തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് വെള്ളിയാഴ്ച രാവിലെ തുടക്കമാകുന്നതോടെ, കനകക്കുന്ന് അക്ഷരങ്ങളുടെ കൊട്ടാരമാവും. ഇനി മൂന്നുനാള്‍ പ്രിയപ്പെട്ട എഴുത്തുകാര്‍ ഇവിടെ മുഖാമുഖമിരിക്കും. ചര്‍ച്ചകള്‍ നടത്തും കവിതവായിക്കും ഏകാംഗാവിഷ്‌കാരങ്ങള്‍ നടത്തും, വായനക്കാരുമായി സംവദിക്കും പുസ്തകങ്ങളില്‍ ഒപ്പുചാര്‍ത്തിക്കൊടുക്കും.

കനകക്കുന്ന് കൊട്ടാരത്തിലെ അഞ്ച് വേദികളിലായാണ് അക്ഷരോത്സവം നടക്കുക. രാവിലെ 10-ന് പാലസ് ഹാളില്‍ 'ഇന്‍ര്‍നെറ്റിലെ അയഥാര്‍ഥ സഞ്ചാരങ്ങളുടെ കാലത്ത്് യാത്രാ എഴുത്തിന്റെ ഭാവി' എന്ന വിഷയത്തില്‍ വില്യം ഡാല്‍റിംപിള്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, എം.പി. വീരേന്ദ്രകുമാര്‍, ഷറീന്‍ ക്വാദിരി എന്നിവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയോടെയാണ് തുടക്കം.

രാവിലെ 11 മണിക്ക് 'വിപ്ലവങ്ങളില്ലാത്ത ലോകത്ത് എഴുതുന്ന വാക്കിന്റെ ഭാവി' എന്ന വിഷയത്തില്‍ യുക്രൈനിയന്‍ എഴുത്തുകാരന്‍ ആന്ദ്രേ കുര്‍ക്കോവ് അക്ഷരോത്സവത്തിന്റെ ആമുഖപ്രഭാഷണം നടത്തും. ആദ്യദിവസം ഉച്ചയ്ക്ക് 12 മണിക്ക് കഥാകൃത്ത് ടി. പത്മനാഭന്‍ കഥാമത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 20 പുതുകഥാകൃത്തുക്കളുമായി സംവദിക്കും.

ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി ജയശ്രീ മിശ്ര സുനീത ബാലകൃഷ്ണനുമായി സംസാരിക്കും. ഒരു മണിക്ക് തിരുവിതാംകൂര്‍ രാജവംശത്തെക്കുറിച്ച് മനു എസ്. പിള്ളയും മഹാഭാരതത്തെക്കുറിച്ച് സുനില്‍ പി. ഇളയിടവും രണ്ട്്് വേദികളിലായി സംസാരിക്കും. രണ്ടുമണിക്ക് ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ കവിതയുടെ ഏകാംഗാവിഷ്‌കാരം നടത്തും. അതേസമയം തന്നെ പ്രധാനവേദിയില്‍ 'അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ വെല്ലുവിളി' എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ ജോസി ജോസഫ്, വിനോദ് കെ. ജോസ്, കെ.പി. ശശി, മാതൃഭൂമി എക്‌സിക്യുട്ടീവ് എഡിറ്റര്‍ പി.ഐ. രാജീവ് എന്നിവര്‍ പങ്കെടുക്കും.

ഒന്നാം ദിവസത്തെ പ്രധാനപ്പെട്ട ഒരിനമാണ് സ്ലാം പോയട്രി. ഇതില്‍ ബിഗോയ ചൗള്‍, അദിതി അംഗിരസ്, ഗിരീഷ് പുലിയൂര്‍ എന്നിവര്‍ പങ്കെടുക്കും. മറ്റൊരു വേദിയില്‍ അനിതാ തമ്പിയും സച്ചിദാനന്ദനും അന്‍വര്‍ അലിയും കവിതകള്‍ വായിക്കും. ദീപക് ഉണ്ണികൃഷ്ണന്‍, അശോക് ഫെറി, അനില്‍ ധര്‍ക്കര്‍ എന്നിവര്‍ ലോകത്തിലെ മഹാനഗരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും.

സന്ധ്യയ്ക്ക് ഏഴുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ആദ്യ സംഗീത പരിപാടി. അവിടെ രഘുദീക്ഷിത്തും സംഘവും പാടും. ഫെബ്രുവരി നാലിന് അക്ഷരോത്സവം സമാപിക്കും.