jayamohanസമകാലിക തമിഴ് - മലയാളം എഴുത്തുകാരില്‍ ശ്രദ്ധേയന്‍. നോവലും കഥകളും നാടകവും സാഹിത്യ നിരൂപണവും വേദാന്തവും ചരിത്രവും രാഷ്ട്രമീമാംസയും സംസ്‌കാരവും ജീവചരിത്രവും ബാലസാഹിത്യവുമായി 120 ലധികം കൃതികള്‍ തമിഴില്‍. കന്യാകുമാരി ജില്ലയിലെ തിരുവരമ്പിലാണ് ജനനം. മലയാളമാണ് മാതൃഭാഷ.

1990 കളില്‍ തമിഴ് സാഹിത്യ ലോകത്ത് പ്രവേശിച്ചപ്പോള്‍ തന്നെ ജയമോഹന്‍ ഉണ്ടാക്കിയ ഉത്തരാധുനികതയുടേതായ പ്രഭാവം ശക്തമായിരുന്നു. അദ്ദേഹത്തിന്റെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ 'വിഷ്ണുപുരം' ഭാരതീയ പൗരാണിക - തത്വചിന്താധാരകളിലൂടെയുള്ള വിഭ്രമാത്കമായ ഒരന്വേഷണമാണ്. അദ്ദേഹത്തിന്റെ കൃതികളില്‍ മഹാത്മാഗാന്ധിയുടെയും ലിയോ ടോള്‍സ്റ്റോയിയുടെയും മാനവിക ദര്‍ശനങ്ങളുടെ സ്വാധീനം പ്രകടമാണ്.

അസ്വസ്ഥജനകവും കലുഷിതവുമായിരുന്ന ജീവിതാനുഭവങ്ങളും നിരന്തര യാത്രകളും അദ്ദേഹത്തിനെ ഇന്ത്യന്‍ സാഹിത്യ പൈതൃകത്തെ പുനരാവിഷ്‌കരിക്കാനും അതിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും പ്രാപ്തനാക്കി. 2005 ല്‍ പ്രസിദ്ധീകരിച്ച 'കൊറ്റ്രവൈ' തമിഴ് ഇതിഹാസ കാവ്യം ചിലപ്പതികാരത്തിന്റെ പുനരാഖ്യാനമാണ്. മഹാഭാരതത്ത അധികരിച്ച് 30000 പുറങ്ങളിലേക്ക് നീളുന്ന 'വെണ്‍മുരശ്' ജയമോഹന്‍ രചിക്കുന്ന ആധുനിക ഇതിഹാസ സൃഷ്ടിയാണ്. സാധ്യതയിലും വ്യാപ്തിയിലും മഹാഭാരതത്തോട് കിടപിടിക്കുന്ന കൃതിയാണ് ജയമോഹന്‍ ലക്ഷ്യമിടുന്നത്. 2013 ല്‍ എഴുതി തുടങ്ങിയ കൃതി പത്തുവര്‍ഷം കൊണ്ട് പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നു. വെണ്‍മുരശ് പുസ്തകങ്ങളുടെ ഒരു പരമ്പരയായാണ് പ്രസിദ്ധീകരിക്കുന്നത്. ഇതുവരെ 7 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഓരോ പുസ്തകത്തിലും 1000 മുതല്‍ 1800 വരെ പേജുകളുണ്ട്. ഓരോ ദിവസവും ഓരോ അധ്യായമെഴുതി www.jeyamohan.in, tthp://v--enmurasu.in/ എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും.

ജയമോഹന്റെ മറ്റൊരു ശ്രദ്ദേയകൃതിയാണ് 'നൂറു സിംഹാസനങ്ങള്‍' എന്ന നോവല്‍. നായാടി കുലത്തില്‍നിന്നു വന്ന ഒരു ഐ.എ.എസ്. ഓഫീസര്‍ ജയമോഹനോടു പറഞ്ഞ ജീവിതത്തിന്റെ കഥാരൂപമാണ് നൂറുസിംഹാസനങ്ങള്‍. കഥയില്‍ നായകന്റെ പേരും മറ്റു വിവരങ്ങളും മാറ്റിയിട്ടുണ്ട്. ജീവിച്ചിരുന്ന, ഇരിക്കുന്ന മനുഷ്യരെപ്പറ്റി ജയമോഹന്‍ എഴുതിയ പന്ത്രണ്ടു കഥകളുടെ സമാഹാരമായ അറം 2009 ലാണ് ഇതാദ്യം പ്രസിദ്ധീകരിച്ചത്. തമിഴില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട കൃതികളില്‍ ഒന്നാണത്. നൂറുസിംഹാസനങ്ങള്‍ ലഘുലേഖകളായി പല ദളിത് സംഘടനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്ത ദളിത് പ്രസിദ്ധീകരണമായ 'എഴുത്ത്' ഈ കഥയെ ചെറിയ പുസ്തകമാക്കി ആയിരക്കണക്കിന് അച്ചടിച്ച് വിതരണം ചെയ്തുവരുന്നുണ്ട്. ഈ കഥയ്ക്ക് കോപ്പിറെറ്റ് ഇല്ല. ആര്‍ക്കും ഇത് പുസ്തകമായി പ്രസിദ്ധീകരിക്കാം.

മലയാളം - തമിഴ് സിനിമയിലും ജയമോഹന്റെ സാന്നിധ്യം ശക്തമാണ്. നാഞ്ചിനാടന്‍ പ്രദേശങ്ങളിലെ സാമൂഹിക ജീവിതം വരച്ചുകാട്ടിയ 'ഒഴിമുറി' ജയമോഹന്റെ മലയാളത്തിലെ ആദ്യ തിരക്കഥയാണ്. ഭാഷാപോഷിണിയില്‍ ജയമോഹന്‍ എഴുതിയ ഓര്‍മക്കുറുപ്പില്‍ നിന്നുമാണ് മധുപാല്‍ ചിത്രത്തിനുള്ള കഥ കണ്ടെത്തിയത്.

മറ്റു കൃതികള്‍:
ഇരവ്
റബ്ബര്‍
പിന്‍തൊടരും നിഴലിന്‍ കുറല്‍
കന്യാകുമാരി
കാട്
ഏഴാം ഉലകം
പനി മനിതന്‍
നവീന തമിഴ് ഇലക്കിയ അറിമുഖം

തിരക്കഥ എഴുതിയ ചലച്ചിത്രങ്ങള്‍ (തമിഴ്):
കസ്തൂരി മാന്‍ (2005)
നാന്‍ കടവുള്‍ (2009)
അങ്ങാടിത്തെരു (2010)
നീര്‍പറവൈ (2012)
കടല്‍ (2013)
6 മെഴുകുവര്‍തികള്‍ (2013)
കാവ്യ തലൈവന്‍ (2014)
പാപനാശം (2015)
യന്തിരന്‍ 2 ( 2017)

തിരക്കഥ എഴുതിയ ചലച്ചിത്രങ്ങള്‍ (മലയാളം):
ഒഴിമുറി (2012) 
കാഞ്ചി (2013) 
വണ്‍ ബൈ റ്റു (2014) 
നാക്കു പെന്റ നാക്കു റ്റാക്ക (2014)

പുരസ്‌കാരങ്ങള്‍:
അഖിലന്‍ സ്മൃതി പുരസ്‌കാരം (1990)
കഥാ സമ്മാന്‍ (1992)
സംസ്‌കൃതി സമ്മാന്‍ (1994)
പാവലര്‍ വരദരാജന്‍ അവാര്‍ഡ് (2008)
കന്നട ഇലക്കിയ തോട്ടം അവാര്‍ഡ് (2010)