തിരുവനന്തപുരം: സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ അപലപിക്കപ്പെടുമ്പോള്‍ ട്രാന്‍സ് വിഭാഗങ്ങള്‍ക്കെതിരെയുണ്ടാകുന്ന അക്രമങ്ങള്‍ അപലപിക്കപ്പെടാറില്ലെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം. ''കേരളം ന്യൂനപക്ഷ സൗഹൃദ സംസ്ഥാനമോ- തങ്ങളുടെ ഇടം സ്ഥാപിച്ചെടുക്കാന്‍ പൊതുസമൂഹത്തില്‍ നടത്തേണ്ട പൊളിച്ചെഴുത്തുകള്‍ എന്തൊക്കെ'' എന്ന വിഷയത്തില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു ശീതള്‍.

ജീവന്‍ ജോബ് തോമസായിരുന്നു മോഡറേറ്റര്‍. സൂര്യ അഭിലാഷ്, ശീതള്‍ ശ്യാം, ദേവ് ആര്‍, ജിജോ കുര്യാക്കോസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 2012 ഓടെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദം തന്നെ മലയാളികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. പോലീസില്‍നിന്നും പുരുഷന്മാരില്‍നിന്നും ലൈംഗിക അതിക്രമങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നേരിടേണ്ടി വരാറുണ്ടെന്നും ശീതള്‍ പറഞ്ഞു.

ആറുമണിക്കു ശേഷം സ്ത്രീകളുടെ ഇടങ്ങള്‍ പരിമിതപ്പെടുത്തുന്നതു പോലെ തന്നെയാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ഇടങ്ങളും പരിമിതപ്പെടുത്തുന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മൂന്നാം ലിംഗമെന്നും ഭിന്നലിംഗക്കാരെന്നും വിശേഷിപ്പിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നും ശീതള്‍ കൂട്ടിച്ചേര്‍ത്തു. മലയാളികള്‍ക്കിടയില്‍നിന്ന് തുറിച്ചു നോട്ടം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശീതള്‍ പറഞ്ഞു.

ഒരു ട്രാന്‍സ് മാന്‍ എന്നു പറയുന്നതില്‍ അഭിമാനമാണെന്ന് ദേവ് പറഞ്ഞു. അത് തന്റെ ഐഡന്റിറ്റിയാണ്- ദേവ് കൂട്ടിച്ചേര്‍ത്തു. ലൈംഗികന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ അന്തര്‍ദേശീയ തലത്തില്‍ മാറ്റം വന്നിട്ടുണ്ടെന്ന് ജിജോ കുര്യാക്കോസ് പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദത്തെ ഉള്‍ക്കൊള്ളാന്‍ പോലും കേരളം പരുവപ്പെട്ടിട്ടില്ലെന്ന് സൂര്യ അഭിലാഷ് പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡഡര്‍ സൗഹൃദമാണെന്ന് നോട്ടീസ് പതിച്ച ഓഫീസില്‍ പോലും ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദ ശൗചാലയം പോലും കാണാനാകില്ല. മനുഷ്യാവകാശങ്ങള്‍ എല്ലാവര്‍ക്കും ഉള്ളതാണ്. മാന്യമായി തൊഴിലെടുത്ത് ജീവിക്കാന്‍ പോലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് കേരളത്തില്‍ സാധ്യമല്ല. കഴിഞ്ഞദിവസം പുല്‍ത്തൈലം വില്‍ക്കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡറിനെതിരെയുണ്ടായ ആക്രമണത്തെ സൂചിപ്പിച്ച് സൂര്യ പറഞ്ഞു.

ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് അറിയുമ്പോള്‍ കുടുംബത്തില്‍നിന്നുണ്ടാകുന്ന അവഗണന സമൂഹത്തിലേക്കും വ്യാപിക്കുന്ന അവസ്ഥയാണുള്ളത്. ലിംഗം, ലൈംഗികത, ലൈംഗികത്വം (ജെന്‍ഡര്‍, സെക്‌സ്, സെക്ഷ്വാലിറ്റി) എന്നിവയെ കുറിച്ച് സമൂഹത്തിന് ബോധമില്ല. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നല്ല നാളെ വരുമെന്ന പ്രതീക്ഷ കയ്യാലപ്പുറത്തെ തേങ്ങ പോലെയാണെന്നും സൂര്യ പറഞ്ഞു. 

content highlights: transgenders and malayali society mathrubhumi international festival of letters 2018