William Dalrympleവില്യം ഡാല്‍റിംപിള്‍ നോവല്‍ എഴുതിയിട്ടില്ല. എന്നാല്‍  ഡാല്‍റിംപിളിന്റെ എഴുത്തുകളെല്ലാം കെട്ടിഘോഷിക്കപ്പെടുന്ന നോവലുകളേക്കാള്‍ വായനക്കാരെ ചേര്‍ത്തുപിടിച്ചുകൊണ്ടുപോകുന്നു, അനുഭവിപ്പിക്കുന്നു. ചരിത്രവും താന്‍ കണ്ട ജീവിതങ്ങളും വില്യം ഡാല്‍റിംപിള്‍ കഥ പോലെ പറയുന്നു. ഡാല്‍റിംപിള്‍ എഴുതിയത് വായിക്കുമ്പോള്‍ നമ്മളും ആ ലോകത്തെത്തുന്നു. അവിടുത്ത മനുഷ്യരും ജീവജാലങ്ങളും നമ്മുടെയും അടുപ്പക്കാരാവുന്നു. ലാമ്പിയറും കോളിന്‍സും ചേര്‍ന്നെഴുതി വെച്ച ചരിത്രമെഴുത്തിന്റെ സര്‍ഗ്ഗവഴിയിലൂടെ ഡാല്‍റിംപിളും വിജയകരമായി സഞ്ചരിക്കുന്നു. വിഖ്യാത എഴുത്തുകാരി വെര്‍ജിനിയ വൂള്‍ഫിന്റെ ഉറ്റബന്ധുവാണ് ഡാല്‍റിംപിള്‍. 

1989-ല്‍ പുറത്തിറങ്ങിയ ഇന്‍ സാനഡു ഡാല്‍റിംപിള്‍ മാര്‍ക്കോ പോളോ സഞ്ചരിച്ച വഴികളിലൂടെ 120 ദിവസങ്ങളെടുത്ത് പോയതിന്റെ സാക്ഷ്യമെഴുത്താണ്. ഇരുപത്തിരണ്ടാം വയസ്സില്‍ എഴുതിതീര്‍ത്ത യാത്രവിവരണം. കോളേജ് പഠനം കഴിഞ്ഞ്, പരീക്ഷയുടെ ഫലവും കാത്തിരിക്കവെയാണ് മാര്‍ക്കോ പോളോ ജെറുസലേമില്‍ നിന്ന് സാനഡുവിലുള്ള കുബ്ലാഖാന്റെ കൊട്ടാരത്തിലേക്ക് കാലങ്ങള്‍ക്ക് മുമ്പേ പോയ വഴിയിലൂടെ സഞ്ചരിച്ചാലോ എന്ന തല തിരിഞ്ഞ തോന്നല്‍ ഡാല്‍റിംപിളിലുണ്ടാവുന്നത്. പകുതിക്കെത്തും വരെ ഡാല്‍റിംപിളിന് കൂട്ടുവന്നത് ലോറയായിരുന്നു. 

യാത്ര തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പ് ഒരു ഡിന്നര്‍പാര്‍ട്ടിയില്‍ വെച്ച് കണ്ട സുന്ദരി. പകുതിക്ക് ശേഷം ലൂസിയയും. ഇന്‍ സാനഡു യാത്രയെഴുത്തിന്റെ പുതുവഴി തുറക്കുകയായിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ബെസ്റ്റ് സെല്ലറായി. വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഭാരതത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് ആത്മീയതയുടെ വിചിത്രതലങ്ങള്‍ അവതരിപ്പിക്കുന്ന നൈന്‍ ലൈവ്‌സ് ഡാല്‍റിംപിളിന്റെ മറ്റൊരു പ്രധാനപുസ്തകമാണ്. 

കണ്ണൂരിലെ തെയ്യംകെട്ടുകാരന്‍ ഹരിദാസ്, സൗന്ദത്തീയില്‍ യെല്ലമ്മയ്ക്ക് സമര്‍പ്പിക്കപ്പെട്ട ദേവദാസി റാണിഭായ്, സിന്ധിലെ സൂഫി ലാല്‍പരി, ടിബറ്റില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്ന ബുദ്ധഭിക്ഷു റ്റാഷി പസങ്ക്, ബാവുല്‍ ഗായകന്‍ കനായി, ബംഗാളിലെ താന്ത്രികസന്യാസി മനീഷാമാ ഭൈരവി, തമിഴ്‌നാട്ടിലെ വിഗ്രഹനിര്‍മാതാവായ ശ്രീകണ്ഠസ്ഥപതി, ശ്രാവണബല്‍ഗോളയിലെ ജൈനസന്യാസി പ്രസന്നമതി മാതാജി, രാജസ്ഥാനിലെ പാരമ്പര്യഗായകന്‍ മോഹന്‍ എന്നിവരുടെ ജീവിതമാണ് നൈന്‍ ലീവ്‌സില്‍ ഡാല്‍റിംപിള്‍ പറയുന്നത്. 

നൈന്‍ ലൈവ്‌സിന്റെ മലയാളപരിഭാഷ ഒമ്പത് ജീവിതങ്ങള്‍ എന്ന പേരില്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിട്ടേണ്‍ ഓഫ് എ കിങ്, ലാസ്റ്റ് മുഗള്‍, ഫ്രം ദ ഹോളി മൗണ്ടന്‍ എന്നിവയും പ്രധാനകൃതികളാണ്.