സൈബര്‍ ഇടങ്ങളില്‍ പെണ്‍സാന്നിധ്യം വര്‍ധിച്ചതോടെ സമൂഹത്തില്‍ എന്തൊക്കെ മാറ്റങ്ങളാണുണ്ടായത്? 

ത്തരം പലതാണ്. ആശയങ്ങളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമായി ജെ.ദേവികയും ഡോ.കെ.ജയശ്രീയും സദസ്സുമായി സംവദിച്ചപ്പോള്‍ സൈബര്‍ ഇടങ്ങളിലെ പെണ്‍സാന്നിധ്യം പുതിയ ചിന്താധാരകള്‍ക്ക് വഴിതുറക്കുകയായിരുന്നു. കഥാകൃത്ത് ഉണ്ണി.ആര്‍ ആയിരുന്നു മോഡറേറ്റര്‍.

സൈബര്‍ ഇടങ്ങള്‍ അന്യമായിരുന്ന ഒരു കാലത്ത് വേറിട്ട ശബ്ദം ഉയര്‍ത്തിയതിന്റെ പേരില്‍ അനുഭവിക്കേണ്ടിവന്ന പോരാട്ടങ്ങളുടെ കഥ പറഞ്ഞാണ് ജെ.ദേവിക ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഒരു പെണ്‍കുട്ടി സ്വന്തമായെടുക്കുന്ന തീരുമാനങ്ങളെ  യുക്തിസഹമായി പോലും പരിഗണിക്കാത്ത പൊതുസമൂഹം സൃഷ്ടിച്ച തടസ്സങ്ങളെ മറികടന്ന് ജീവിച്ചുവന്നവരാണ് താനും ജയശ്രീയുമൊക്കെയെന്ന് ദേവിക അഭിപ്രായപ്പെട്ടു. പൊതുസമൂഹം അംഗീകരിച്ചതു കൊണ്ടു മാത്രം എന്തെങ്കിലും ഒന്ന് യുക്തിസഹമോ യാഥാര്‍ഥ്യമോ ആവുമെന്ന് വിശ്വാസമില്ലെന്നും അവര്‍ പറഞ്ഞു.

സമൂഹമാധ്യമത്തില്‍ സ്വന്തമായൊരു പ്രൊഫൈല്‍ ഉണ്ടാക്കുന്ന പെണ്ണ് അതിലൂടെ സ്വയബോധ നിര്‍മ്മിതിയാണ് നടത്തുന്നത്. ആത്മാവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള ഇടമായി അതിനെ കരുതുകയും ആശയങ്ങള്‍ തുറന്നെഴുതുകയും ചെയ്യുന്നതോടെ അവളെ സമൂഹം നോക്കിക്കാണുന്ന രീതി മാറുകയാണ് ചെയ്യുന്നത്. സ്വയംപ്രകാശനത്തിന് തയ്യാറാവുന്ന പെണ്ണ് അതിലൂടെ തനിക്കൊരു ലൈംഗിക സ്വത്വഊര്‍ജം ഉണ്ടെന്ന് വിളിച്ചു പറയുകയാണെന്ന് പൊതുബോധം വിലയിരുത്തുന്നു. അതോടെ സമൂഹം അവള്‍ക്കെതിരെ തിരിയാനും ആരംഭിക്കുന്നു. ഇങ്ങനെയാണ് സൈബര്‍ ഇടങ്ങളിലെ പെണ്ണിനെ സമൂഹം കുഴപ്പക്കാരിയായി മുദ്രകുത്തുന്നതെന്നും ദേവിക അഭിപ്രായപ്പെട്ടു.

പെണ്ണിന് സ്വകാര്യതയെന്നാല്‍ ഗാര്‍ഹികമാണെന്ന് പൊതുബോധം ഉറപ്പിച്ചുവച്ചിരിക്കുകയാണ്. അതിനപ്പുറവും അവള്‍ക്കൊരു സ്വകാര്യതയുണ്ട്. ആ ഇടമാണ് അവള്‍ സമൂഹമാധ്യമങ്ങളിലൂടെ സ്വന്തമാക്കുന്നത്. ഗാര്‍ഹികതയ്ക്കപ്പുറം ഒരു സ്വകാര്യലോകമുണ്ടെന്ന് 'എന്റെ കഥ'യിലൂടെ മാധവിക്കുട്ടി തെളിയിച്ചതാണെന്നും ദേവിക പറഞ്ഞു.

തങ്ങളുടെ തലമുറ തുടങ്ങിവച്ച ആശയസംവാദങ്ങളുടെ തുടര്‍ച്ചയാണ് സൈബര്‍ ഇടങ്ങളിലൂടെയുള്ള സ്ത്രീകളുടെ ശക്തമായ കടന്നുവരവെന്ന് വിശ്വസിക്കുന്നതായി ഡോ.ജയശ്രീ അഭിപ്രായപ്പെട്ടു. സൈബര്‍ ഇടങ്ങളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. 

യുവതലമുറയെ ആശയപ്രകടനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനും വീടിന്റെയോ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ വ്യവസ്ഥാപിത ചട്ടക്കൂടുകളില്‍ തളച്ചിടാനുമുള്ള ശ്രമങ്ങള്‍ പഴയതിലും ശക്തമായ കാലമാണിത്. ആ സാഹചര്യത്തിലാണ് സൈബര്‍ ഇടങ്ങളിലെ അഭിപ്രായപ്രകടനങ്ങളെ പ്രാധാന്യത്തോടെ നോക്കിക്കാണേണ്ടതെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ഹാഷ് ടാഗുകളിലൂടെ ഉരുത്തിരിയുന്ന അതിശക്തമായ കൂട്ടായ്മകള്‍ക്ക് അവരുടെ പ്രതിഷേധങ്ങളെയും ആശയങ്ങളെയും ഓണ്‍ലൈനില്‍ നിന്ന് ഓഫ് ലൈനിലേക്ക് എത്തിക്കാന്‍ കഴിയുന്നിടത്താണ് സൈബര്‍ ഇടങ്ങളിലെ പെണ്‍കൂട്ടായ്മകള്‍ വിജയിക്കുന്നതെന്നും ചര്‍ച്ച വിലയിരുത്തി.

Content Highlights: women presence in cyber space and its influence on society