saran kumar limbalaഇന്ത്യന്‍ ദളിത് അവസ്ഥയെ ഏറ്റവും ആഴത്തില്‍ ആദ്യമായി എഴുതിയ എഴുത്തുകാരന്‍. നാല്‍പ്പതിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്. ഇപ്പോള്‍ മഹാരാഷ്ട്രിയിലെ യശ്വന്ത്രോ ചവാന്‍ ഓപ്പണ്‍ യൂണിവാഴ്‌സിറ്റിയില്‍ റീജണല്‍ ഡയറക്ടര്‍. 'ചപ്പുചവറുകള്‍ക്ക് പകരം തൂക്കിനോക്കേണ്ടത് ഞങ്ങളുടെ വിശപ്പാണെന്നെനിക്ക് തോന്നി'- ദളിത് എഴുത്തുകാരന്‍ ശരണ്‍കുമാര്‍ ലിംബാളെയുടെ അക്കര്‍മാശിയില്‍ നിന്നുള്ള വരികള്‍. 

ശരണ്‍കുമാര്‍ ലിംബാളയുടെ കുട്ടിക്കാലം ദാരിദ്ര്യവും അപമാനവും നിറഞ്ഞതായിരുന്നു. വയറിന്റെ കാളലടങ്ങാന്‍ പശുക്കളുടെ ചാണകത്തില്‍ നിന്ന് ജോവര്‍ധാന്യമെടുത്ത് കഴുകി, വെയിലില്‍ ഉണക്കി ഭാക്രിയുണ്ടാക്കി തിന്നുമായിരുന്നു ലിംബാളെയും വീട്ടുകാരും അമ്മയുടെ സമുദായമായ മഹര്‍ജാതിക്കാരും. ഇടയ്ക്ക് കിട്ടുന്ന ചത്ത പശുവിന്റെ മാംസം വേവിച്ചും ഉണക്കിയും തിന്നും. ചവറുകളും കുപ്പികളും പെറുക്കി വിറ്റാല്‍ കിട്ടുന്ന ചെറിയ തുക ഒരു നേരത്തെ വയര്‍ നിറയ്ക്കാന്‍ പോലും പര്യാപ്തമായിരുന്നില്ല. 

ശരത്കുമാര്‍ ലിംബാളെ ഇരുപത്തിയഞ്ചാംവയസ്സിലെഴുതിയ ആത്മകഥയാണ് അക്കര്‍മാശി. ദുരന്തത്തിന്റെ ചതുപ്പില്‍ പൂണ്ടുകിടക്കാന്‍ വിധിക്കപ്പെട്ട ലിംബാളെയെ നിങ്ങള്‍ക്കിതില്‍ കണ്ടെടുക്കാം. അമ്മ മഹര്‍ജാതിക്കാരിയും അച്ഛന്‍ ലിംഗായത്ത് ജാതിക്കാരനുമായതിനാല്‍ അര്‍ധജാതിക്കാരനായി ലിംബാളെക്ക് ജീവിക്കേണ്ടിവന്നതിന്റെ ഒറ്റപ്പെടലും വേദനയും അക്കര്‍മാശിയില്‍ നിറയുന്നു.

സവര്‍ണ്ണരാല്‍ മഹര്‍ജാതിക്കാര്‍ അനുഭവിക്കേണ്ടിവന്ന അപമാനവും വേദനകളും അക്കര്‍മാശി വായിക്കുമ്പോള്‍ നിങ്ങളെ കരയിക്കും. അനുഭവത്തിന്റെ ചൂടേറ്റ് നിങ്ങളുടെ ഹൃദയം തപിക്കും. അക്കര്‍മാശി കൂടാതെ ശരണ്‍കുമാര്‍ ലിംബാളെയുടെ ബഹുജനവും ബഹിഷ്‌കൃതരും മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.