കനകക്കുന്നിലേക്ക് സഹോദരന്‍ ശശി തരൂരിനൊപ്പമാണ് ശോഭ തരൂര്‍ എത്തിയത്. തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് തരൂര്‍ സംസാരിക്കുമ്പോഴൊക്കെ സദസ്സില്‍ മുന്‍നിരയില്‍ ശോഭയുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴാണ് പരിചയപ്പെട്ടത്. സഹോദരന്റെ പ്രഭാഷണം കേള്‍ക്കാനായി എത്തിയതാണല്ലേ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട മറുപടി, എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരാളെ കാണാനുണ്ടായിരുന്നു. ആരാണത് എന്ന് ആകാംക്ഷയോടെ ചോദിച്ചു തീരുംമുമ്പ് ആള്‍ മുന്നിലെത്തി, ജയശ്രീ മിശ്ര!

അക്ഷരങ്ങളുടെ ആഘോഷവേദി ശോഭയ്ക്കും ജയശ്രീക്കും സൗഹൃദത്തിന്റെ ആഘോഷവേള കൂടിയായി. കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ് ഇരുവരും. ഡല്‍ഹിയില്‍ വച്ചാരംഭിച്ച കൂട്ടുകെട്ട് ഇക്കാലമത്രയും ഉപേക്ഷിച്ചിട്ടില്ല. ഒന്നിച്ചുണ്ടായിരുന്ന കാലത്തെ ഓര്‍മ്മകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ശോഭ പറഞ്ഞുതുടങ്ങി. ആദ്യം പരിചയപ്പെട്ടതിനെക്കുറിച്ച്, നാടകം കാണാന്‍ ഒന്നിച്ച് പോയതിനെക്കുറിച്ച്, പരസ്പരം അയച്ച രസകരമായ ഇമെയിലുകളെക്കുറിച്ച്.

നീയിതൊക്കെ ഇത്രക്ക് കൃത്യമായി ഓര്‍ത്തിരിക്കുന്നോ എന്ന് ശോഭയോട് അത്ഭുതത്തോടെ ജയശ്രീ. ഞാന്‍ നിന്നെപ്പോലെയല്ല ഓര്‍മയുള്ള കൂട്ടത്തിലാണെന്ന് ശോഭയുടെ കുസൃതി നിറഞ്ഞ മറുപടി. ഇരുവരെയും തമ്മിലടുപ്പിച്ച ജീവിതസാഹചര്യങ്ങളെക്കുറിച്ചാണ് ജയശ്രീക്ക് പറയാനുണ്ടായിരുന്നത്. 

കോളേജ് പഠനകാലത്ത് ഒരേ തൂവല്‍പ്പക്ഷികളായിരുന്നു ഇരുവരുമെന്ന് ജയശ്രീ ഓര്‍മിച്ചെടുത്തു. അച്ഛനോ അമ്മയോ അടുത്തുണ്ടായിരുന്നില്ല രണ്ടാള്‍ക്കും. കൗമാരത്തിന്റെ അരക്ഷിതാവസ്ഥയിലും പരിഭ്രമങ്ങളിലുമെല്ലാം സൗഹൃദങ്ങായിരുന്നു പിന്‍ബലമെന്നും ജയശ്രീ.

പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ പങ്കുവച്ചും കാണാനും സംസാരിക്കാനുമെത്തുന്നവരോട് കുശലം പറഞ്ഞും ഫോട്ടോയ്ക്ക് പോസ് ചെയ്തും തിരക്കിലാണ് ഈ സുഹൃത്തുക്കള്‍. അമേരിക്കയില്‍ സ്ഥിരതാമസക്കാരിയായ ശോഭാ വര്‍ഷത്തിലൊരിക്കലാണ് കേരളത്തിലെത്തുക. അപ്പോഴൊക്കെ ജയശ്രീയെ കാണാതെ മടങ്ങാറുമില്ല.

Content Highlights: mbifl2018 Festival Of Letters MathrubhumiInterNational Festival Of Letters Tharoor