രു എഴുത്തുകാരൻ ആയിരിക്കുന്നതിന്റെ അധികപ്രതിഫലങ്ങളിലൊന്നാണ് മറ്റ് എഴുത്തുകാരെ കണ്ടുമുട്ടാനാവുന്നത്. ഡോക്ടർമാരെയും കാറോട്ട മത്സരക്കാരെയുംപോലെ എഴുത്തുകാരും ഒരു ആഗോളസമൂഹമാണെന്ന് ഞാൻ കണ്ടെത്തിയത് എന്റെ പുസ്തകങ്ങളുടെ അന്തരാഷ്ട്രപ്രകാശനങ്ങൾക്കുശേഷമാണ്. അവർ സെമിനാറുകളിലും സമ്മേളനങ്ങളിലും കണ്ടുമുട്ടുന്നു, അന്യോന്യം പുസ്തകങ്ങൾ വായിക്കുന്നു(മിക്കപ്പോഴും പരസ്പരം വായിക്കാതെതന്നെ ചർച്ചചെയ്യുന്നു), അതിരഹസ്യമായ സ്വകാര്യങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നു, മനുഷ്യാവകാശം മുതൽ പരിസ്ഥിതി വരെയുള്ള കാര്യങ്ങൾക്കുവേണ്ടി പരസ്പരം കൈകോർക്കുന്നു.

ചില അവസരങ്ങളിൽ അവർ ഒത്തുചേരുന്നതിന്റെ പ്രകടമായ സാഹിത്യോദ്ദേശ്യം അവരെത്തന്നെ ആഘോഷിക്കുകയെന്നതാണ്. വിവാദങ്ങളല്ല, ഉല്ലാസത്തിന്റെ ഉത്സവാന്തരീക്ഷമാണ് ഇവിടങ്ങളിൽ പുലരുക. എങ്കിലും  വാർത്തയ്ക്കുവേണ്ട വിവാദങ്ങൾ ഇവിടങ്ങളിൽ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് മാധ്യമങ്ങൾ ഉറപ്പുവരുത്താറുണ്ട്.

ടൊറന്റോയിലെ ഹാർബർഫ്രന്റ് മുതൽ ഫ്രാൻസിലെ മധ്യകാല നഗരമായ സെൻമാലോയും ബാലിയിലെ ഉബുഡിലെ(ഇൻഡൊനീഷ്യ) കലാകാരന്മാരുടെ ഗ്രാമവുംവരെ വിദൂരദേശങ്ങളിലെ ഒട്ടേറെ സാഹിത്യോത്സവങ്ങളിൽ ഞാൻ ക്ഷണിക്കപ്പെടാറുണ്ട്‌. വെയിൽസിലെ ഹേ-ഒാൻ-വൈ സാഹിത്യോത്സവം ഒരു ഇതിഹാസമായി മാറിക്കഴിഞ്ഞു. ഈ ഭൂമിയിൽത്തന്നെ  ഏറ്റവും കൂടുതൽ സെക്കൻഡ് ഹാൻഡ്  പുസ്തകവില്പനശാലകൾ ഒത്തുചേരുന്നത് ഈ സാഹിത്യോത്സവത്തിലാണ്.ഇതിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ എഴുത്തുകാരൻ ഞാനായിരുന്നു. കാൽ നൂറ്റാണ്ടുമുമ്പായിരുന്നു അത്.

അന്താരാഷ്ട്ര സാഹിത്യോത്സവം എന്ന ആശയം ഇന്ത്യയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് ഒരു ദശകമേ ആയിട്ടുള്ളൂ. ജയ്പുർ, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ വാർഷിക സാഹിത്യോത്സവങ്ങൾ ഇതിനോടകം തീർച്ചയായും പങ്കെടുക്കേണ്ടവ എന്ന പദവി നേടിയിട്ടുണ്ട്. ഹേ സാഹിത്യോത്സവത്തെ രണ്ടുവട്ടം ഞാൻ തിരുവനന്തപുരത്തേക്ക്‌ കൊണ്ടുവന്നു. 2010-ലും 2011-ലും. വായനക്കാരുടെയും സദസ്സിന്റെയും പങ്കാളിത്തത്തിൽ ഇവ വിജയമായിരുന്നു.

ഇതുകൊണ്ടാണ് രണ്ടാം ഹേ സാഹിത്യോത്സവത്തിന് ആറുവർഷത്തിനു ശേഷം മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നമ്മുടെ തലസ്ഥാനനഗരിയിൽ നടക്കുമ്പോൾ ഞാൻ അത്യധികം ആഹ്ലാദിക്കുന്നത്. സാഹിത്യ സമൂഹത്തിൽ അംഗമാകുകയെന്നത്  ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അപൂർവമായൊരു  അനുഗ്രഹമാണ്. അവരുടെ ഗോത്രത്തിലെ ഒരംഗം എന്ന നിലയിൽ നിങ്ങൾ മറ്റ് സാഹിത്യകാർക്കു മുന്നിൽ അവർക്ക് തുല്യരായി അവതരിപ്പിക്കപ്പെടുകയും അവരെ പരിചയപ്പെടുകയും ചെയ്യുന്നു. പുസ്തകങ്ങളുടെ നട്ടെല്ലിലും പൊടിപിടിച്ച പുറംചട്ടകളിലും മാത്രം നിങ്ങൾകണ്ട പേരുകളും മുഖങ്ങളും പെട്ടെന്ന് പ്രിയപ്പെട്ടവരും അടുക്കാവുന്നവരും ആയിമാറുന്നു. 

നിങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെന്ന് ചിലർ അവകാശപ്പെട്ടേക്കും. അല്ലെങ്കിൽ നിങ്ങളുടെ സൃഷ്ടിയെ ആരാധിക്കുന്നുവെന്ന് പറയും. ഇവയെല്ലാം നിങ്ങളെ ബൗദ്ധികമായി മറ്റൊരുതലത്തിലെത്തിക്കും. കാരണങ്ങൾ തെറ്റാണെങ്കിലും ഇവരോടുള്ള ബന്ധംകൊണ്ട് നിങ്ങളും മഹാനാണെന്ന വിചാരം നിങ്ങളിൽ ഉടലെടുക്കും.   

ഇങ്ങനെ നിഴൽ പ്രശസ്തിക്കും ഗോസിപ്പുകൾക്കും കൊച്ചുവർത്തമാനങ്ങൾക്കുമപ്പുറം നല്ല സാഹിത്യോത്സവങ്ങൾ ഒരു തിരിച്ചറിവ് നൽകും.  എഴുത്തുകാരനെക്കാൾ പ്രാധാന്യം പുസ്തകങ്ങൾക്കാണെന്ന വിനയത്തോടെയുള്ള തിരിച്ചറിവ്. എഴുത്തുകാർക്ക് പ്രാധാന്യമുണ്ടെങ്കിൽ അത് അവരെഴുതിയ പുസ്തകങ്ങളും അവ ഉൾക്കൊള്ളുന്ന ആശയങ്ങളും അവ നൽകുന്ന ഉൾക്കാഴ്ചകളുംകൊണ്ടുമാത്രമാണെന്ന തിരിച്ചറിവ്. ഇതോടെ മറ്റൊരു ബോധവും നിങ്ങൾക്കുണ്ടാവുന്നു. നിങ്ങൾ ഇവർക്കൊപ്പമായിരിക്കുന്നത് നിങ്ങളെക്കാൾ മഹത്തരമായൊരു കാരണത്താലാണ്. സൃഷ്ടിയുടെ അനന്ത നിഗൂഢതയ്ക്ക് നിങ്ങൾക്ക് നിങ്ങളുടെ വാക്കുകൾ നൽകാൻ കഴിയുന്നതുകൊണ്ട് മാത്രം. 

(എഴുത്തുകാരനും എം.പി.യുമായ ലേഖകൻ തിരുവനന്തപുരത്ത് ഫെബ്രുവരി 2, 3, 4 തീയതികളിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ രക്ഷാധികാരിയാണ്.)

Content Highlights: MBIFL2018 Festival Of Letters Mathrubhumi Literary Festival International Literary Festival Literary festivals of India