K R MEERAശാസ്താംകോട്ടയില്‍ 1970ല്‍ ജനിച്ചു. പിതാവ് കെ.എന്‍. രാമചന്ദ്രന്‍പിള്ള. മാതാവ് എ.ജി. അമൃതകുമാരി. കൊല്ലം എസ്.എന്‍. വിമന്‍സ് കോളേജില്‍നിന്നു കെമിസ്ട്രി ഐച്ഛികമായി ബിരുദവും മധുര ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും. 1993 മുതല്‍ 2006 വരെ പത്രപ്രവര്‍ത്തക. പത്രപ്രവര്‍ത്തനത്തില്‍ പി.യു.സി.എല്‍., ദീപാലയ, കേരള പ്രസ് അക്കാദമിയുടെ ചൊവ്വര പരമേശ്വരന്‍ അവാര്‍ഡുകള്‍ ലഭിച്ചു. യുവ പത്രപ്രവര്‍ത്തകര്‍ക്കായുള്ള ബ്രിട്ടീഷ് ചീവ്നിങ് സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി ലണ്ടനില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ യൂണിവേഴ്സിറ്റിയിലും ദി ഒബ്സര്‍വര്‍ പത്രത്തിലും ഉപരിപരിശീലനം ലഭിച്ചു.

2001 മുതല്‍ കഥകള്‍ എഴുതുന്നു. 2009ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ആവേ മരിയ എന്ന സമാഹാരത്തിനു ലഭിച്ചു. അങ്കണം സാഹിത്യ അവാര്‍ഡ്, യുവ എഴുത്തുകാരികള്‍ക്കുള്ള ലളിതാംബിക അന്തര്‍ജനം പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്മെന്റ്, തൃശൂര്‍ കേരളവര്‍മ കഥാ പുരസ്‌കാരം, തോപ്പില്‍ രവി സ്മാരക കഥാ പുരസ്‌കാരം, ഇ.വി. കൃഷ്ണപിള്ള സ്മാരക പിറവി പുരസ്‌കാരം, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ്, പി. പത്മരാജന്‍ സ്മാരക കഥാ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍. 

ആരാച്ചാരിന് കേരളസാഹിത്യഅക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങള്‍. ലോകപ്രശസ്ത ഫെമിനിസ്റ്റ് ജേണലായ ഫെമിനിസ്റ്റ് റിവ്യൂ ദക്ഷിണേഷ്യയെ പ്രതിനിധീകരിക്കുന്ന മൂന്നു കഥകളിലൊന്നായി മോഹമഞ്ഞ തിരഞ്ഞെടുത്തു. തിരഞ്ഞെടുത്ത പതിനഞ്ചു കഥകളുടെ തര്‍ജമ പെന്‍ഗ്വിന്‍ ഇന്ത്യ യെലോ ഈസ് ദ് കളര്‍ ഓഫ് ലോങ്ങിങ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. 

കൃതികള്‍: ഓര്‍മയുടെ ഞരമ്പ്, മോഹമഞ്ഞ, ആവേ മരിയ, ഗില്ലറ്റിന്‍, കെ.ആര്‍. മീരയുടെ കഥകള്‍ (ചെറുകഥാ സമാഹാരങ്ങള്‍), ആരാച്ചാര്‍, നേത്രോന്‍മീലനം, മീരാ സാധു, ആ മരത്തെയും മറന്നു മറന്നു ഞാന്‍, യൂദാസിന്റെ സുവിശേഷം (നോവലുകള്‍), കരിനീല-മാലാഖയുടെ മറുകുകള്‍ (നോവെല്ല), അമ്മുവും ചിറ്റയും, മഴ മന്ദഹാസങ്ങള്‍ (ബാലസാഹിത്യം).