തിരക്കുകളില്‍ നിന്ന് അകന്നുനിന്ന ഇത്തിരിനേരത്ത് മയ്യഴിയുടെ കഥാകാരനെ അടുത്തുകിട്ടിയ സന്തോഷത്തിലായിരുന്നു ആരാധകര്‍. മരത്തണലിലെ ചാരുബെഞ്ചിലിരുന്ന് അവരോടൊക്കെ മതിയാവോളം വിശേഷങ്ങള്‍ പങ്കുവച്ചും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞും എം.മുകുന്ദന് അവര്‍ക്കൊപ്പം ഒരാളായി മാറി.
എഴുത്തിനെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും എന്നു വേണ്ട മലയാളസാഹിത്യത്തിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് വരെ സംസാരം നീണ്ടു. എഴുതുന്ന എന്തിലും സ്ത്രീവിരുദ്ധത ആരോപിക്കപ്പെട്ടാല്‍ എഴുത്തുകാര്‍ എഴുത്ത് നിര്ത്തേണ്ടിവരുമല്ലോ എന്നായിരുന്നു മുകുന്ദന് അഭിപ്രായപ്പെട്ടത്. കഥാപാത്ര സൃഷ്ടിയില്‍ യാദൃശ്ചികമായോ കഥാപാത്രം ആവശ്യപ്പെടുന്ന രീതിയില്‍ അനിവാര്യതയായോ കടന്നുവരുന്ന സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ വിവാദമാക്കുന്നത് ശരിയല്ല. എന്നാല്‍, ബോധപൂര്‍വമുള്ള സ്ത്രീവിരുദ്ധത അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരനെയല്ല എഴുത്തിലെ ആശയങ്ങളെ സ്വീകരിക്കുന്ന കാലമാണിത്.അനിവാര്യമായ മാറ്റങ്ങളുടെ ഭാഗമായി സംഭവിക്കുന്നതാണ് അത് എം.മുകുന്ദന് പറഞ്ഞു.