തിരുവനന്തപുരം: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സാധാരണ പൊതുതിരഞ്ഞെടുപ്പ് അല്ലെന്നും ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള യുദ്ധത്തിനു തുല്യമാണെന്നും ശശി തരൂര്‍ എംപി. ഇരുട്ടിന്റെ മധ്യത്തില്‍ പ്രകാശം പുനഃസ്ഥാപിക്കാനുള്ള പോരാട്ടമാണ് അതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ദി ഈറ ഓഫ് ഡാര്‍ക്ക്‌നെസ് എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഭരണകാലത്തെയും ഇന്നത്തെ ഇന്ത്യയും നേരിടുന്ന അന്ധകാരം വ്യത്യസ്തമാണ്. അതിനെ താരതമ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

വളരെ ലളിതമായ പശ്ചാത്തലത്തില്‍ നിന്നുള്ള ഒരാള്‍ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തില്‍ എത്താന്‍ സാധിച്ചുവെന്നതു തന്നെ കാലങ്ങളായി നാം ആര്‍ജിച്ച ജനാധിപത്യമൂല്യങ്ങളുടെ ഫലമായാണ്. പരസ്പരബന്ധിതമായ നിരവധി പ്രശ്‌നങ്ങള്‍ ചേര്‍ന്നാണ് ഇന്നത്തെ ഇന്ത്യയില്‍ അന്ധകാരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയെ ഭരിക്കുന്ന പാര്‍ട്ടിയായും ഭരിക്കുന്ന പാര്‍ട്ടിയെ ഗവണ്‍മെന്റായും ഗവണ്‍മെന്റിനെ രാജ്യമായുമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് കരുതപ്പെടുന്നതെന്നും തരൂര്‍ വിമര്‍ശിച്ചു. 

ബ്രിട്ടീഷ് വാഴ്ച ഇന്ത്യയെ പാപ്പരത്തത്തിലേക്ക് നയിക്കുകയാണുണ്ടായത്. അക്കാലത്തുണ്ടായ ക്ഷാമങ്ങളെ ശരിയായ വിധത്തിലല്ല അധികാരികള്‍ കൈകാര്യം ചെയ്തത്. കോളനിവാഴ്ചയിലൂടെ ഇന്ത്യയുടെ വിഭവങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു ബ്രിട്ടീഷുകാര്‍. ഉള്‍നാടുകളില്‍ നിന്ന് വിഭവങ്ങള്‍ സമാഹരിച്ച് തുറമുഖങ്ങളിലേക്ക് എത്തിക്കാനും ബ്രിട്ടീഷ് പട്ടാളത്തിന്റെ യാത്രാസൗകര്യത്തിനും വേണ്ടിയായിരുന്നു ബ്രിട്ടീഷുകാര്‍ റെയില്‍വേ ആരംഭിച്ചത്. പൂര്‍ണമായും ഇന്ത്യക്കാരുടെ നികുതിപ്പണം കൊണ്ടായിരുന്നു നിര്‍മിതി. അതിനാല്‍ തന്നെ ഇന്ത്യയ്ക്ക് ബ്രിട്ടീഷുകാര്‍ നല്‍കിയ  സംഭാവനയായി റെയില്‍വേയെ പരിഗണിക്കാനാവില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. 

ഒന്നാം ലോകമഹായുദ്ധത്തില്‍ സൈനികര്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിഭവങ്ങള്‍ ബ്രിട്ടീഷുകാര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. ജാലിയന്‍ വാലാബാഗ് പോലെ ദയാരഹിതവും ഏകപക്ഷീയവുമായ ആക്രമണങ്ങള്‍ കോളനിവാഴ്ചക്കാലത്ത് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നു. ഇരുന്നൂറുവര്‍ഷം ഇന്ത്യയെ ചൂഷണം ചെയ്തതിന് ഇന്ത്യയോട് ബ്രിട്ടീഷുകാര്‍ക്ക് മാപ്പു പറയാന്‍ പറ്റിയ സമയമാണിതെന്നും തരൂര്‍ പറഞ്ഞു.

 Content Highlights: ShashiTharoor MBIFL2019 Loksabha Election2019