തിരുവനന്തപുരം: ഇതിഹാസതുല്യരായ പത്രാധിപന്മാര്‍ പഴങ്കഥയായോ? കോര്‍പറേറ്റുകളുടെയും ഭരണകൂടങ്ങളുടെയും പരസ്യദാതാക്കളുടെയും സമ്മര്‍ദങ്ങള്‍ക്കിടയില്‍ പത്രാധിപരുടെ വംശം കുറ്റിയറ്റുപോവുകയാണോ? സാമൂഹിക മാധ്യമങ്ങളുടെയും വ്യാജ വാര്‍ത്തകളുടെയും ഈ സത്യാനന്തര കാലം സൃഷ്ടിക്കുന്ന ധര്‍മസങ്കടങ്ങളും ഗതികേടുകളും പത്രാധിപര്‍ നേരിടുന്നതെങ്ങനെയാണ്? ആത്യന്തികമായി പത്രാധിപരുടെ പ്രസ്‌ക്തി ഇല്ലാതാവുകയാണാ?

ഈ ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളുമായി മാദ്ധ്യമപ്രവര്‍ത്തകന്‍ ശശികുമാറും ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ രാജ്കമല്‍ ഝായും ഞായറാഴ്ച തിരുവനന്തപുരത്ത് മാതൃഭൂമി അക്ഷരോത്സവ വേദിയില്‍ നടത്തിയ സംവാദം സമകാലിക ഇന്ത്യന്‍ മാധ്യമലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും വെളിപ്പെടുത്തുന്ന അന്വേഷണമായി.

സമ്മര്‍ദങ്ങള്‍ ശക്തവും യഥാര്‍ഥവുമാണെങ്കിലും പത്രാധിപര്‍ അപ്രസക്തമാവുകയാണോ എന്ന ചോദ്യത്തിന്  ''ഇല്ല, ഇല്ല'' എന്നു തന്നെയായിരിക്കും മറുപടിയെന്ന് ഝാ തറപ്പിച്ചു പറഞ്ഞു. ''അധികാരകേന്ദ്രങ്ങളില്‍ നിന്നും ഫോണ്‍വിളികള്‍ ഉണ്ടാവാറുണ്ട്. ഈ വിളികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് ഒരു വാര്‍ത്താമുറിയെ നിര്‍ണയിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്നത്.''ഈ വിളികള്‍ നേരിടുന്നതിനുള്ള പരിസരം തന്റെ തൊഴിലിടത്തിലുണ്ടെന്നത് വലിയൊരു കാര്യമാണെന്നും ഝാ പറഞ്ഞു. '' പക്ഷേ, മുഖ്യ സമ്മര്‍ദം പുറത്തുനിന്നല്ല ഉള്ളില്‍ നിന്നു തന്നെയാണ്.

സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടവും സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍. പുതിയ പാലം വരുമ്പോള്‍ ഫെറി സര്‍വീസിന് എന്തു സംഭവിക്കുന്നുവെന്ന ചോദ്യം പോലെയാണത്. എല്ലാം സൗജന്യമായി കിട്ടുമ്പോള്‍ എന്തിനാണ് പത്രങ്ങളിലേക്ക് വായനക്കാര്‍ വരേണ്ടത്? അതുകൊണ്ടുതന്നെ പത്രാധിപരുടെ ധര്‍മ്മസങ്കടമല്ല പത്രാധിപര്‍ എന്താണു ചെയ്യേണ്ടതെന്നതാണ് മുഖ്യ വിഷയം. 

നേതാക്കള്‍ മാധ്യമങ്ങളെ അവഗണിക്കുകയും സ്വയം വാര്‍ത്തകള്‍ പുറത്തുവിടുകയും ചെയ്യുന്ന അവസ്ഥ ഉടലെടുക്കുന്നുണ്ടെന്ന് ശശികുമാര്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പത്രസമ്മേളനങ്ങള്‍ വിളിക്കുന്നതില്‍ വിമുഖരാണ്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും വാര്‍ത്തകള്‍ പ്രഖ്യാപിക്കാനാണ് അവര്‍ക്ക് താല്‍പര്യം. അമേരിക്കയില്‍ ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം മാധ്യമങ്ങളും ട്രംപിനെതിരായിരുന്നു.

അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷവും ഈ അവസ്ഥയ്ക്ക് കാര്യമായ മാറ്റമുണ്ടായില്ല. പക്ഷേ, ഇന്ത്യയില്‍ മോദി പ്രധാനമന്ത്രിയായതിനു ശേഷം മിക്കവാറും മുഖ്യധാരാ മാധ്യമങ്ങളും മോദിയുടെ കൂടെ നില്‍ക്കുന്ന സ്ഥിതിവിശേഷമുണ്ടായെന്നും ശശികുമാര്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് ടൈംസിനെ അധിക്ഷേപിക്കുമ്പോള്‍ തന്നെ ട്രംപ് ഏറ്റവും ആദ്യം വായിക്കുന്ന പത്രവും അതുതന്നെയായിരിക്കുമെന്നത് വിസമരിക്കരുതെന്ന് ഝാ പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രസാധകനെ സ്വകാര്യമായി കാണണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആവശ്യപ്പെട്ടപ്പോള്‍ രണ്ട് സഹപ്രവര്‍ത്തകരുമായി മാത്രമേ തനിക്ക് പ്രസിഡന്റിനെ കാണാനാവുകയുള്ളുവെന്നും സ്വകാര്യ സന്ദര്‍ശനത്തില്‍ താല്‍പര്യമില്ലെന്നുമാണ് പ്രസാധകന്‍ വ്യകതമാക്കിയതെന്ന് ഝാ ചൂണ്ടിക്കാട്ടി. ട്രംപിന് ഇത് അംഗീകരിക്കേണ്ടിവരികയും ചെയ്തു.

റാലിയിലോ ഫെയ്‌സ്ബുക്കിലോ മോദി എന്തു പറയുന്നുവെന്നതല്ല താന്‍ തന്റെ റിപ്പോര്‍ട്ടറോട് ചോദിക്കാറുള്ളതെന്നും താന്‍ കേള്‍ക്കാത്തതായി മോദി എന്താണ് പറഞ്ഞതെന്നാണ് താന്‍ ചോദിക്കാറുള്ളതെന്നും ഝാ പറഞ്ഞു. തത്സമയ സംപ്രേഷണമല്ല വാര്‍ത്ത. ഭരണകൂടങ്ങളും കോര്‍പറേറ്റുകളും മറച്ചുവെയ്ക്കുന്നതാണ് വാര്‍ത്ത.

ഈ വാര്‍ത്തകള്‍ പുറത്തുകൊണ്ടു വരുമ്പോഴാണ് പത്രവും പത്രാധിപരും പ്രസക്തി ആര്‍ജിിക്കുന്നത് . പത്രപ്രവര്‍ത്തനത്തിന്റെ ഭാവി അന്വേഷണങ്ങളിലാണ്. അതിലൂടെ മാത്രമേ പത്രപ്രവര്‍ത്തനം വീണ്ടെടുക്കാന്‍ നമുക്ക് കഴിയുകയുള്ളൂ. പത്രപ്രവര്‍ത്തനം സ്‌റ്റെനൊഗ്രഫിയല്ല.

മറച്ചുവയ്ക്കുന്ന വാര്‍ത്തകള്‍ അന്വേഷിക്കുന്ന മാധ്യമങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അവ അപവാദങ്ങളാവുകയാണെന്നുമുള്ളതാണ് ആശങ്കാജനകമെന്ന് ശശികുമാര്‍ പറഞ്ഞു. സമ്മര്‍ദ ശക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമ പ്രവര്‍ത്തനം, ലാഭം മാത്രം ലക്ഷ്യമിടുന്ന പത്രപ്രവര്‍ത്തനം ഭരണഘടന വാഗ്ദാനം ചെയ്യുന്ന സംസാര സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം അര്‍ഹിക്കുന്നുണ്ടോ എന്ന ചോദ്യം ചോദിക്കാതിരിക്കാനാവില്ല. മാധ്യമങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും കൈപ്പിടിയിലൊതുക്കുന്ന കോര്‍പറേറ്റ് പ്രവര്‍ത്തനങ്ങള്‍ വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്.

റിപ്പബഌക് ടിവി പോലുള്ള ടിവി ചാനലുകള്‍ ഇനിയുമുണ്ടാവുമെന്നും പക്ഷേ, വിശ്വസനീയമായ വാര്‍ത്തകള്‍ എവിടെ കിട്ടുമെന്ന് വായനക്കാര്‍ കണ്ടെത്തുമെന്നും ഇത് വായനക്കാരുടെ ധര്‍മവും കടമയുമാണെന്നും ഝാ ചൂണ്ടിക്കാട്ടി. മോശം വാര്‍ത്തകളെ നേരിടുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം നല്ല വാര്‍ത്തകള്‍ തന്നെയാണ്. ഇടതും വലതുമല്ലാതെ വിജനമായിക്കൊണ്ടിരിക്കുന്ന മധ്യമാര്‍ഗം പുനരുജ്ജീവിപ്പിക്കുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യങ്ങളിലൊന്നാണ്. ''കുറച്ചു വൈകിയാലും തെറ്റുകളില്ലാത്ത, വസ്തുനിഷഠമായ  റിപ്പോര്‍ട്ടുകള്‍ നല്‍കുകയെന്നതുതന്നെയാണ് പ്രധാനം.''

 


ഞായറാഴ്ച  തിരുവനന്തപുരത്ത് മാതൃഭൂമി അക്ഷരോത്സവത്തില്‍ പത്രാധിപരുടെ ധര്‍മസങ്കടം എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാറും ഇന്ത്യന്‍ എക്‌സ്പ്രസ് പത്രാധിപര്‍ കമല്‍നാഥ് ഝായും