തിരുവനന്തപുരം: ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നു പറഞ്ഞ സാമൂഹിക പരിഷ്‌കര്‍ത്താവാണ് ശ്രീനാരായണഗുരു. സമകാലിക ജീവിതമെടുത്താല്‍ ഗുരുവിന്റെ ചിന്താധാരകളെ മറക്കുന്നവരും മറയ്ക്കുന്നവരും സമൂഹത്തില്‍ ഭിന്നിപ്പിക്കുകള്‍ സൃഷ്ടിക്കുന്നവരുമാണ് കൂടുതല്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലും ഗുരുവിന്റെ ചിന്താധാരകളുടെ പ്രാധാന്യം ചര്‍ച്ച ചെയ്യപ്പെട്ടു.

ഗുരുവിനെ മറക്കുന്നവരും മറയ്ക്കുന്നവരും; ശ്രീനാരായണഗുരു മിത്തും യാഥാര്‍ഥ്യവും എന്ന വിഷയത്തില്‍ മങ്ങാട് ബാലചന്ദ്രന്‍, അശോക് വേങ്ങശ്ശേരി, സജയ് കെ.വി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഗുരുവിനെ ഒരുപാട് തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് മങ്ങാട് ബാലചന്ദ്രന്‍ പറയുന്നു. വായിക്കാതെ നിര്‍വചിക്കുന്ന രീതി ഇന്ന് പുതുതലമുറയില്‍ കൂടുതലാണ്. മനുഷ്യന്‍ എന്ന ജാതിയേ ഉള്ളുവെന്നു പറഞ്ഞയാളാണ് ഗുരു. ഗുരുവില്‍ നിന്ന് അകലുമ്പോള്‍ മനുഷ്യനില്‍ നിന്നും അകലുകയാണ് ചെയ്യുന്നത്. സ്വാതന്ത്ര്യം, അയിത്തോച്ചാടനം എന്നിവയ്‌ക്കൊക്കെ വേണ്ടി നിലകൊണ്ടയാളാണ് ഗുരുവെന്നും അദ്ദേഹം പറഞ്ഞു.

കേരളീയര്‍ക്ക് ഒരേയൊരു ഗുരുവേയുള്ളു, അത് നാരായണ ഗുരുവാണെന്നു പറഞ്ഞുകൊണ്ടാണ്  സജയ് കെ.വി തുടങ്ങിയത്. ഗുരുവിനെ തെറ്റായി വായിക്കുന്നതുകൊണ്ടാണ് ബിംബം മാത്രമായി പലപ്പോഴും മാറുന്നത്. ഗുരുവിന്റെ കേന്ദ്രവാക്യമായിരുന്നു ഒന്ന്, മറ്റൊന്ന് മനുഷ്യന്‍. ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നു പറഞ്ഞയാളാണ് ഗുരു. സഹോദരന്‍ അയ്യപ്പനുമായുള്ള സംവാദത്തിനിടെയാണ് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നു പറയുന്നത്. ധീരയുവാക്കളായിരുന്ന അയ്യപ്പനെയും വാവരെയും ദൈവങ്ങളാക്കിയത് അവരോട് ആരാധന തോന്നിയ മനുഷ്യരാണെന്നു ഗുരു പറഞ്ഞിട്ടുണ്ട്. -സജയ് പറഞ്ഞു

Content Highlights: MBIFL 2019 session on sreenarayana guru