തൊണ്ണൂറ്റിയഞ്ച് വര്‍ഷംമുന്‍പ് മലയാളി സ്വന്തം നാട്ടുമുറ്റത്ത് നാല് മലയാളാക്ഷരങ്ങള്‍ നട്ടു. കാലത്തിന്റെ കാറ്റും മഴയും മഞ്ഞും വെയിലുമേറ്റ് ആ അക്ഷരങ്ങള്‍ 'മാതൃഭൂമി'യായി വളര്‍ന്നു; പന്തലിച്ച് പടര്‍ന്നു. അതിന് നിരവധി ശാഖകളുണ്ടായി. ദേശീയ സ്വാതന്ത്ര്യസമരവും സാഹിത്യവുമായിരുന്നു ഇതില്‍ പ്രധാനപ്പെട്ട രണ്ട് ചില്ലകള്‍. ദേശം സ്വതന്ത്രമാകുകയും സ്വാതന്ത്ര്യസമരം തീരുകയും ചെയ്തപ്പോള്‍ സമരശാഖയെ പിന്തള്ളി സാഹിത്യത്തിന്റെ ശാഖ പിന്നെയും അതിന്റെ വളര്‍ച്ചതുടര്‍ന്നു. ആ ശാഖയില്‍ പല കാലങ്ങളിലായി പല മനുഷ്യര്‍വന്ന് ചേക്കേറി. 

അക്ഷരോപാസകരുടെ പക്ഷിക്കൂട്ടങ്ങള്‍ അങ്ങോട്ട് പറന്നുവന്നുകൊണ്ടേയിരുന്നു. എത്രയോ കവികള്‍, കഥയെഴുത്തുകാര്‍, പണ്ഡിതര്‍, ചരിത്രരചയിതാക്കള്‍, സഞ്ചാരികള്‍, ഫോട്ടോഗ്രാഫര്‍മാര്‍... അവരെയെല്ലാം ഈ വൃക്ഷം സ്വന്തം മക്കളെപ്പോലെ സ്‌നേഹിച്ചു. അവര്‍ക്ക് തണലും തണുപ്പും വളരാനും പടരാനും സ്വയം പ്രകാശിക്കാനുമുള്ള ഇടവും നല്‍കി. കൂടുതല്‍ വിശാലമായ ലോകത്തേക്ക് പറക്കാനുള്ള പക്ഷബലം നല്‍കി. അങ്ങനെ 'മാതൃഭൂമി' എന്നത് ഭാഷയിലെ നാലക്ഷരങ്ങള്‍ മാത്രമല്ലാതായി. എഴുത്തുകാര്‍ക്ക് അമ്മയായി, പ്രണാമം പറയേണ്ട ഗുരുനാഥയായി, വായനക്കാര്‍ക്ക് സാഹിത്യലോകത്തേക്കുള്ള വാതിലായി.

സ്വന്തം ഭാഷയില്‍മാത്രം ഒതുങ്ങുന്നതായിരുന്നില്ല 'മാതൃഭൂമി'യുടെ സാഹിത്യസപര്യ. അത് ഇന്ത്യയുടെ മറ്റുദേശങ്ങളിലേക്കും ലോകസാഹിത്യത്തിന്റെ പരപ്പുകളിലേക്കും പ്രവഹിച്ചു. ഹിന്ദിക്കുമാത്രമായി മാതൃഭൂമിയില്‍നിന്ന് 'യുഗപ്രഭാത്' എന്ന മാസിക പിറന്നു; ഇന്ത്യയിലെ മറ്റുഭാഷകളിലെ കഥകളുടെ പരിഭാഷകളുടെ അമൂല്യമായ ശേഖരവുമായി മാതൃഭൂമി ആഴ്ചപ്പതിപ്പ് റിപ്പബ്ലിക്ദിന പതിപ്പുകള്‍ പ്രസിദ്ധീകരിച്ചു. മലയാളി മറ്റുഭാഷകളിലെ എഴുത്തുലോകങ്ങളും മറ്റ് ദേശജീവിതങ്ങളുമറിഞ്ഞു. ബംഗാളിയിലെയും ഒഡിയയിലെയും മറാത്തിയിലെയും കന്നടത്തിലെയും തമിഴിലെയും ഹിന്ദിയിലെയും ഭോജ്പുരിയിലെയും രചനകള്‍ മാതൃഭാഷയിലേതുപോലെത്തന്നെ നമ്മള്‍ വായിച്ചാസ്വദിച്ചു. എത്രയോ മഹത്തായ ഇന്ത്യന്‍ നോവലുകള്‍ പരിഭാഷകളിലൂടെ വായിച്ച് മലയാളി സ്വന്തം ബോധത്തിലേക്ക് സ്വാംശീകരിച്ചു. 

കഥകള്‍ ഒരിക്കലും തീരുന്നില്ല എന്നുവിശ്വസിച്ച്, മനുഷ്യരുള്ളിടത്തോളം അത് തുടരുമെന്ന് മനസ്സിലാക്കി പുതിയകാലത്തെ കഥാകൃത്തുക്കള്‍ക്കായി മാതൃഭൂമി കഥാപുരസ്‌കാരം ഏര്‍പ്പെടുത്തി. മാതൃഭൂമിയില്‍നിന്നുള്ള സമ്മാനം അവര്‍ക്ക് വിഷുക്കൈനീട്ടമായി, പുതിയ പാതയിലേക്കുള്ള പാഥേയമായി. അങ്ങനെയങ്ങനെ മാതൃഭൂമി എന്ന അരയാല്‍വൃക്ഷത്തിന്റെ ചുവട്ടില്‍ അരനാഴികനേരമെങ്കിലും തണലേല്‍ക്കാതെ, അതില്‍നിന്ന് ഊര്‍ജമുള്‍ക്കൊള്ളാതെ മലയാളത്തിലെ ഒരെഴുത്തുകാരനും മുന്നോട്ടുള്ള യാത്രയില്ലെന്നായി.

ഇത്തരത്തില്‍ സാഹിത്യത്തെ അതിന്റെ സജീവതയില്‍ നിലനിര്‍ത്തുന്നതില്‍ എന്നും ജാഗ്രതയോടെ പ്രവര്‍ത്തിച്ച മാതൃഭൂമി, മാറിയ കാലത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ് പുതിയൊരു സംരംഭത്തിന് തുടക്കംകുറിക്കുകയാണ്. ഫെബ്രുവരി രണ്ടുമുതല്‍ നാലുവരെ തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന അന്താരാഷ്ട്ര അക്ഷരോത്സവം എഴുത്തിന്റെയും ചിന്തയുടെയും പുതിയ തരത്തിലുള്ള സാക്ഷാത്കാരമാവും. അക്ഷരങ്ങളുടെ ഈ ആഘോഷത്തില്‍ ലോകത്തെ നാല് വന്‍കരകളിലെ 14 രാജ്യങ്ങളില്‍നിന്നായി 150-ലധികം എഴുത്തുകാരാണ് മാതൃഭൂമിയുടെ ആതിഥ്യം സ്വീകരിച്ചെത്തുന്നത്. 

ഈ മൂന്നുദിനങ്ങളില്‍ അവര്‍ പരസ്പരം സംവദിക്കും, സ്വന്തം രചനാലോകത്തെക്കുറിച്ച് സംസാരിക്കും, ഏകാംഗാവിഷ്‌കാരങ്ങള്‍ നടത്തും, കവിതകള്‍ ചൊല്ലും, കഥകള്‍ വായിക്കും, ആകുലതകള്‍ പങ്കുവയ്ക്കും, ആശയങ്ങള്‍കൊണ്ട് യുദ്ധംചെയ്യും... ഇവിടെ പഴയ കാലവും പുതിയ കാലവും മുഖാമുഖം നില്‍ക്കും, പരസ്പരം തിരിച്ചറിയും, ആദരിക്കും, അനുഗ്രഹിക്കും... അപ്പോള്‍ ഭാഷകള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലുമുള്ള അതിരുകള്‍ മായും. കനകക്കുന്നില്‍ ലോകം അക്ഷരത്തിന്റെ ഒരു പക്ഷിക്കൂടിലേക്കൊതുങ്ങും.

സാഹിത്യോത്സവങ്ങള്‍ മലയാളിക്ക് പുതുതല്ല. സാഹിത്യപരിഷത് സമ്മേളങ്ങളില്‍ ഭാഷയിലെ തലയെടുപ്പുള്ള എഴുത്തുകാര്‍ അണിനിരന്നിരുന്നു. അവിടെ അവര്‍ ആശയങ്ങള്‍കൊണ്ട് അടരാടി. സാഹിത്യസിദ്ധാന്തങ്ങള്‍ നിരത്തി കണ്ണില്‍ക്കണ്ണില്‍നോക്കി യുദ്ധംചെയ്തു, ചേരിതിരിഞ്ഞു, ചിന്തിച്ചു. കാസര്‍കോട്ടെ സാഹിത്യപരിഷത് സമ്മേളനത്തിലേക്ക് കൈയില്‍ ഒരുകുല മാമ്പൂവുമായി കടന്നുവന്ന മഹാകവി പി. കുഞ്ഞിരാമന്‍നായരുടെ ദൃശ്യം ഇന്നും ഓര്‍ക്കുന്നവരുണ്ട്. ഈ സാഹിത്യോത്സവങ്ങള്‍ മലയാളിയുടെ ബോധത്തെയും പില്‍ക്കാലത്ത് പ്രസിദ്ധരായ പല സാഹിത്യകാരന്മാരെയും രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. അതത് കാലങ്ങളില്‍ അവ മലയാളിയെ പുരോഗമനത്തിന്റെ പാതയിലൂടെ മുന്നോട്ടുനയിച്ചു.

ഇന്ന് കാലംമാറി. നയതന്ത്രപരമായി കൂടുതല്‍ വ്യക്തതയോടെ നിലനില്‍ക്കുമ്പോഴും സര്‍ഗാത്മകതയുടെ കാര്യത്തില്‍ ലോകത്തിന്റെ അതിരുകള്‍ പതുക്കെപ്പതുക്കെ മാഞ്ഞുതുടങ്ങി. പുസ്തകപ്രസാധനമെന്നത് വലിയ വ്യാപാരമായി. ലോകത്തെവിടെയുമുള്ള പുസ്തകങ്ങള്‍ ഒരു ഓണ്‍ലൈന്‍ ഓര്‍ഡറിനപ്പുറത്ത് നമ്മുടെ മേശമേല്‍ എത്തിത്തുടങ്ങി. വായന പുസ്തകത്താളുകളെയും കവിഞ്ഞ് ഡിജിറ്റലിന്റെ പ്രപഞ്ചത്തിലേക്ക് പരന്നു. ലോകത്തെവിടെയുമുള്ള ആശയങ്ങളും സമരങ്ങളും എല്ലാവരുടേതുമായി. അവയെക്കുറിച്ചൊക്കെ നാം ചിന്തിച്ചുതുടങ്ങി. മുഖ്യധാരയില്‍ ഇല്ലാതിരുന്ന പല വിഷയങ്ങളും അടിച്ചമര്‍ത്തലുകളെ ഭേദിച്ച് മണ്ണടരുകളില്‍നിന്ന് മുളച്ചുപൊന്തി തീയായി, അലയായി. എഴുത്തില്‍ മാര്‍ക്കറ്റിങ്ങും സെല്‍ഫ് മാര്‍ക്കറ്റിങ്ങും സാധാരണയായി. സാഹിത്യം എഴുതാനും വായിക്കാനുമെന്നപോലെ വില്‍ക്കാനുമുള്ളതാണ് എന്നുവന്നു. സ്വന്തം പുസ്തകങ്ങള്‍ ചുമന്നുനടന്ന് വിറ്റ എഴുത്തുകാരില്‍നിന്ന് പ്രസാധകര്‍ തങ്ങളുടെ അഭിമാനബ്രാന്‍ഡായി എഴുത്തുകാരനെ കൊണ്ടുനടക്കുന്ന കാലം പുലര്‍ന്നു. 

ഇത്തരം ഒരു കാലത്താണ് സാഹിത്യോത്സവങ്ങള്‍ പുതിയ ഭാവത്തിലും രൂപത്തിലും ലോകമെങ്ങും പ്രചരിച്ചുതുടങ്ങിയത്. കൊളംബിയയിലെ ഹേ ഫെസ്റ്റിവല്‍, സിഡ്നി റൈറ്റേഴ്സ് ഫെസ്റ്റിവല്‍, ബാലിയിലെ ഉബുദ് റൈറ്റേഴ്സ് ആന്‍ഡ് റീഡേഴ്സ് ഫെസ്റ്റിവല്‍, ഭൂട്ടാനിലെ മൗണ്ടന്‍ എക്കോ ഫെസ്റ്റിവല്‍, ബെര്‍ലിന്‍ അന്താരാഷ്ട്ര സാഹിത്യോത്സവം, ടോക്കിയോ അന്താരാഷ്ട്ര സാഹിത്യോത്സവം, ഇംഗ്ലണ്ടിലെ പോര്‍ട്ട് എലിയറ്റ് സാഹിത്യോത്സവം, ഇന്ത്യയിലെ ജയ്പുര്‍ സാഹിത്യോത്സവം എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. ഇവയെല്ലാം വിവിധ രാജ്യങ്ങളിലെ എഴുത്തുകാരുടെയും ചിന്തകരുടെയും മേളനമാണ്. ഇവിടങ്ങളിലെല്ലാം ചിന്തകളും ആശയങ്ങളും വന്ന് സംഗമിക്കുന്നു, വര്‍ണ-വര്‍ഗ വ്യത്യാസങ്ങള്‍ മായുന്നു, അതിരുകളിലല്ല അതിരുകളില്ലാത്ത ആശയങ്ങളിലാണ് ലോകത്തിന്റെ ഭംഗി കുടികൊള്ളുന്നതെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.

തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവും ഇതേ ലോകമാതൃകയിലാണ് സാക്ഷാത്കരിക്കപ്പെടുക. ഇവിടെ സാഹിത്യമെന്നാല്‍ കഥ-കവിത-നോവല്‍-നാടകം എന്നതുമാത്രമല്ല. മനുഷ്യന്റെ ജീവനവും അതിജീവനവുമായി ബന്ധപ്പെട്ടതെല്ലാം ഈ അക്ഷരോത്സവത്തിന്റെ ആകാശക്കുടക്കീഴില്‍ വരും. കനകക്കുന്നില്‍ മൂന്നുദിവസം ചര്‍ച്ചചെയ്യപ്പെടാന്‍പോകുന്ന വിഷയങ്ങളില്‍ കഥയുണ്ട്, നോവലുണ്ട്, കവിതയുണ്ട്, തിയേറ്ററുണ്ട്, നയതന്ത്രവും വിദേശബന്ധങ്ങളുമുണ്ട്, ചരിത്രമുണ്ട്, സിനിമയുണ്ട്, സംഗീതമുണ്ട്, യാത്രയുണ്ട്, രാഷ്ട്രീയമുണ്ട്, ശാസ്ത്രവും പരിസ്ഥിതിയുമുണ്ട്, വൈദ്യശാസ്ത്രവും സ്‌പോര്‍ട്സും ജെന്‍ഡര്‍ പ്രശ്‌നങ്ങളും ദളിത്ചിന്തകളുമുണ്ട്. കാലവും ലോകവും മാറുന്നതിനനുസരിച്ച് മാറുന്ന മനുഷ്യന്റെയും ഭൂമിയുടെയും പ്രശ്‌നങ്ങളുടെയും വികാര-വിചാരങ്ങളുടെയും കണ്ണാടിയാവും ഈ ഉത്സവം. മനുഷ്യന് ഒന്നും അന്യമല്ലെന്നും പുറമേക്കുള്ള വ്യത്യസ്തതകള്‍ക്കിടയിലും എല്ലാറ്റിനും തമ്മില്‍ എവിടെയൊക്കെയോ ചില ബന്ധങ്ങളുണ്ടെന്നും ഈ അക്ഷരോത്സവം വെളിവാക്കും. ആകാശത്ത് നക്ഷത്രങ്ങള്‍ നിരക്കുന്നതുപോലെ ഇവിടെ അക്ഷരപ്രതിഭകള്‍ നിരക്കും.

മലയാളി കണ്ടുപരിചയിച്ച സാമ്പ്രദായികരീതിയില്‍നിന്ന് മാറിയാണ് മാതൃഭൂമി അക്ഷരോത്സവത്തിന് രൂപംനല്‍കിയിരിക്കുന്നത്. സ്വാഗതമോ അധ്യക്ഷനോ നന്ദിപ്രകടനമോ ഇല്ലാതെ, ദീര്‍ഘപ്രസംഗങ്ങളുടെ മുഷിപ്പുകളില്ലാതെ ചെറിയ ചെറിയ സംഗമങ്ങളും സംവാദങ്ങളുമായിരിക്കും അക്ഷരോത്സവത്തിന് ജീവന്‍പകരുന്നത്. പ്രത്യേക വിഷയത്തില്‍ അതുമായി ബന്ധപ്പെട്ട പ്രഗല്ഭര്‍ ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്യും, അവരോട് സദസ്സിന് സംവദിക്കുകയും ചെയ്യാം. എഴുത്തുകാരന്‍ ഇവിടെ ദന്തഗോപുരവാസിയോ മൗനിയോ ചില്ലുകൂട്ടിലെ തൊടാന്‍സാധിക്കാത്ത രൂപമോ ആവുന്നില്ല. രചയിതാവ് തൊട്ടരികിലുണ്ട്, അവര്‍ക്ക് നിങ്ങളോട് സംസാരിക്കാനുണ്ട്, നിങ്ങളുടെ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ താത്പര്യവുമുണ്ട്. 

വില്യം ഡാള്‍റിംപിളിന്റെയും ശശി തരൂരിന്റെയും മിഹിര്‍ബോസിന്റെയും എറിക് അകോട്ടോയുടെയും മോണീക്ക വാഞ്ചിരുവിന്റെയും ആന്ദ്രേ കുര്‍ക്കോവിന്റെയും ഫെലീഷ്യ യാപിന്റെയും ബിഗോയ ചൗളിന്റെയും ഹനീഫ് മുഹമ്മദിന്റെയും സബിന്‍ ജാവേരിയുടെയും അടുത്ത് അശോക് ഫെറിയും അംബരീഷ് സാത്വിക്കും ജയശ്രീ മിശ്രയും ആനന്ദ് നീലകണ്ഠനും അനിതാനായരും ശരണ്‍കുമാര്‍ ലിംബാളെയും രഘുറായിയും അയാസ് മേമനും ബഷാറത് പീറും ദീപക് ഉണ്ണികൃഷ്ണനും പ്രതിഭാ റായിയും തൃഷ ബസക്കും ചേര്‍ന്നിരിക്കും; ഇവരോട് സംവദിക്കാന്‍ ടി. പത്മനാഭനും സച്ചിദാനന്ദനും സേതുവും എന്‍.എസ്. മാധവനും എം. മുകുന്ദനും ബാലചന്ദ്രന്‍ ചുള്ളിക്കാടും എം.പി. വീരേന്ദ്രകുമാറും എന്‍.എ. നസീറും ബെന്യാമിനും സി.വി. ബാലകൃഷ്ണനും നാരായനും സന്തോഷ് ഏച്ചിക്കാനവും ഉണ്ണി ആറും സുഭാഷ് ചന്ദ്രനും പ്രഭാവര്‍മയും കല്‍പ്പറ്റ നാരായണനും ജോയ് മാത്യുവും ഭാഗ്യലക്ഷ്മിയും ശീതള്‍ ശ്യാമും പി.കെ. രാജശേഖരനും ടി.പി. ശ്രീനിവാസനും ടി.സി.എ. രാഘവനും റിയാസ് കോമുവും പി. രാമനും പി.പി. രാമചന്ദ്രനുമെല്ലാമുണ്ടാവും. ഇങ്ങനെ ലോകവും ഇന്ത്യയും കേരളവും ത്രിവേണിയില്‍ പുഴകളെപ്പോലെ ഈ ഉത്സവത്തില്‍വന്ന് കലരും; ആശയങ്ങളുടെ ആകാശത്ത് ഏഴിലധികം നിറങ്ങളുള്ള അപൂര്‍വ മഴവില്ല് തെളിയും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുത്തുകാര്‍ ഒരിടത്ത് സംഗമിക്കുമ്പോള്‍ അവരുടെ ചിന്തകളില്‍നിന്ന് പ്രസരിക്കുന്ന ഊര്‍ജമുണ്ട്. അതായിരിക്കും മാതൃഭൂമി അക്ഷരോത്സവത്തിന്റെ ആകാശത്തിലെ വെളിച്ചം. പത്രത്തിന്റെയും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെയും താളുകളിലൂടെ എത്രയോ ദേശങ്ങളിലെ എഴുത്തുകാരുടെ രചനകളുടെ അക്ഷരസംഗമങ്ങള്‍ ഒരുക്കിയ മാതൃഭൂമി കനകക്കുന്നില്‍ ഒരുക്കാന്‍ പോകുന്നത് ലോകമെങ്ങുമുള്ള എഴുത്തുകാരുടെ നേരിട്ടുള്ള കൂടിച്ചേരലാണ്. ആ അര്‍ഥത്തില്‍ കനകക്കുന്നില്‍ സംഭവിക്കുന്നത് ലോകത്തെ പ്രകാശിക്കുന്ന മനസ്സുകളുടെ സംഗമമാണ്, അവര്‍ ജ്വലിപ്പിച്ച അക്ഷരങ്ങളുടെ നൃത്തവും ആഘോഷങ്ങളുമാണ്. അങ്ങനെ മാതൃഭൂമി ഒരുക്കുന്ന ഈ അക്ഷരോത്സവം മലയാളിയുടെ ആകാശങ്ങളെ കൂടുതല്‍ വിശാലമാക്കും, മനസ്സിനെ കൂടുതല്‍ ആഴമുള്ളതാക്കും, ചിന്തകളെ തിളക്കമുള്ളതാക്കും, ബോധത്തെ നവീകരിക്കും.

Content Highlights: MBIFL2018 Festival Of Letters Mathrubhumi Literary Festival International Literary Festival Literary festivals of India