Jaishree Misraജയശ്രീ മിശ്രയുടെ ഏന്‍ഷ്യന്റ് പ്രോമിസസ് എന്ന ആദ്യനോവല്‍ പ്രണയവും വിരഹവും ദാമ്പത്യജീവിതത്തിന്റെ സംഘര്‍ഷങ്ങളും മാതൃത്വത്തിന്റെ സ്‌നേഹവര്‍ഷമൊക്കെ സുന്ദരമായി പകര്‍ത്തിവെച്ച നോവലാണ്. ഒരു ശരാശരി പ്രവാസി പെണ്‍കുട്ടിയുടെ സ്വതന്ത്രമായ കൗമാരജീവിതത്തില്‍നിന്ന്, വിവാഹത്തോടെ കോപ്പിവരപുസ്തകത്തിലെന്നപോലെ കളങ്ങളില്‍ വരച്ചിട്ട ഉപരിവര്‍ഗജീവിതത്തിലേക്ക് പറിച്ചുനടപ്പെട്ട ആ ജീവിത കഥ നെഞ്ചില്‍ ഒരു വിങ്ങല്‍ അവശേഷിപ്പിക്കും. 

മലയാളത്തിന്റെ പ്രിയകഥാകാരിയും ജയശ്രീയുടെ സഹപാഠിയുമായ പ്രിയ എ.എസ്. ജന്മാന്തരവാഗ്ദാനങ്ങള്‍ എന്നപേരില്‍ അത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ തകഴിയുടെ കുടുംബാംഗംകൂടിയാണ് ജയശ്രീ.  യൗവനത്തില്‍ അനുഭവിച്ച സംഘര്‍ഷങ്ങളും സങ്കടങ്ങളുമാണ് ജയശ്രീ മിശ്രയെക്കൊണ്ട് ആത്മകഥാംശമുള്ള നോവല്‍ എഴുതിച്ചത്. 

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ 'റാണി' ലക്ഷ്മീഭായിയുടെ ജീവിതം ഭാവനാത്മകമായി അവതരിപ്പിച്ച റാണി എന്ന നോവല്‍ ജയശ്രീ മിശ്രയെ വിവാദത്തിന്റെ ചുഴികളില്‍ വീഴ്ത്തി. ഇന്ത്യയിലും ലണ്ടനിലും സൂക്ഷിച്ചിരിക്കുന്ന ചരിത്രരേഖകളില്‍നിന്ന് ചിലത് നോവലില്‍ ചേര്‍ത്തുവെച്ചത് കോലാഹലങ്ങള്‍ക്കിടയാക്കി. 

റാണിയുടെ ജീവിതം തെറ്റായിയെഴുതിയെന്നാരോപിച്ച് ലക്ഷ്മീഭായിയുടെ ജന്മദേശമായ യു.പി.യില്‍ 'റാണി'ക്ക് നിരോധനമുണ്ടായി. ഡല്‍ഹിയിലെ മധ്യവര്‍ഗമലയാളിജീവിതം വരച്ചുകാട്ടുന്ന ആക്സിഡന്റ് ലൈക്ക് ലവ് ആന്‍ഡ് മാരേജ്, ജനപ്രിയനോവല്‍ പരമ്പരയായ സീക്രട്ട്സ് എന്നിവയും ജയശ്രീ മിശ്രയുടെ പ്രധാനകൃതികളാണ്.