടാന്‍ വേണ്ടിയാണ് ഗാന്ധിജി ചമ്പാരന്‍ സമരം നടത്തിയത്. മൂര്‍ത്തമായ സമരങ്ങളില്‍ നിന്നാവണം സമരം ആരംഭിക്കേണ്ടത്. എന്ന ഇടത് ആശയത്തെ ഇന്ത്യയില്‍ ഏറ്റവും സമര്‍ത്ഥമായി നടപ്പാക്കിയത് ഗാന്ധിജിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: sunil p ilayidam about gandhi and marx