JOY MATHEWചാലിശ്ശേരി പുലിക്കോട്ടില്‍ മാത്യുവിന്റെയും പുത്തൂര്‍ മാരാമത്ത് എസ്തറിന്റെയും അഞ്ചു മക്കളില്‍ രണ്ടാമനായി ജനിച്ചു. കോഴിക്കോട് മാതൃബന്ധു വിദ്യാശാല, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹൈസ്‌കൂള്‍, സാമൂര്യന്‍സ് ഗുരുവായൂരപ്പന്‍ കോളേജ്, ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, കെ.സി. കോളേജ് മുംബൈ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ നാടകരംഗത്ത് സജീവമായി. കാലിക്കറ്റ് സര്‍വകലാശാലയില്‍ മൂന്നു വര്‍ഷം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ കാമ്പസ് തിയേറ്റര്‍ പ്രസ്ഥാനത്തിന് നേതൃത്വം നല്കി. ഒഡേസ നിര്‍മിച്ച ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ജനകീയസിനിമയില്‍ പുരുഷന്‍ എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചു.

ശ്യാമപ്രസാദ് സംവിധാനം ചെയ്തതും സംസ്ഥാന സര്‍ക്കാരിന്റെ നാല് അവാര്‍ഡുകള്‍ കരസ്ഥമാക്കിയതുമായ 'ഉയിര്‍ത്തെഴുന്നേല്പ്'എന്ന ടെലിഫിലിം നിര്‍മിച്ചു. ഷട്ടര്‍ എന്ന ചലച്ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. പതിനേഴാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ രജതചകോരവും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും ഷട്ടറിനു ലഭിച്ചു. പത്തുവര്‍ഷത്തോളം പ്രവാസജീവിതം നയിച്ച ദുബായില്‍ ഷട്ടറിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നു. ഹാംബര്‍ഗ്, ബുസാന്‍, പുണെ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ഷട്ടര്‍ മലയാളത്തിനു പുറമേ  തമിഴ്, തെലുങ്ക്, കന്നട, കൊങ്കിണി, മറാത്തി, പഞ്ചാബി തുടങ്ങി ഏറ്റവുമധികം ഇന്ത്യന്‍ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട സിനിമ എന്ന റെക്കോഡിട്ടു.

ശിശു, അതിര്‍ത്തികള്‍, മധ്യധരണ്യാഴി, സങ്കടല്‍, വീടുകള്‍ കത്തുന്നു, പ്രിട്ടോറിയ ഒക്ടോ 16, രക്തതബല തുടങ്ങി ഇരുപത്തിരണ്ടോളം നാടകങ്ങളും പതിനഞ്ചില്പരം  കവിതകളും മൂന്നു തിരക്കഥകളും രചിച്ചു. നാടകരചനയ്ക്ക് രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡും (ശിശു, മധ്യധരണ്യാഴി) കേരള സംഗീതനാടക അക്കാദമി അവാര്‍ഡും (സങ്കടല്‍) ലഭിച്ചിട്ടുണ്ട്. നാലു വര്‍ഷത്തിനിടയില്‍ മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി എണ്‍പത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത മോഹവലയത്തിലെ പ്രകടനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷല്‍ ജൂറി അവാര്‍ഡിന് അര്‍ഹനായി. www.joymathew.com, email :joymathew@joymathew.com.