കനകക്കുന്ന് കൊട്ടാരത്തിന്റെ രാജകീയ വേദിയില്‍ മലയാളത്തിലെ രണ്ട് കാവ്യ കുലപതികള്‍ ഒന്നിച്ചപ്പോള്‍ ചര്‍ച്ച കവിതയുടെ രാഷ്ട്രീയത്തിലേക്കും ഭാഷയിലേക്കും ഘടനയിലേക്കും ജനകീയതയിലേക്കും പടര്‍ന്നു കയറി. കവി കെ. സച്ചിദാനന്തനും കവിയും പത്രപ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മയുമാണ് രാഷ്ട്രീയ കവിതയുടെ കേരള ജീവിതം എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കായി മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ മൂന്നാം ദിനം പാലസ് ഹാളില്‍ ഒത്തു ചേര്‍ന്നത്.
ഉപരിവര്ഗത്തെക്കുറിച്ച് മാത്രം പാടിയിരുന്ന കവി, സധാരണ മനുഷ്യരുടെ വേദനകളെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കാന്‍ തുടങ്ങുമ്പോഴാണ് കവിത മാനുഷിക വല്ക്കരിക്കപ്പെടുന്നത് അല്ലെങ്കില്‍ ആധുനിക വല്കരിക്കപ്പെടുന്നത്. ഈ മാനുഷിക വത്കരണത്തെയാണ് യഥാര്‍ത്ഥത്തില്‍ കവിതയുടെ രാഷ്ട്രീയം എന്ന് പറയുന്നത്.
കവിതയിലുള്ള രാഷ്ട്രീയം എന്നത് അതിലുള്ളതിനെക്കാള് വായനയുടെ സമ്പ്രദായമാണ്. കക്ഷി രാഷ്ട്രീയമല്ല അത്. അത് ലിംഗപരമായ രാഷ്ട്രീയമാകാം അല്ലെങ്കില്‍ പാരിസ്ഥിതികമായ രാഷ്ട്രീയമാകാം. ആ തലത്തില്‍ വിശാലമായ അര്‍ത്ഥത്തിലാണ് രാഷ്ട്രീയ കവിതയുടെ കേരള ജീവിതം എന്ന വിഷയം ചര്‍ച്ച ചെയ്യുന്നതെന്ന ആമുഖത്തോടെയാണ് കവി കെ. സച്ചിദാനന്ദന് ചര്‍ച്ച ആരംഭിച്ചത്.
ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോടൊ അവരുടെ സിദ്ധന്തങ്ങളോടോ ഉള്ള പ്രതിബന്ധതയല്ല കവിതയുടെ രാഷ്ട്രീയം എന്ന വാദത്തോട് അനുകൂലിച്ചുകൊണ്ട് തന്നെയാണ് കവിയും പത്രപ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ സംസാരിച്ചു തുടങ്ങിയത്. കവിത ജനകീയമായി എന്ന് പലരും പറയാറുണ്ട്. ധാരാളം ആളുകള്‍ കവിത എഴുതുന്നുമുണ്ട്. എന്നാല്‍ എല്ലാവരും എഴുതുന്നത് കവിതയാണോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.
എഴുത്തച്ഛന് മുതല്‍ ആധുനിക കാലം വരെയുള്ള കവികളെ എടുത്താന്‍ അനുക്രമമായ പരിണാമം സംഭവിച്ചിട്ടുണ്ടെന്ന് സച്ചിദാനന്ദന് പറഞ്ഞു. നിലവിലുള്ള വരേണ്യഭാഷ്യയെ എഴുത്താണികൊണ്ട് കുത്തിക്കീറിയാണ് അദ്ദേഹം എഴുതിയതെന്ന് ഇടശ്ശേരി തന്റെ കവിതയില്‍ പറയുന്നുണ്ട്. പൗരോഹിത്യ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന പാരമ്പര്യം ഇന്ത്യന്‍ കവിതയ്ക്കുണ്ട്. അധീശത്വത്തിന് വിരുദ്ധമായി ചിന്തിക്കുന്ന ഈ പാരമ്പര്യം മലയാള കവിതയ്ക്കുമുണ്ട്.
ആത്യന്തികമായി കവിതയ്ക്ക് ഒരു തുടര്‍ച്ചയുണ്ട്. മലയാള കവിതയ്ക്കും അതുണ്ട്. ഓരോ കവിയും കാവ്യഭാഷയെ തങ്ങളുടെ കാലത്തിനനുസരിച്ച് പുതുക്കിയെന്നും സച്ചിദാനന്ദന് അഭിപ്രായപ്പെട്ടു. ഭാവന കവിതയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. കവിതയുടെ ഭാഷ സ്വാഭാവികമായി വരേണ്ടതാണെന്നും ഇന്ത്യയില്‍ ഒരു ഭാഷയിലും വ്യത്തത്തില്‍ എഴുതുന്ന കവിതകള്‍ ഇന്ന് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യത്തില് അല്ലാതെയും കവിതകള്‍ എഴുതാമെങ്കിലും കവിതക്ക് ഇമ്പമുണ്ടാകണമെങ്കില് വ്യത്തത്തിലാകണമെന്ന് പ്രഭാവര്‍മ്മ അഭിപ്രായപ്പെട്ടു. ഇന്നത്തെ കവികള്‍ നേരിട്ട് പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പഴയ കവികള്‍ പലപ്പോഴും പര്യായങ്ങളാണ് ഉപയോഗിച്ചിരുന്നത്. അത്തരത്തില്‍ വാക്കുകള്‍ ഉപയോഗിക്കാനുള്ള ജ്ഞാനം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: mbifl, malprabha varma,k sachithanandan, mayalam kavitha