തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ അരങ്ങുണരും. ഇനി മൂന്നുനാള്‍ കനകക്കുന്ന് അക്ഷരങ്ങളുടെ ആഘോഷനഗരിയാവും.

രാവിലെ പത്തുമുതല്‍ വിവിധ സെഷനുകള്‍ ആരംഭിക്കും. വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അക്ഷരോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടറും എഴുത്തുകാരനുമായ എം.പി. വീരേന്ദ്രകുമാര്‍ അധ്യക്ഷനാവും. കവയിത്രി സുഗതകുമാരി അനുഗ്രഹപ്രഭാഷണം നടത്തും.

എം.പി.യും എഴുത്തുകാരനും അക്ഷരോത്സവത്തിന്റെ രക്ഷാധികാരിയുമായ ശശി തരൂരാണ് മുഖ്യപ്രഭാഷണം. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അതിഥികളെ ആദരിക്കും. മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം മുഖ്യമന്ത്രി നിര്‍വഹിക്കും.

തത്സമയ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

അക്ഷരോത്സവത്തിന്റെ തത്സമയ രജിസ്‌ട്രേഷന്‍ വെള്ളിയാഴ്ചമുതല്‍ കനകക്കുന്നില്‍ ആരംഭിക്കും. രാവിലെ ഒമ്പതുമുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. ഒരുദിവസത്തേക്ക് 100 രൂപയും മൂന്നുദിവസത്തേക്ക് 250 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. പ്ലസ്ടുവരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. സ്ഥാപന മേലധികാരിയുടെ കത്തോ തിരിച്ചറിയല്‍കാര്‍ഡോ ഹാജരാക്കണം. ഓണ്‍ലൈന്‍ (www.mbifl.com) വഴിയും 'ബുക്ക് മൈ ഷോ' വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും രജിസ്റ്റര്‍ചെയ്യാം.