തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് കടന്നുവന്നാണ് ഓരോ പുരോഗമന ആശയങ്ങളും കേരളം കൈക്കൊണ്ടത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നവോത്ഥാനം എന്ന വാക്കിനെ പേടിക്കുന്നവരുണ്ടോ? ഉണ്ടെന്നതാണ് വാസ്തവം,  അത്തരത്തില്‍ ഭയക്കുന്നവര്‍ ആരൊക്കെയെന്ന് ചര്‍ച്ച ചെയ്യുകയാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍. നവോത്ഥാനത്തെ ആര്‍ക്കാണ് പേടി എന്ന വിഷയത്തില്‍ കെ.വേണു, ഫാദര്‍ പോള്‍ തേലക്കാട്ട്, ഹുസൈന്‍ മടവൂര്‍ എന്നിവരാണ് ചര്‍ച്ച നയിച്ചത്.

സമീപകാല സംഭവവികാസങ്ങളാണ് നവോത്ഥാനം എന്ന വിഷയത്തെ വീണ്ടും ചര്‍ച്ചയ്ക്ക് ഇടയാക്കിയതെന്ന് കെ.വേണു പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വനിതാമതില്‍ നവോത്ഥാന പ്രക്രിയയുടെ തുടര്‍ച്ച എന്ന പേരില്‍ അവതരിപ്പിക്കുകയായിരുന്നു. വര്‍ണവെറി-ജാതീയ ചിന്തകളെ മറികടക്കാനാണ് കേരളത്തിലെ മുന്‍നവോത്ഥാന പ്രക്രിയകള്‍ ശ്രമിച്ചത്. എന്നാല്‍ അത്തരമൊരു മുന്നേറ്റത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞതിനെ കാണാനാകില്ല. കേരളത്തിലെ സ്ത്രീ-പുരുഷ ബന്ധങ്ങളിലെ പൊളിച്ചെഴുത്താണ് നവോത്ഥാനത്തിന്റെ തുടര്‍ച്ചയായി വരേണ്ടിയിരുന്നത്. പുരുഷ മേധാവിത്വ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നവരാണ് ഇതു സംഘടിപ്പിച്ചത്. സ്ത്രീ-പുരുഷ സമത്വം സാധ്യമാകാനാകണം ഇനിയുളള നവോത്ഥാനം-വേണു പറഞ്ഞു.

നവോത്ഥാനം അസ്തമിക്കുകയും ജാതിയുടെയും മതത്തിന്റെയും ചിന്ത ലോകത്തെ ആക്രമിക്കുന്നു എന്നും ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു. ഒരു മതത്തിലും ഇന്ന് സ്ത്രീ-പുരുഷ സമത്വമില്ല, മതം ഇന്ന് സാമുദായിക ശക്തിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാനത്തെ ഭയക്കുന്നത് ആത്മീയ നേതാക്കളും പുരോഹിതരും രാഷ്ട്രീയനേതാക്കളുമാണെന്ന് ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ശാസ്ത്രബോധം വളരുകയാണ് ചെയ്യേണ്ടത്. മുമ്പ് ഇടതുസര്‍ക്കാരിന്റെ കാലത്ത് വ്യാജസിദ്ധന്മാരെയൊക്കെ പിടിക്കാന്‍ തീരുമാനിച്ചുവെങ്കിലും പലരും തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് പണം തരുന്നവരാണെന്ന് തിരിച്ചറിഞ്ഞ് പലരെയും പിടിച്ചുമില്ല. പുരോഗതി ഇഷ്ടപ്പെടാത്തവരാണ് നവോത്ഥാനത്തെ ഭയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: MBIFL2019 Fr Paul Thelakat KVenu Hussain Madavoor