vinoy thomasപുതിയ കഥാകൃത്തുക്കളില്‍ പ്രമേയസ്വീകരണത്തിലും ഭാഷയിലും ആഖ്യാനത്തിലും വ്യത്യസ്തപുലര്‍ത്തുന്ന എഴുത്തുകാരന്‍. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശി. രാമച്ചി എന്ന കഥാസമാഹാരവും കരിക്കോട്ടക്കരി എന്ന നോവലും വിനോയ് തോമസിന്റേതായിട്ടുണ്ട്. രാമച്ചി, ആനന്ദബ്രാന്റന്‍, മൂര്‍ഖന്‍പ്പറമ്പ് തുടങ്ങിയ കഥകള്‍ ദേശത്തിന്റെ തട്ടില്‍ നിന്ന് കാലത്തെ സര്‍ഗ്ഗാത്മകമായി അടയാളപ്പെടുത്തുന്ന രചനകളാണ്.  

കരിക്കോട്ടക്കരി എന്ന വടക്കന്‍ കുടിയേറ്റ ദേശത്തിന്റെയും അവിടത്തെ പുലയ-ക്രിസ്ത്യന്‍ ജീവിതത്തിന്റേയും കഥയാണ് കരിക്കോട്ടക്കരി എന്ന നോവലിന്റെ പ്രധാന പ്രമേയം. കുടിയേറ്റ മേഖലയിലെ ജീവിതം സൂക്ഷ്മവും വിശദവുമായി രേഖപ്പെടുത്തുന്നതോടൊപ്പം അവരുടെ സ്വത്വപ്രതിസന്ധിയും പുതിയ രാഷ്ടീയ സാഹചര്യത്തിന്റെ ആവിര്‍ഭാവവും ആലിഷ്‌കരിക്കാനുള്ള ശ്രമവും നോവല്‍ നിര്‍വഹിക്കുന്നുണ്ട്.