വായനക്കാരന് മുന്നില്‍ താന്‍ അക്ഷരങ്ങളിലൂടെ അറിഞ്ഞാദരിച്ച എഴുത്തുകാര്‍... എഴുത്തുകാരന് മുന്നില്‍ താന്‍ ആര്‍ക്കുവേണ്ടി വികാര വിചാരങ്ങള്‍ പകര്‍ത്തിയോ ആ വായനക്കാര്‍... അവര്‍ മുഖാമുഖം വരുമ്പോള്‍ എന്താകും അനുഭവം? ചോദ്യങ്ങളും സംവാദങ്ങളും? പരസ്പരം നേരില്‍ കണ്ട ആനന്ദം? ഇതാ നാം കാത്തിരിക്കുന്ന എഴുത്തുകാരില്‍ ചിലര്‍

മോണിക്ക പറഞ്ഞു: ഇല്ല... ഇനിയില്ല!

പേറ്റുനോവ് തുടങ്ങിയിരുന്നു. വേദന കടിച്ചമര്‍ത്തിക്കിടക്കവേ, ഭര്‍തൃവീട്ടുകാര്‍ തന്റെ ചേലാകര്‍മത്തിന് ഒരുങ്ങുകയാണെന്ന് മോണിക്ക വാഞ്ചിരുവിന് മനസ്സിലായി. Monicaആഫ്രിക്കയില്‍ വ്യാപകമായി നടക്കുന്ന പ്രാകൃതാചാരം. സ്ത്രീകളുടെ ബാഹ്യലൈംഗികാവയവങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ നീക്കംചെയ്യുന്ന വൃത്തികെട്ട കര്‍മം.

പിന്നെയൊന്നുമാലോചിച്ചില്ല, ആരും കാണാതെ മോണിക്ക വാഞ്ചിരു വീടുവീട്ടിറങ്ങി. നെയ്റോബിയിലെ ഒളോസസിലെ ഗോങ് വനത്തിലൂടെ ഏന്തിവലിഞ്ഞ് അവള്‍ നടന്നു. ലോകത്തെ കാണാന്‍ കുഞ്ഞ് ഉള്ളില്‍നിന്ന് തിടുക്കപ്പെട്ടു. ഇരുട്ടും ഭയവും തിങ്ങിയ  ആരണ്യകം. വേദനയും സങ്കടവും  ഉള്ളിലൊതുക്കി  അവള്‍ നീങ്ങി. കാടുകടക്കാന്‍ പതിനഞ്ച് കിലോമീറ്റര്‍ താണ്ടണമായിരുന്നു. ഒരു ദിവസത്തെ കഠിനസഞ്ചാരം.

ഒടുവില്‍ കാടിനെ പിന്നിലാക്കി അവള്‍ അമ്മാവന്റെ വീട്ടിലെത്തി. അവിടെവെച്ച് അവള്‍ ആദ്യകുഞ്ഞിന് ജന്മംനല്‍കി. അന്നാണ് ചേലാകര്‍മത്തിനെതിരേ (ഫീമേല്‍ ജനിറ്റല്‍ മ്യൂട്ടിലേഷന്‍) പോരാടാന്‍ മോണിക്ക വാഞ്ചിരു തീരുമാനിച്ചത്. ഇപ്പോഴും പോരാട്ടം തുടരുന്നു. ആഫ്രിക്കയ്ക്കകത്തും പുറത്തുമുള്ള ആയിരക്കണക്കിനുപേര്‍ ഇന്ന് അവര്‍ക്കൊപ്പമുണ്ട്. മോണിക്ക വാഞ്ചിരു തിരുവനന്തപുരത്ത് വരുന്നു, ആഫ്രിക്കയുടെ കഥപറയാന്‍, സ്വന്തം കഥപറയാന്‍....

മനുഷ്യന് ദൈവം വയര്‍ നല്‍കിയത് വലിയൊരു തെറ്റാണ്

ശരണ്‍കുമാര്‍ ലിംബാളയുടെ കുട്ടിക്കാലം ദാരിദ്ര്യവും അപമാനവും നിറഞ്ഞതായിരുന്നു. വയറിന്റെ കാളലടങ്ങാന്‍ പശുക്കളുടെ ചാണകത്തില്‍ ദഹിക്കാതെകിടന്ന ജോവര്‍ ധാന്യമെടുത്ത് കഴുകി, വെയിലില്‍ ഉണക്കി ഭാക്രിയുണ്ടാക്കി തിന്നുമായിരുന്നു വീട്ടുകാരും അമ്മയുടെ സമുദായമായ മഹര്‍ ജാതിക്കാരും. ഇടയ്ക്കുകിട്ടുന്ന ചത്തപശുവിന്റെ മാംസം വേവിച്ചും ഉണക്കിയും തിന്നും. 

saran kumar limbalaചവറുകളും കുപ്പികളും പെറുക്കിവിറ്റാല്‍ കിട്ടുന്ന ചെറിയ തുക ഒരുനേരത്തെ വയര്‍ നിറയ്ക്കാന്‍പോലും തികഞ്ഞില്ല. 'ഞങ്ങളുടെ വിശപ്പും വയറും മാത്രമല്ല, ഞങ്ങളെയും ത്രാസില്‍വെച്ച് നോക്കണം. ദിവസം മുഴുവന്‍ അലഞ്ഞുനടന്ന് വാരിക്കൂട്ടുന്ന ചവറിന്റെ തൂക്കവും വിലയുമുണ്ടോ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ക്ക്. ദൈവം മനുഷ്യന് വയര്‍ നല്‍കിയത് ഒരു വലിയ തെറ്റാണ്.'  -അക്കര്‍മാശി എന്ന പ്രശസ്ത കൃതിയില്‍ ലിംബാളെ എഴുതി. 

ഇരുപത്തിയഞ്ചാം വയസ്സിലെഴുതപ്പെട്ട ആത്മകഥയാണ് അക്കര്‍മാശി. ദുരന്തത്തിന്റെ ചതുപ്പില്‍ പൂണ്ടുകിടക്കാന്‍ വിധിക്കപ്പെട്ട ലിംബാളെയെ നമുക്കിതില്‍ നേരില്‍ക്കാണാം. അമ്മ മഹര്‍ ജാതിക്കാരിയും അച്ഛന്‍ ലിംഗായത്ത് ജാതിക്കാരനുമായതിനാല്‍  അര്‍ധജാതിക്കാരനായി  ജീവിക്കേണ്ടിവന്ന ഒരുവന്റെ ഒറ്റപ്പെടലും വേദനയും... സവര്‍ണരാല്‍ പീഡിപ്പിക്കപ്പെട്ട അനുഭവങ്ങളുടെ ചൂടേറ്റ് നമ്മുടെയും ഹൃദയം തപിക്കും. അക്കര്‍മാശിയും മറ്റ് പ്രധാനപ്പെട്ട കൃതികളായ ബഹുജനവും ബഹിഷ്‌കൃതരും മാതൃഭൂമി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.ലിംബാളെയും നമ്മെകാണാന്‍ എത്തുകയാണ്. 

നിന്റെ ജാതിയാണ് നിന്റെ ജീവിതം നിന്റെ ജീവിതമാണ് നിന്റെ ജാതി

അവര്‍ക്ക് കഴിക്കാന്‍ പ്രത്യേകം പ്ലേറ്റുകളും കുടിക്കാന്‍ പ്രത്യേകം ഗ്ലാസുകളുമായിരുന്നു. ഉന്നതകുലജാതരുടെ ഇടങ്ങളിലൂടെ സൈക്കിളില്‍ സഞ്ചരിക്കാനോ sujatha gidlaചെരുപ്പിട്ടു നടക്കാനോ അവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. അവരെക്കുറിച്ച് അവരില്‍പ്പെട്ട ഒരു പെണ്ണ് പൊള്ളുന്നഭാഷയില്‍ ഒരു പുസ്തകമെഴുതി -ആന്റ്സ് എമങ് എലിഫെന്റ്സ്. അതെഴുതുമ്പോള്‍, തന്റെ കൈയിലെ മധുരം വാങ്ങാന്‍ വിസമ്മതിച്ച സ്‌കൂളിലെ സഹപാഠിയെ അവള്‍ ഓര്‍ത്തിട്ടുണ്ടാവണം. 

അവളുടെ പേര് സുജാത ഗിഡ്ല. ആന്ധ്രയില്‍ ജനനം. ഇരുപത്തിയാറാം വയസ്സില്‍ അമേരിക്കയിലേക്ക് കുടിയേറി. ഇപ്പോള്‍ അമേരിക്കയിലെ സബ്വേയില്‍ കണ്ടക്ടറായി ജോലി. അമേരിക്കയിലെ പ്രഥമ വനിതാ കണ്ടക്ടറാണ് സുജാത. ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ഭയാനതകളും വൃത്തികേടുകളും തുറന്നുകാട്ടുന്ന ആന്റ്സ് എമങ് എലിഫെന്റ്സ് ലോകം ഞെട്ടലോടെയാണ് വായിച്ചത്. സദാചാരക്കൊലകളും ജാതിയുടെപേരില്‍ അക്രമങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുന്ന നടപ്പുകാല ഭാരതീയപരിസരത്തില്‍ സുനിതയുടെ വാക്കുകള്‍ നമുക്ക് മുഖദാവില്‍ കേള്‍ക്കേണ്ടതുണ്. 

ചരിത്രവും ജീവിതവും കഥപോലെ...

വില്യം ഡാല്‍റിംപിള്‍ നോവല്‍ എഴുതിയിട്ടില്ല. എന്നാല്‍,  ഡാല്‍റിംപിളിന്റെ എഴുത്തുകളെല്ലാം കെട്ടിഘോഷിക്കപ്പെടുന്ന നോവലുകളെക്കാള്‍ വായനക്കാരെ ചേര്‍ത്തുപിടിച്ചുകൊണ്ടുപോകുന്നു, അനുഭവിപ്പിക്കുന്നു. ചരിത്രവും താന്‍കണ്ട ജീവിതങ്ങളും വില്യം ഡാല്‍റിംപിള്‍ കഥപോലെ പറയുന്നു. ഇദ്ദേഹം എഴുതിയത് വായിക്കുമ്പോള്‍ നമ്മളും ആ ലോകത്തെത്തുന്നു. അവിടത്ത മനുഷ്യരും ജീവജാലങ്ങളും നമ്മുടെയും അടുപ്പക്കാരാവുന്നു. ലാപ്പിയറും കോളിന്‍സും ചേര്‍ന്നെഴുതിവെച്ച ചരിത്രമെഴുത്തിന്റെ സര്‍ഗവഴിയിലൂടെ ഡാല്‍റിംപിളും വിജയകരമായി സഞ്ചരിക്കുന്നു. വിഖ്യാത എഴുത്തുകാരി വെര്‍ജിനിയ വൂള്‍ഫിന്റെ ഉറ്റബന്ധുവാണ് ഡാല്‍റിംപിള്‍. 

William Dalrymple1989-ല്‍ പുറത്തിറങ്ങിയ ഇന്‍ സാനഡു,  മാര്‍ക്കോ പോളോ സഞ്ചരിച്ച വഴികളിലൂടെ 120 ദിവസങ്ങളെടുത്ത് ഇദ്ദേഹം പോയതിന്റെ സാക്ഷ്യമെഴുത്താണ്. ഇരുപത്തിരണ്ടാം വയസ്സില്‍ എഴുതിത്തീര്‍ത്ത യാത്രാവിവരണം. കോളേജ് പഠനം കഴിഞ്ഞ്, പരീക്ഷയുടെ ഫലം കാത്തിരുന്ന പയ്യനെ ഒരു ചിന്ത തൊട്ടു. മാര്‍ക്കോ പോളോ ജെറുസലേമില്‍നിന്ന് സാനഡുവിലുള്ള കുബ്ലാഖാന്റെ കൊട്ടാരത്തിലേക്ക്  കാലങ്ങള്‍ക്കുമുന്‍പേ പോയ വഴിയിലൂടെ തനിക്കും സഞ്ചരിച്ചാലോ?  പകുതിയോളം ദൂരം ആ യുവാവിന് കൂട്ടുവന്നത് ലോറയായിരുന്നു. രണ്ടാഴ്ചമുന്‍പ് ഒരു ഡിന്നര്‍പാര്‍ട്ടിയില്‍വെച്ച് കണ്ട സുന്ദരി. പകുതിക്കുശേഷം ലൂസിയയും. ഇന്‍ സാനഡു യാത്രയെഴുത്തിന്റെ പുതുവഴി തുറക്കുകയായിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ബെസ്റ്റ് സെല്ലറായി. വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.

 ഭാരതത്തിന്റെ ഉള്‍പ്രദേശങ്ങളില്‍നിന്ന് ആത്മീയതയുടെ വിചിത്രതലങ്ങള്‍ അവതരിപ്പിക്കുന്ന നെയന്‍ ലൈവ്സ് ഡാല്‍റിംപിളിന്റെ മറ്റൊരു പ്രധാനപുസ്തകമാണ്. കണ്ണൂരിലെ തെയ്യംകെട്ടുകാരന്‍ ഹരിദാസ്,  യെല്ലമ്മയ്ക്ക് സമര്‍പ്പിക്കപ്പെട്ട ദേവദാസി റാണിഭായ്, സിന്ധിലെ സൂഫി ലാല്‍പരി, ടിബറ്റില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന ബുദ്ധഭിക്ഷു റ്റാഷി പസങ്ക്, ബാവുല്‍ ഗായകന്‍ കനായി, ബംഗാളിലെ താന്ത്രികസംന്ന്യാസി മനീഷാമാ ഭൈരവി, തമിഴ്നാട്ടിലെ വിഗ്രഹനിര്‍മാതാവായ ശ്രീകണ്ഠസ്ഥപതി, ശ്രാവണബല്‍ഗോളയിലെ ജൈനസംന്ന്യാസി പ്രസന്നമതി മാതാജി, രാജസ്ഥാനിലെ പാരമ്പര്യഗായകന്‍ മോഹന്‍ എന്നിവരുടെ ജീവിതമാണ് ഒന്‍പതു ജന്മങ്ങളിലെ പ്രതിപാദ്യം. റിട്ടേണ്‍ ഓഫ് എ കിങ്, ലാസ്റ്റ് മുഗള്‍, ഫ്രം ദ ഹോളി മൗണ്ടന്‍ എന്നിവയും ഇദ്ദേഹത്തിന്റെ പ്രധാനകൃതികളാണ്. പുതിയ പുസ്തകമായ ഈസ്റ്റ് ഇന്ത്യ കമ്പനിയെക്കുറിച്ച് ഈ അക്ഷരോത്സവത്തില്‍ ഡാല്‍റിംപിള്‍ സംസാരിക്കും. 

'പദ്മാവതി'ക്കും മുന്‍പൊരു 'റാണി'

ജയശ്രീ മിശ്രയുടെ ഏന്‍ഷ്യന്റ് പ്രോമിസസ് എന്ന ആദ്യനോവല്‍ പ്രണയവും വിരഹവും ദാമ്പത്യജീവിതത്തിന്റെ സംഘര്‍ഷങ്ങളും മാതൃത്വത്തിന്റെ സ്‌നേഹവര്‍ഷമൊക്കെ സുന്ദരമായി പകര്‍ത്തിവെച്ച നോവലാണ്. ഒരു ശരാശരി പ്രവാസി പെണ്‍കുട്ടിയുടെ സ്വതന്ത്രമായ കൗമാരജീവിതത്തില്‍നിന്ന്, വിവാഹത്തോടെ കോപ്പിവരപുസ്തകത്തിലെന്നപോലെ കളങ്ങളില്‍ വരച്ചിട്ട ഉപരിവര്‍ഗജീവിതത്തിലേക്ക് പറിച്ചുനടപ്പെട്ട ആ ജീവിത കഥ നെഞ്ചില്‍ ഒരു വിങ്ങല്‍ അവശേഷിപ്പിക്കും. 

jayasree mishraമലയാളത്തിന്റെ പ്രിയകഥാകാരിയും ജയശ്രീയുടെ സഹപാഠിയുമായ പ്രിയ എ.എസ്. ജന്മാന്തരവാഗ്ദാനങ്ങള്‍ എന്നപേരില്‍ അത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ തകഴിയുടെ കുടുംബാംഗംകൂടിയാണ് ജയശ്രീ.  യൗവനത്തില്‍ അനുഭവിച്ച സംഘര്‍ഷങ്ങളും സങ്കടങ്ങളുമാണ് ജയശ്രീ മിശ്രയെക്കൊണ്ട് ആത്മകഥാംശമുള്ള നോവല്‍ എഴുതിച്ചത്. 

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ 'റാണി' ലക്ഷ്മീഭായിയുടെ ജീവിതം ഭാവനാത്മകമായി അവതരിപ്പിച്ച റാണി എന്ന നോവല്‍ ജയശ്രീ മിശ്രയെ വിവാദത്തിന്റെ ചുഴികളില്‍ വീഴ്ത്തി. ഇന്ത്യയിലും ലണ്ടനിലും സൂക്ഷിച്ചിരിക്കുന്ന ചരിത്രരേഖകളില്‍നിന്ന് ചിലത് നോവലില്‍ ചേര്‍ത്തുവെച്ചത് കോലാഹലങ്ങള്‍ക്കിടയാക്കി. 

റാണിയുടെ ജീവിതം തെറ്റായിയെഴുതിയെന്നാരോപിച്ച് ലക്ഷ്മീഭായിയുടെ ജന്മദേശമായ യു.പി.യില്‍ 'റാണി'ക്ക് നിരോധനമുണ്ടായി. ഡല്‍ഹിയിലെ മധ്യവര്‍ഗമലയാളിജീവിതം വരച്ചുകാട്ടുന്ന ആക്സിഡന്റ് ലൈക്ക് ലവ് ആന്‍ഡ് മാരേജ്, ജനപ്രിയനോവല്‍ പരമ്പരയായ സീക്രട്ട്സ് എന്നിവയും ജയശ്രീ മിശ്രയുടെ പ്രധാനകൃതികളാണ്. 

അറിയാം, വാക്കുകള്‍ക്ക് ബുള്ളറ്റിനെക്കാള്‍ ശക്തിയുണ്ട്...

ഘാനയില്‍ പട്ടാളഭരണകാലത്താണ് അയേഷ ഹറുന അത്താഹ് ജനിക്കുന്നത്. സ്വതന്ത്രമായ കലാവിഷ്‌കാരങ്ങള്‍ക്ക് പട്ടാളഭരണം വിലക്കേര്‍പ്പെടുത്തിയിരുന്നു.  ആ കാലത്തിന്റെ വരണ്ട ഓര്‍മകള്‍ അയേഷയുടെ കഥകളിലും നോവലുകളിലും കടന്നുവന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കുട്ടിക്കാലത്ത് ഗ്രാഫിക് ഡിസൈനറായ അച്ഛനും പത്രപ്രവര്‍ത്തകയായ അമ്മയും ഏറെ കഷ്ടപ്പെട്ടിരുന്നെന്ന് അയേഷ ഓര്‍മിക്കുന്നു. 

Ayesha Harruna Attahഅയേഷയുടെ അച്ഛനും അമ്മയും ചേര്‍ന്ന് ഇമാജിന്‍ എന്ന മാഗസിന്‍ നടത്തിയിരുന്നു. സാഹിത്യവും കലയും രാഷ്ട്രീയവും കൈകാര്യം ചെയ്തിരുന്ന മാഗസിനായിരുന്നു ഇമാജിന്‍. ലോകപ്രശസ്ത എഴുത്തുകാരി ടോണി മോറിസന്റെ ഇമാജിനില്‍ വന്ന രചനകളാണ് അയേഷയെ സാഹിത്യലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. അയേഷയുടെ പന്ത്രണ്ടാം വയസ്സില്‍ അച്ഛനെ അദ്ദേഹം ഇമാജിനില്‍ എഴുതിയ ലേഖനത്തിലെ ഭരണവിരുദ്ധത ആരോപിച്ച് ജയിലടയ്ക്കുകയുണ്ടായി. 

ആദ്യനോവലായ ഹാര്‍മട്ടണ്‍ റെയ്ന്‍ വിവരിക്കുന്നത് 1954-ലെ ഘാനയിലെ ജീവിതമാണ്. മൂന്ന് സ്ത്രീകളുടെ കാഴ്ചപ്പാടില്‍ എഴുതപ്പെട്ട നോവലാണിത്. രാഷ്ട്രീയത്തില്‍ നിങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രീയം നിങ്ങളില്‍ ഇടപെടുമെന്ന് ഹാര്‍മട്ടണ്‍ റെയ്നിലൂടെ അയേഷ പറയുന്നു. രണ്ടാമത്തെ നോവലായ സാറ്റര്‍ഡേയ്സ് ഷാഡോവിന്റെ പ്രമേയപരിസരം 1990-ലെ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു സാങ്കല്പികദേശമാണ്. 

പട്ടാളഭരണത്തിനുശേഷം അനിശ്ചിതത്വം നിറഞ്ഞ രാഷ്ട്രീയകാലാവസ്ഥയില്‍ അച്ഛനും അമ്മയും മകനും ഒരുമിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോവാനുള്ള കഷ്ടപ്പാടുകളാണ് സാറ്റര്‍ഡേയ്സ് പറഞ്ഞുവയ്ക്കുന്നത്. വാക്കുകള്‍ക്ക് അസാധാരണശക്തിയുണ്ടെന്നും ലോകത്തെ മാറ്റിമറിക്കാന്‍ കഥകളിലൂടെ, നോവലുകളിലൂടെ, റിപ്പോര്‍ട്ടുകളിലൂടെ താന്‍ ചെയ്തുകൊണ്ടേയിരിക്കുമെന്ന് അയേഷ പറയുന്നു.

ഒരിടത്തൊരു സോവിയറ്റ് യൂണിയനുണ്ടായിരുന്നു...

സോവിയറ്റ് യൂണിയന്‍ തകരുന്നതിന് രണ്ടാഴ്ചമുന്‍പ് ആന്ദ്രേ കുര്‍ക്കോവ് തന്റെ ആദ്യനോവല്‍ എഴുതിപ്പൂര്‍ത്തിയാക്കി. സുഹൃത്തുക്കളില്‍നിന്ന് വാങ്ങിയ കാശുകൊണ്ട് ആ നോവല്‍  അച്ചടിച്ചിറക്കി. ബുക്സ്റ്റാളുകളിലും നഗരവീഥികളും  തന്റെ ആദ്യനോവല്‍ വില്‍ക്കാന്‍ നടന്നു. ഒരു വലിയ രാഷ്ട്രം പലകഷണങ്ങളായി വിഭജിക്കപ്പെട്ടതിന്റെ സംഘര്‍ഷം ആ കാലത്തുണ്ടായിരുന്നു.  

Andrei Kurkovലെനിന്‍ഗ്രാഡില്‍ ജനിച്ച കുര്‍ക്കോവിന്റെ  പിതാവ് പട്ടാളത്തിലായിരുന്നു. നികിതാ ക്രൂഷ്‌ചേവിന്റെ നിരായുധീകരണ ഉടമ്പടി വന്നപ്പോള്‍ അച്ഛന് ജോലിനഷ്ടപ്പെട്ടു. കുടുംബം ലെനില്‍ഗ്രാഡില്‍നിന്ന് ആയിരം കിലോമീറ്റര്‍ അകലെയുള്ള യുക്രൈനിലേക്ക് പലായനംചെയ്തു. ആറാം വയസ്സിലാണ് എഴുത്തിന്റെ തുടക്കം. കുര്‍ക്കോവിന്റെ വീട്ടില്‍ എലികള്‍ ഉണ്ടായിരുന്നു. കുര്‍ക്കോവെന്ന കുട്ടി എലികളുമായി കളിക്കുമായിരുന്നു. ഒരുദിവസം അച്ഛന്‍ വാതിലടച്ചപ്പോള്‍ എലികളിലൊന്ന് വാതിലിനിടയില്‍ കുടുങ്ങി മരണപ്പെട്ടു. 

ആ വേദനയില്‍ കുര്‍ക്കോവ് ഒരു കവിതയെഴുതി. ആദ്യ രചന അതാണ്. എഴുത്തിനെ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയത് മൂത്തജ്യേഷ്ഠന്റെ സ്വാധീനത്തിലായിരുന്നു. വീടിന്റെ അടുക്കളയില്‍ സഹോദരനും സുഹൃത്തുക്കളും രാഷ്ട്രീയചര്‍ച്ചകള്‍ നടത്തുക പതിവായിരുന്നു. ഭരണകൂടഭീകരത നിലനിന്നിരുന്ന കാലം. ഭരണകൂടത്തിനെതിരേ സംസാരിക്കുന്നവരെ, സമരംചെയ്യുന്നവരെ രാജ്യദ്രോഹിയാക്കിയിരുന്ന ആ കാലത്ത് സഹോദരനും സുഹൃത്തുക്കളും നടത്തിയ ചര്‍ച്ചകള്‍ കുര്‍ക്കോവിന്റെ മനോഭാവം മാറ്റിപ്പണിതു.

ആക്ഷേപഹാസ്യത്തിലൂന്നിനിന്നുകൊണ്ടുള്ള എഴുത്താണ് കുര്‍ക്കോവിന്റേത്. പത്രപ്രവര്‍ത്തകനായിരുന്നു, ഛായഗ്രാഹകനായിരുന്നു, ജയില്‍വാര്‍ഡനായിരുന്നു. 19 നോവലുകള്‍ കുര്‍ക്കോവ് രചിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷമുള്ള കാര്യങ്ങള്‍ കറുത്തഹാസ്യത്തില്‍ കുര്‍ക്കോവ് എഴുതിയത് ജനം രുചിച്ചു. 1996-ല്‍ റഷ്യന്‍ഭാഷയില്‍ പ്രസിദ്ധീകരിച്ച ഡെത്ത് ആന്‍ഡ് ദി പെന്‍ഗ്വിന്‍ കുര്‍ക്കോവിന്റെ ഏറെ പ്രശസ്തമായ ആക്ഷേപഹാസ്യനോവലാണ്.

ചരമവാര്‍ത്തകള്‍ എഴുതി ജീവിക്കുന്ന, എഴുത്തുകാരനാവാന്‍ ആഗ്രഹിക്കുന്ന വിക്ടര്‍ എന്ന ചെറുപ്പക്കാരനും മിഷ എന്ന പെന്‍ഗ്വിനും തമ്മിലുള്ള അടുപ്പത്തിലൂടെ സോവിയറ്റ് യൂണിയന്റെ ശൈഥില്യത്തിനുശേഷമുള്ള യുക്രൈന്‍ കറുത്ത ചിരിയോടെ കുര്‍ക്കോവ് വരച്ചുകാട്ടുന്നു. കുട്ടികള്‍ക്കുവേണ്ടി ഒന്‍പത് പുസ്തകങ്ങള്‍ കുര്‍ക്കോവ് എഴുതിയിട്ടുണ്ട്. 20 ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.
അക്ഷരോത്സവത്തില്‍ ആമുഖഭാഷണം നടത്തുന്നത് കുര്‍ക്കോവാണ്. 

ഒരു ചതിയുടെ കഥ

കിളിമാനൂര്‍ കൊട്ടാരത്തില്‍ വിഖ്യാതചിത്രകാരന്‍ രാജാരവിവര്‍മയുടെ പേരക്കിടാവായാണ് സേതുലക്ഷ്മിബായിയുടെ ജനനം. സേതുലക്ഷ്മിയെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബം ദത്തെടുത്തു. ആറ്റിങ്ങല്‍ റാണിയെന്ന പദവിയോടെ തിരുവിതാംകൂറിന്റെ മഹാറാണിയാവുമ്പോള്‍ അവര്‍ക്ക് പ്രായം വെറും ആറു വയസ്സ് ബാല്യവും കൗമാരവും അറിഞ്ഞനുഭവിക്കാനുള്ള യോഗം അവിടംതൊട്ടു നഷ്ടമാവുന്നു. 1924-ല്‍ ഇരുപത്തിയേഴാം വയസ്സില്‍ 50 ലക്ഷം പ്രജകളുടെ റീജന്റ് മഹാറാണിയായി. 

Manu S Pillaiഏഴുവര്‍ഷത്തെ സദ്ഭരണത്തില്‍ തിരുവിതാംകൂര്‍ പുരോഗതിയിലേക്ക് മുഖംമാറി. സ്ത്രീകള്‍ക്ക് ഭരണത്തിലും ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും നല്ല പ്രാധാന്യം ലഭിച്ചു. റീജന്റ് പദവിയൊഴിഞ്ഞശേഷം രാജകുടുംബത്തിലെ എതിര്‍ചേരിയുടെ അടിച്ചമര്‍ത്തല്‍ സഹിച്ച് ഒന്നരപ്പതിറ്റാണ്ടോളം അവര്‍ക്ക് കഴിയേണ്ടിവന്നു. സ്വാതന്ത്ര്യത്തിനുശേഷം ഭൃത്യന്മാര്‍ സമരത്തിനു മുതിര്‍ന്നപ്പോള്‍ അറുപതാംവയസ്സില്‍ കൊട്ടാരവും നാടും വിട്ട് അവര്‍ പാലായനം ചെയ്തു. മഹാറാണിപ്പട്ടം ഉപേക്ഷിച്ച് ബാംഗ്ലൂരില്‍ സാധാരണസ്ത്രീയായി ജീവിച്ച് 1985 ഫെബ്രുവരി 22-ന് അന്തരിച്ചു. 

റാണിയുടെ പടിയിറക്കവും തിരുവിതാംകൂര്‍ എന്ന രാജ്യത്തിന്റെ അന്ത്യവും വിശദമായി വരച്ചിടുന്ന കൃതിയാണ് മനു എസ്. പിള്ളയുടെ ഐവറിത്രോണ്‍: ക്രോണിക്കള്‍സ് ഓഫ് ദി ഹൗസ് ഓഫ് ട്രാവന്‍കൂര്‍. ഭക്തിയോ വിധേയത്വമോ ഇല്ലാതെയാണ് കിട്ടാവുന്ന രേഖകളുടെയും പലരുടെയും സാക്ഷ്യപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍ മനു എസ്. പിള്ള 700 പേജുള്ള പുസ്തകം എഴുതിത്തീര്‍ത്തത്.  ഇതിനായി യൂറോപ്പിലും അമേരിക്കയിലും റഷ്യയിലും വിവരശേഖരണത്തിനായി ആറുവര്‍ഷത്തോളം അലഞ്ഞു, മനു എസ്. പിള്ള. 

വിവരശേഖരണത്തിന്റെ ഭാരവും മടുപ്പുമൊന്നും പുസ്തകത്തിനില്ല, ഒഴുക്കുള്ള ശൈലിയില്‍ മനു എസ്. പിള്ളയ്ക്ക് കഥപറയാന്‍ കഴിഞ്ഞു. ഐവറിത്രോണ്‍: ക്രോണിക്കള്‍സ് ഓഫ് ദി ഹൗസ് ഓഫ് ട്രാവന്‍കൂറിന് ഇംഗ്‌ളീഷിലെ മികച്ച കൃതിക്കുള്ള കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യപുരസ്‌കാരം ലഭിക്കുകയുണ്ടായി. 

ഒരുദിവസത്തെ ഓര്‍മമാത്രമുള്ള ഒരു ലോകത്ത് ഒരു കൊലപാതകം സംഭവിച്ചാല്‍...

അത് അങ്ങനെയൊരു ലോകമാണ്. ആ ലോകത്തെ ആളുകള്‍ക്കെല്ലാം ഇന്നലെ സംഭവിച്ചകാര്യം മാത്രമേ ഓര്‍ക്കാനാവൂ. അതിനുമുന്‍പുള്ള ദിവസങ്ങളെല്ലാം മറവിയുടെ കുഴിയില്‍വീഴും. അപൂര്‍വം ചിലര്‍ക്ക് രണ്ടുദിവസത്തെ ഓര്‍മയുണ്ടാവും. മറവിയുടെ സുഖത്തിലായിരുന്നു അവര്‍ ജീവിച്ചത്. പ്രേമം, മരണം, ദുരന്തം എല്ലാം അവര്‍ പെട്ടെന്നു മറന്നു. അങ്ങനെ ഒറ്റദിവസത്തെ ഓര്‍മകളില്‍ ജീവിക്കുന്ന ആ നാട്ടില്‍ ഒരു കൊലപാതകം സംഭവിക്കുകയാണ്. 

Felicia Yapമലേഷ്യന്‍ എഴുത്തുകാരി ഫലിസിയ യാപിന്റെ യെസ്റ്റര്‍ഡേ സംസാരിക്കുന്നത് ഈ വിചിത്രലോകത്തെക്കുറിച്ചാണ്. ഈയൊറ്റ നോവല്‍കൊണ്ട് ലോകസാഹിത്യത്തില്‍ ഇടംപിടിച്ചിരിക്കുന്നു ഫലിസിയ. 2017-ലെ റൈസിങ് സ്റ്റാര്‍ ഫോര്‍ ഫിക്ഷനായി ഫലിസിയയെ ദി ഒബ്സര്‍വര്‍ തിരഞ്ഞെടുത്തു. പതിമ്മൂന്ന് ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. യെസ്റ്റര്‍ഡേക്ക് ചലച്ചിത്രഭാഷ്യമുണ്ടാവാനും പോകുകയാണ്. 

ക്വാലാലംപൂരിലാണ് ഫലിസിയ വളര്‍ന്നത്. ഫേബര്‍ അക്കാദമിയുടെ നോവല്‍രചനാ പദ്ധതിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കി.  ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന ഫലിസിയ നോവലിന്റെ രണ്ടാംഭാഗമെഴുതാനുള്ള തയ്യാറെടുപ്പിലാണ്. അക്ഷരോത്സവത്തിലെത്തുന്ന ഫലിസിയയ്ക്ക് ഇന്നലെയുടെ ഓര്‍മകള്‍ മാത്രമുള്ളവരെക്കുറിച്ച് എന്താവാം പറയാനുണ്ടാവുക...

വില്ലന്മാര്‍ സംസാരിക്കുമ്പോള്‍ യാതൊന്നും മറയ്ക്കുന്നില്ല 

വില്ലന്മാര്‍ സംസാരിക്കുമ്പോള്‍ യാതൊന്നും മറയ്ക്കുന്നില്ല എന്നപേരില്‍ കഥയെഴുതിയത് ടി.വി. കൊച്ചുബാവയാണ്. തെറ്റുചെയ്യുന്നത് വില്ലന്‍ മാത്രമല്ല, anand neelakantanനായകനുമാണ്. വില്ലനും നന്മചെയ്യും. രാമനും കൃഷ്ണനും യുധിഷ്ഠിരനും മാത്രമല്ല, രാവണനും ദുര്യോധനനും നായകരാണെന്ന് ആനന്ദ് നീലകണ്ഠന്‍ എഴുതുന്നു. അസുര, അജയ എന്നീ നോവലുകള്‍ ഉണ്ടായത് അങ്ങനെയാണ്. അസുര, രാവണന്റെ കഥയാണെങ്കില്‍ അജയ, ദുര്യോധനന്‍ എന്ന് ലോകം കുറ്റപ്പേരിട്ട സുയോധനന്റെ കഥയാണ്.

തൃപ്പൂണിത്തുറയില്‍ ജനിച്ച് മുംബൈയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ജോലിചെയ്യുന്ന ആനന്ദ് നീലകണ്ഠന്‍ എഴുതിയ നോവലുകളെല്ലാം ബെസ്റ്റ് സെല്ലറുകളാണ്. അസുരയും അജയയും കൂടാതെ റൈസ് ഓഫ് കലിയും ബാഹുബലി: റൈസ് ഓഫ് ശിവകാമിയും വായനക്കാര്‍ ഏറ്റുവാങ്ങി. ക്രോസ് വേര്‍ഡും സി.എന്‍.എന്‍.-ഐ.ബി.എന്നും അസുരയെ നമ്പര്‍ വണ്‍ ബെസ്റ്റ് സെല്ലര്‍ ആയി തിരഞ്ഞെടുത്തു. വാട്സാപ്പില്‍ രണ്ടോ മൂന്നോ മിനിറ്റിനപ്പുറം ശ്രദ്ധനിലനിര്‍ത്താന്‍ തയ്യാറാവാത്ത പുതുതലമുറയെ വായനയില്‍ പിടിച്ചുനിര്‍ത്തണമെങ്കില്‍ നന്നേ ചെറിയ വാക്കുകളും ഖണ്ഡികകളും ഉപയോഗിച്ചെഴുതിയതെന്ന് ആനന്ദ് പറയുന്നു.

ലേഡീസ് കൂപ്പെ, ദ് ബെറ്റര്‍മാന്‍, മിസ്ട്രസ്, ആല്‍ഫബെറ്റ് സൂപ്പ് ഫോര്‍ ലവേഴ്സ്, ഇദ്രിസ് തുടങ്ങിയ നോവലുകളിലൂടെ ഇന്തോ-ഇംഗ്ലീഷ് സാഹിത്യലോകത്ത് വേറിട്ട ഒരിടം സ്വന്തമാക്കിയ അനിത നായര്‍, ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ നോ ബഡി കില്‍ഡ് ഹേര്‍ എന്ന നോവലെഴുതിയ പാകിസ്താന്‍ എഴുത്തുകാരി സാബിന്‍ ജാവേരി, ഡി.എസ്.സി പ്രൈസ് സ്വന്തമാക്കിയ ശ്രീലങ്കന്‍ എഴുത്തുകാരന്‍ അശോക് ഫെരെ, രക്ഷിതാക്കള്‍ സോവിയറ്റ് ഭരണകൂടത്തിന്റെ ബ്ലാക്ലിസ്റ്റില്‍ പെട്ടതിനാല്‍ ആദ്യപുസ്തകം പുറത്തിറക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്ന യുക്രൈന്‍ എഴുത്തുകാരി ഒക്സാന സുബുഷ്‌കോ... അക്ഷരോത്സവത്തില്‍ ജീവിതവും എഴുത്തും ദര്‍ശനവും പറയാനെത്തുന്നവര്‍ ഇനിയുമേറെയുണ്ട്. എഴുത്തുകാരെയും എഴുത്തിനെയുംകുറിച്ച് എഴുതിയാലും എഴുതിയാലും തീരില്ലല്ലോ...

Content Highlights: MBIFL2018 Festival Of Letters Mathrubhumi Literary Festival International Literary Festival Literary festivals of India