ജറ്റ് അവതരണത്തിന്റെ തിരക്കുകള്‍ക്കും ചാനല്‍ ചര്‍ച്ചകള്‍ക്കും താല്‍ക്കാലിക അവധി നല്‍കി സ്പീക്കറുടെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ കനകക്കുന്ന് കയറിയത് സാഹിത്യത്തിലെ ഉദിച്ചുനില്‍ക്കുന്ന താരകങ്ങളെ കാണാന്‍. രേണുക നാരായണന്‍, ആന്ദ്രേ കുര്‍ക്കോവ്, അനില്‍ ധര്‍ക്കര്‍, മോണിക്ക വാഞ്ചിറു, മൈത്രേതി ബി. ചൗധരി എന്നിവരോട് സൗഹൃദസംഭാഷണത്തിനായാണ് എംഎല്‍എമാരെത്തിയത്. 

ഒരു സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്ന സാഹിത്യകാരന്മാരെ കാണാന്‍ സാമാജികര്‍ എത്തുന്നത് കേരളത്തില്‍ മാത്രമായിരിക്കുമെന്ന അഭിമാനത്തോടെയും അല്പം അഹങ്കാരത്തോടെയും തന്നൊണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. മഹാരാഷ്ട്രയിലോ, തമിഴ്‌നാട്ടിലോ എംഎല്‍എമാരെ നിങ്ങള്‍ക്ക് ഇത്തരത്തില്‍ കാണാന്‍ സാധിച്ചേക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സാംസ്‌കാരിക രംഗത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന വൈവിദ്ധ്യമാര്‍ന്ന പരിപാടികളെക്കുറിച്ച് ജോണ്‍ ഫെര്‍ണാണ്ടസ് വിശദീകരിച്ചപ്പോള്‍ ഇത്തരം സാസ്‌കാരിക പരിപാടികളെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാറുണ്ടോ എന്നായിരുന്നു ആന്ദ്രേ ജോണ്‍ കുര്‍ക്കോവിന്റെ സംശയം.

ബജറ്റ് അവതരണ വേളയില്‍ 16 വനിത എഴുത്തുകാരുടെ വാക്കുകള്‍ ഉദ്ധരിച്ചെന്ന സ്പീക്കറുടെ പ്രസ്താവനയ്ക്ക് എന്തുകൊണ്ടാണ് പുരുഷന്മാരോട് വിവേചനം എന്നായിരുന്നു എഴുത്തുകാരനായ അനില്‍ ധര്‍ക്കര്‍ തമാശരൂപേണ ചോദിച്ചത്. വിവേചനമില്ലെന്നും ഇത്തവണത്തെ ബജറ്റ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണെന്നുമുള്ള സ്പീക്കറുടെ മറുപടിയെ കൈയ്യടിയോടെയാണ് അവര്‍ സ്വീകരിച്ചത്.

കേരളത്തിലെ ചില സ്ഥലങ്ങളിലെങ്കിലും ചേലാകര്‍മം നടക്കുന്നുണ്ടെന്നും ഇത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോയെന്നുമായിരുന്നു ചേലാകര്‍മ്മത്തിനെതിരെ പ്രവര്‍ത്തിക്കുന്ന കെനിയയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തക മോണിക്ക വാഞ്ചിരുവിന് അറിയേണ്ടിയിരുന്നത്. ഇതിനെതിരെ എന്ത് നടപടി സ്ഥീകരിക്കുമെന്നും അവര്‍ സ്പീക്കറോട് ചോദിച്ചു. ചില കേന്ദ്രങ്ങളില്‍ ഉണ്ടെന്ന് മറുപടിയില്‍ സ്പീക്കര്‍ സംസാരം ഒതുക്കി. എന്നാല്‍ ദക്ഷിണേന്ത്യയില്‍ സ്ത്രീകള്‍ പൊതുവേ സുരക്ഷിതരാണെന്ന് സ്പീക്കര്‍ക്ക് പിന്തുണയുമായി എഴുത്തുകാരി രേണുക നാരായണന്‍ എത്തി. 

ബംഗാളില്‍ നിന്നുള്ള സാഹിത്യകാരി മൈത്രേയി ബി. ചൗധരിക്കാണ് എം.എല്‍എമാരുടെ ചോദ്യങ്ങളില്‍ അധികവും നേരിടേണ്ടിവന്നത്. സ്പീക്കറും സുരേഷ് കുറുപ്പും ശബരീനാഥനുമടക്കമുള്ളവരാണ് ചോദ്യങ്ങളുമായി മൈത്രേയി ബി. ചൗധരിയെ നേരിട്ടത്. ബംഗാളി സാഹിത്യകാരന്മാരെ മലയാളികള്‍ക്ക് പരിചിതമാണ് എന്നാല്‍ ഏതെങ്കിലും മലയാളി സാഹിത്യകാരന്മാരെ ബംഗാളിലെ ജനങ്ങള്‍ക്ക് അറിയുമോ എന്നായിരുന്നു സുരേഷ് കുറുപ്പ് എംഎല്‍എയ്ക്ക് അറിയേണ്ടിയിരുന്നത്.  

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, എം.എല്‍.എമാരായ ടി. വി. രാജേഷ്, കെ.വി. അബ്ദുള്‍ ഖാദര്‍, ജോണ്‍ ഫെര്‍ണാണ്ടസ്, ഇ.കെ. വിജയന്‍, ജയിംസ് മാത്യു, പി. പ്രദീപ് കുമാര്‍, പ്രതിഭ, കെ.എസ്. ശബരീനാഥന്‍ എന്നിവരാണ് എഴുത്തുകാരുമായി സൗഹൃദ സംഭാഷണത്തിനെത്തിയത്. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍, മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ എന്നിവരും സൗഹൃദ സംഭാഷണത്തില്‍ പങ്കെടുത്തു.

Content Highlights: writers interaction with mlas in mbifl 2018