തിരുവനന്തപുരം: കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങള്‍ തേടി സ്വന്തം സ്ഥലത്തുനിന്നും മറുനാട്ടിലേക്ക് നടത്തുന്ന കുടിയേറ്റമാണ് മലയാളിയുടെ പ്രവാസമെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍. അതേസമയം യുദ്ധവും മറ്റു കാരണങ്ങള്‍ കൊണ്ടും സ്വന്തം രാജ്യത്തുനിന്നും മറ്റൊരിടത്തേക്കു പോകേണ്ടിവരികയും അവിടെനിന്ന് മടങ്ങാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന മറ്റൊരു പ്രവാസവും ലോകത്തിന്റെ പലഭാഗത്തുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ബഹ്‌റൈനിലായിരുന്നു താന്‍ ജോലി ചെയ്തിരുന്നത്. സൗദി അറേബ്യയില്‍ പോയിട്ടില്ല. എന്നാല്‍ മനസ്സുകൊണ്ട് അന്യദേശത്തിലൂടെ സഞ്ചരിച്ച് നോവല്‍ എഴുതുകയായിരുന്നുവെന്ന് ആടുജീവിതം നോവലിനെ പരാമര്‍ശിച്ച് ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം 2019ല്‍ പ്രവാസം ആവാസം: പ്രവാസകാലത്തിന്റെ അഭയമാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാവിഭജന സമയത്ത് പാകിസ്താനിലേക്ക് പോയ ഒരുകൂട്ടം മലയാളികളില്‍ ചിലരെ കറാച്ചി സാഹിത്യോത്സവത്തില്‍ കണ്ട കാര്യവും അദ്ദേഹം ഓര്‍മിച്ചു. എഴുത്തുകാരായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, തമ്പി ആന്റണി എന്നിവരും സംഭാഷണത്തില്‍ പങ്കെടുത്തു. 

ഇതരസംസ്ഥാനത്തേക്കുള്ള കുടിയേറ്റം, വിദേശത്തേക്കുള്ള കുടിയേറ്റം, കേരളത്തിനുള്ളില്‍ തന്നെയുള്ള കുടിയേറ്റം എന്നിങ്ങനെ പ്രധാനമായും മൂന്നുതരം കുടിയേറ്റമാണ് കേരളത്തിലുള്ളതെന്ന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു. മൂന്നും മൂന്നുവിധത്തിലുള്ള കുടിയേറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാരിദ്ര്യത്തിനെതിരേ പോരാടിയ പട്ടാളക്കാരാണ് ഗള്‍ഫ് പ്രവാസികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മലബാറില്‍ നിന്നുള്ള ഗള്‍ഫിലേക്കുള്ള കുടിയേറ്റം അധ്വാനവില്‍പന എന്ന ഗണത്തില്‍പ്പെട്ടതാണ്. ലേബര്‍ ക്യാമ്പുകളില്‍ കഷ്ടപ്പെടുന്ന ഗള്‍ഫ് മലയാളികളുണ്ട്. മലയാള സാഹിത്യം ഈ കുടിയേറ്റത്തെ വേണ്ടവിധത്തില്‍ അടയാളപ്പെടുത്തിയിട്ടില്ലെന്നും അവര്‍ ശബ്ദമില്ലാത്ത ജനതയായി മാറിയെന്നും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് കൂട്ടിച്ചേര്‍ത്തു. പ്രവാസം ഭാഷയില്‍ വലിയ സ്വാധീനം ചെയ്തിട്ടുണ്ട്. മലബാര്‍മേഖലയിലെ പുതുതലമുറയുടെ പേരുകള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഗള്‍ഫിലെ പ്രവാസികള്‍ കേരളത്തിലെ വാര്‍ത്തകളെ ഏറെ ശ്രദ്ധയോടെയാണ് കാണാറുള്ളതെന്നും ശിഹാബുദ്ദീന്‍ പറഞ്ഞു. 

സാഹിത്യോത്സവത്തില്‍ സംഭാഷണവിഷയങ്ങളിലൊന്നായി പ്രവാസം ആവാസം: പ്രവാസകാലത്തിന്റെ അഭയമാര്‍ഗങ്ങള്‍ എന്ന വിഷയം തിരഞ്ഞെടുത്തതില്‍ മാതൃഭൂമിയെ അഭിനന്ദിക്കുന്നതായി തമ്പി ആന്റണി പറഞ്ഞു. താനെഴുതിയ ആദ്യപ്രവാസകഥ വായിച്ച് അഭിപ്രായം പറഞ്ഞ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനും ആദ്യചെറുകഥാ സമാഹാരത്തിന് അവതാരിക എഴുതിയ ബെന്യാമിനുമൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തമ്പി ആന്റണി കൂട്ടിച്ചേര്‍ത്തു. പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ താത്പര്യമുള്ളതിനാലും അമേരിക്കയില്‍ അതിനു പറ്റിയ സ്ഥലങ്ങളുണ്ടെന്നതിനാലുമാണ് അവിടേക്ക് കുടിയേറിത്. അമേരിക്കന്‍ ജീവിതത്തിലെ അനുഭവങ്ങളെ ഭാവനയുടെ മേമ്പോടിയോടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: MBIFL2019 Benyamin Shihabudheen Poythumkadavu