തിരുവനന്തപുരം: ആക്‌സിഡന്റല്‍ പൊളിറ്റീഷ്യന്‍ എന്നാണ് ബാല്‍താക്കറെയെ യഥാര്‍ഥത്തില്‍ വിശേഷിപ്പിക്കേണ്ടതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജ്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യത്സവത്തിന്റെ വേദിയില്‍ പത്രപ്രവര്‍ത്തകന്റെ എഴുത്ത് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ബാല്‍താക്കറെയുമായി പത്ത് വര്‍ഷത്തോളം ഒന്നിച്ച് പ്രവര്‍ത്തിച്ചു. ഫ്രീ പ്രസ് ജേര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റായിരുന്നു അന്ന് താക്കറെ. ആ കാലത്തെ താക്കറെയും പിന്നീട് ഉണ്ടായ താക്കറെയും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. താക്കറെയ്ക്ക് ദക്ഷിണേന്ത്യക്കാരായ ഒരുപാട് സുഹൃത്തുക്കള്‍ അക്കാലത്തുണ്ടായിരുന്നു. മറ്റാരോ അയച്ച ഒരു ലേഖനം പ്രസിദ്ധീകരിച്ചതാണ് താക്കറയെ രാഷ്ട്രീയക്കാരനാക്കിയത്. 
 
എം.പി നാരായണപിള്ളയുമായി ദീര്‍ഘകാലത്തെ സൗഹൃദമുണ്ടായിരുന്നു. ഒന്നിച്ച് താമസിച്ചിരുന്ന കാലത്ത് അദ്ദേഹം ഞങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കുമായിരുന്നു. പത്രപ്രവര്‍ത്തനം നിര്‍ത്തി കശുവണ്ടി വ്യവസായത്തിലേക്ക് തിരിയാനുള്ള ഉപദേശം അദ്ദേഹം തനിക്ക് തന്നിരുന്നു. ജീവിതത്തില്‍ ഉണ്ടായിരുന്ന സ്‌നേഹബന്ധങ്ങളില്‍ ഏറ്റവും ഈഷ്മളമായ ബന്ധം നാണപ്പനുമായിട്ടായിരുന്നു. അതുകൊണ്ടാണ് പുസ്തകം നാണപ്പന് സമര്‍പ്പിച്ചത്.
 
എന്തുകൊണ്ട് ആത്മകഥ എഴുതുന്നില്ല എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. ആത്മകഥ പലപ്പോഴും സ്വന്തം മാഹാത്മ്യം ലോകത്തെ കാണിക്കാനുള്ള ശ്രമമായി മാറുന്നതായി തോന്നിയിട്ടുണ്ട്. നമ്മള്‍ ലോകവുമായി എങ്ങനെ ഇടപഴകി എന്നുള്ളതും നമ്മുടെ അനുഭവങ്ങളും ചിന്തകളുമാണ് മറ്റുള്ളവര്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടാവുക. അത്തരത്തില്‍ തന്റെ ആത്മകഥ തന്നെയാണ് ഘോഷയാത്ര. ഞാന്‍ ഇടപഴകിയിട്ടുള്ള ആളുകളെ കുറിച്ച് എഴുതുന്നത് എന്നെ കുറിച്ച് എഴുതല്‍ തന്നെയാണെന്നും ടി.ജെ.എസ് ജോര്‍ജ് വ്യക്തമാക്കി.
 
Content Highlights: MBIFL2019 TJS george about bal thackeray