ണ്ട് പണ്ട് ഒരിടത്തൊരു........ഇങ്ങനെ തുടങ്ങുന്ന മുത്തശ്ശിക്കഥകള്‍ കേട്ട് വളര്‍ന്നവരാണ് നമ്മളില്‍ മിക്കവരും. വളരുന്തോറും കഥകളിലെ ആ ഒരിടം നമുക്ക് പലയിടങ്ങളായി. അങ്ങനെ വായിച്ച കഥകളിലൂടെ നമ്മുടെ മനസ്സില്‍ കയറിക്കൂടിയ പ്രിയപ്പെട്ട സ്ഥലങ്ങള്‍ പലതാണ്. അവയില്‍ ചിലതൊക്കെ യഥാര്‍ഥവും മറ്റ് ചിലതൊക്കെ സങ്കല്‍പ്പലോകങ്ങളുമാണ്. ഷെര്‍ലക് ഹോംസ് കഥകളിലൂടെ ലണ്ടനിലെ ബ്രിക്‌സ്‌റ്റോമും മാര്‍ക്വേസിന്റെ എഴുത്തിലൂടെ സാങ്കല്‍പ്പിക ലോകമായ മക്കോണ്ടോയും വായനക്കാര്‍ക്ക് പ്രിയപ്പെട്ടതായി. കഥയായാലും നോവലായാലും എഴുത്തില്‍ സ്ഥലം അനിവാര്യമാണോ? കഥ നടക്കാനൊരിടം കൂടിയല്ലേ തീരൂ?

അതെക്കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവയ്ക്കാനും വായനക്കാരുടെ  അഭിപ്രായങ്ങളറിയാനുമാണ് ആ മൂന്ന് പേര്‍ അക്ഷരോത്സവവേദിയിലെത്തിയത്. ശ്രീലങ്കന്‍ എഴുത്തുകാരനായ അശോക് ഫെറെ, ആര്‍കിടെക്ടും പബ്‌ളിഷറുമായ അനില്‍ ധര്‍ക്കര്‍, അക്ഷരോത്സവം ഫെസ്റ്റിവല്‍ ഡയറക്ടറും കവിയുമായ സി.പി.സുരേന്ദ്രന്‍ എന്നിവര്‍ ആശയസംവാദങ്ങളുമായി സജീവമായപ്പോള്‍ പുതിയ പുതിയ ചിന്താധാരകളാണ് തുറന്നുകിട്ടിയത്. 

സ്ഥലകാലങ്ങള്‍ എഴുത്തിനെ സ്വാധീനിക്കുന്നതിനെക്കുറിച്ചാണ് അനില്‍ ധര്‍ക്കര്‍ പറഞ്ഞുതുടങ്ങിയത്. സ്ഥലങ്ങള്‍ കഥാപാത്രങ്ങളായി മാറുകയും അവ ലോകപ്രശസ്തമാവുകയും ചെയ്യുന്നതെങ്ങനെ എന്ന് ഉദാഹരണങ്ങള്‍ നിരത്തി അദ്ദേഹം. ശ്രീലങ്കയില്‍ നിന്ന് മൊഗദിഷുവിലേക്ക് ചെറുപ്പത്തില്‍ താമസം മാറേണ്ടിവന്നതും  അവിടുത്തെ അനുഭവങ്ങളും ശ്രീലങ്കയിലേക്ക്് തിരിച്ചുവരാനുള്ള അടങ്ങാത്ത ആഗ്രഹവും തന്റെ  എഴുത്തിനെ സ്വാധീനിച്ചതെങ്ങനെയെന്നുമാണ് അശോക് ഫെറെയ്ക്ക് ആദ്യം പറയാനുണ്ടായിരുന്നത്. എന്നാല്‍, സ്ഥലങ്ങള്‍ക്ക് ലഭിക്കുന്ന പ്രാധാന്യമെന്ന ഘടകം പ്രാദേശിക എഴുത്തുകാര്‍ക്ക് അപ്രാപ്യമാണെന്ന് സി.പി.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടതോടെ ചര്‍ച്ച സംവാദത്തിലേക്ക് കളംമാറി.

വിദേശ എഴുത്തുകാരുടെ കൃതികള്‍ ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നതിലൂടെ  അവയിലെ സ്ഥലങ്ങള്‍ നമുക്ക് പരിചിതമാകുമെങ്കിലും ഇന്ത്യന്‍ കൃതികളിലെ സ്ഥലങ്ങള്‍ക്ക് തിരിച്ച് അങ്ങനെയൊരു അംഗീകാരമോ പ്രശസത്ിയോ കിട്ടുന്നുണ്ടെന്ന് വിശ്വാസമില്ലെന്നായിരുന്നു സുരേന്ദ്രന്റെ വാദം. എന്നാല്‍, ആര്‍.കെ.നാരായണന്റെ എഴുത്തിലൂടെ മാല്‍ഗുഡിയും അരുന്ധതി റോയിയുടെ അക്ഷരങ്ങളിലൂടെ അയ്മനവും ലോകപ്രശസ്തമായില്ലേ എന്നായിരുന്നു അനില്‍ ധര്‍ക്കറിന്റെ ചോദ്യം. ധര്‍ക്കറിന്റെ ചോദ്യത്തോട് അനുകൂലിക്കുന്നെന്നായിരുന്നു അശോക് ഫെറെയുടെ അഭിപ്രായം.

ലണ്ടനില്‍ സ്ഥിരതാമസക്കാരനായിട്ടും വി.എസ്.നെയ്പാളിന്റെ കഥകളില്‍ ഒരിടത്തും ലണ്ടന്‍ പശ്ചാത്തലമായിട്ടില്ലോ എന്ന ധര്‍ക്കറിന്റെ സംശയം അടുത്ത ചര്‍ച്ചയ്ക്ക് വഴിതെളിച്ചു.  മൂന്നാംലോകരാഷ്ട്രങ്ങളിലെ ജീവിതമാണ് അദ്ദേഹത്തിന്റെ ഭൂരിഭാഗം കൃതികളിലെയും പ്രമേയമെന്നും അഭിപ്രായമുയര്‍ന്നു. ഇതേ ചോദ്യം അശോക് ഫെറെയ്ക്കു  നേരെയും ഉയര്‍ന്നു. ലണ്ടനില്‍ താമസക്കാരനായ തന്റെ ദി പ്രൊഫഷണല്‍  എന്ന നോവലില്‍ പശ്ചാത്തലം 1980കളിലെ ലണ്ടന്‍ നഗരമാണെന്നായിരുന്നു ഫെറെയുടെ മറുപടി.

നിറഞ്ഞ സദസ്സ് ഒരുനിമിഷത്തേക്ക് പോലും ശ്രദ്ധ തെറ്റാതെ ചര്‍ച്ചകള്‍ക്ക് കാതോര്‍ത്തു. സ്ഥലവും കാലവുമല്ലേ ഒരു കൃതിയെ പ്രസക്തമാക്കുന്നതെന്ന സദസ്സിന്റെ അഭിപ്രായത്തോട് മൂവരും യോജിച്ചു. കഥയോ പശ്ചാത്തലമോ എന്തുതന്നെയായാലും കഥ നടക്കുന്നതെവിടെ എന്ന കാര്യം അത്രമേല്‍ പ്രസക്തമാണെന്ന വിലയിരുത്തലിലാണ് സംവാദം അവസാനിച്ചത്.

Content Highlights: mbifl2018 the cities in our head through writings discussion