തിരുവനന്തപുരം: മൂന്ന് തലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാര്‍ തങ്ങളുടെ വായനാനുഭവങ്ങള്‍ പങ്കുവെച്ചതിലൂടെ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന 'വൈ ഐ റീഡ്' എന്ന ചര്‍ച്ച ഏറെ ശ്രദ്ധ നേടി. മലയാളത്തിലെ മുതിര്‍ന്ന എഴുത്തുകാരന്‍ എം മുകുന്ദനും എഴുത്തുകാരി ചന്ദ്രമതിയും യുവ എഴുത്തുകാരന്‍ പി.വി ഷാജികുമാറും തങ്ങളുടെ വായനാനുഭങ്ങള്‍ പങ്കുവെച്ചു. വായനയെ നെഞ്ചേറ്റുന്ന വലിയൊരു വിഭാഗം പ്രേക്ഷകരും സജീവമായി ചര്‍ച്ചയുടെ ഭാഗമായി.

എന്തിന് വേണ്ടിയാണ് വായിക്കുന്നത് എന്ന ചോദ്യം ഇതുവരെ സ്വയം ചോദിച്ചിട്ടില്ല എന്ന ആമുഖത്തോട് കൂടിയാണ് മലയാളിയുടെ പ്രിയപ്പെട്ട കഥാകാരന്‍ എം മുകുന്ദന്‍ സംസാരിച്ച് തുടങ്ങിയത്. എന്റെ വായനാ കാലത്ത് എറ്റവും വലിയ പ്രശ്‌നം വെളിച്ചമായിരുന്നു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലായിരുന്നു വായന. പുലരുംവരെ വായിക്കാനായി വിളക്കുകള്‍ മോഷ്ടിക്കാന്‍ വരെ തോന്നിയിട്ടുണ്ട്. പക്ഷെ ചില വായന ഹൃദയം കൊണ്ടാണ് നടത്തുന്നത്. അതിന് വെളിച്ചം ആവശ്യമില്ലായിരുന്നു. 

വായന നമ്മെ ശുദ്ധീകരിക്കുന്നു. ആധുനിക മലയാളി വായനയുടെയും പുസ്തകങ്ങളുടെയും സൃഷ്ടിയാണ്. ബീഡി തെറുക്കുന്ന തൊഴിലാളികള്‍ക്ക് ജോലിക്കിടയില്‍ പുസ്തകം വായിച്ച് കൊടുക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. വായന ഒരു സാന്ത്വനം കൂടിയാണ്. പുസ്തകങ്ങള്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ചില പുസ്തകങ്ങള്‍ വിപ്ലവങ്ങള്‍ പോലും സൃഷ്ടിച്ചിട്ടുണ്ട്. ഫ്രഞ്ചുകാര്‍ക്ക് നീതിബോധമുണ്ടാക്കിയത് 'പാവങ്ങള്‍' ആണ്. പുതുതലമുറ പുസ്തകങ്ങളെ താലോലിക്കുന്നത് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ട്. പുതിയ തലമുറ ഏറെ വായിക്കുന്നുണ്ടെന്നും എം മുകുന്ദന്‍ നിരീക്ഷിച്ചു.

mbifl

എന്തിന് എഴുതുന്നു എന്ന് ചോദിച്ചിരുന്നെങ്കില്‍ കുറച്ചുകൂടെ എളുപ്പമായിരുന്നു എന്ന ആമുഖത്തോട് കൂടിയാണ് എഴുത്തുകാരി ചന്ദ്രമതി സംസാരിച്ച് തുടങ്ങിയത്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെയാണ് വായിച്ച് തുടങ്ങിയത്. പുസ്തകങ്ങളായിരുന്നു തന്റെ കളിക്കൂട്ടുകാര്‍. നമ്മുടെ വേദനകള്‍ കുറച്ച് നേരത്തേക്കെങ്കിലും ഇല്ലാതാക്കാന്‍ പുസ്തകങ്ങള്‍ക്ക് കഴിയും. താന്‍ ചികിത്സയുടെ ഭാഗമായി കീമോ തൊറാപ്പി ചെയ്യുമ്പോഴും കയ്യില്‍ പുസ്‌കതമുണ്ടായിരുന്നു. അന്ന് ഞാന്‍ വായിച്ചത് എംടിയുടെ വാരണാസിയായിരുന്നു. ഒരുപാട് ജീവിതങ്ങള്‍ ജീവിച്ച് തീര്‍ക്കാന്‍ വായന സഹായിക്കുന്നു. 

ഒരു നല്ല വായനക്കാരന് നല്ലത് സ്വീകരിക്കാനും അല്ലാത്തത് നിരാകരിക്കാനും കഴിയണം. വായന മരിക്കുന്നു എന്നതൊക്കെ തെറ്റായ ചിന്തയാണ്. പുസ്തകത്തിലൂടെയും ആധുനിക സംവിധാനങ്ങളിലൂടെയും വായനകള്‍ ഉണ്ടാവുന്നുണ്ട്. വായനക്കാരെക്കാളും കൂടുതല്‍ ഇപ്പോള്‍ എഴുത്തുകാരാണ് ഇപ്പോഴുള്ളത് എന്നൊരു പ്രശ്‌നമുണ്ടെന്നും ചന്ദ്രമതി ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് അനുഭവങ്ങള്‍ പറഞ്ഞാണ് പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ പി.വി ഷാജികുമാര്‍ ചര്‍ച്ചയില്‍ പങ്ക് ചേര്‍ന്നത്. ചിലരെ വായന വലിയ രീതിയില്‍ സ്വാധീനിക്കുമ്പോള്‍ മറ്റ് ചിലര്‍ എന്ത് വായിച്ചിട്ടും ഒരു മാറ്റവുമില്ലാതെ തുടരുന്നു. വായനയ്‌ക്കൊപ്പം തിരിച്ചറിവുകള്‍ കൂടി ഉണ്ടാകും. മനുഷ്യത്വം ഇല്ലാത്ത വായനക്കാര്‍ ഏറെയാണ്. ഇവര്‍ എന്തിനാണ് വായിക്കുന്നത് എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. വായിച്ചിട്ടും വളഞ്ഞുകൊണ്ടിരിക്കുന്ന ആളുകളാണ് കൂടുതല്‍. ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന വിദ്യാസമ്പന്നരായ ആളുകള്‍ ഇതിന് ഉദാഹരണമാണ്. പുസ്തകങ്ങളും മനുഷ്യരാണ് എന്നത് ശരിയാണെന്ന് തോന്നിയിട്ടുണ്ട്. ഏറ്റവും പ്രതീക്ഷയുള്ളത് പുതിയ തലമുറയിലാണ്. ഇത്രയും രാഷ്ട്രീയബോധവും സാമൂഹിക സ്‌നേഹവും ഉള്ള പുതുതലമുറയാണ് നമ്മുടേതെന്ന് പ്രളയകാലം നമ്മെ ബോധ്യപ്പെടുത്തി തന്നുവെന്നും പി.വി ഷാജികുമാര്‍ വ്യക്തമാക്കി.

Content Highlights: M Mukundan, chandramathi, PV Shajikumar, MBIFL2019