തിരുവനന്തപുരം: ഇന്ത്യയിലെ ഭരണസംവിധാനമോ രാഷ്ട്രീയ പാര്‍ട്ടികളോ ജാതിവ്യവസ്ഥകളില്‍ നിന്ന് മുക്തമല്ലെന്ന് ദളിത് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ സുജാത ഗിഡ്‌ലെ. ജാതീയമായ വേര്‍തിരിവുകള്‍ അപ്രത്യക്ഷമായിത്തുടങ്ങിയെന്നത് തെറ്റായ ധാരണയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. 

ദളിതര്‍ക്ക് സംവരണം നല്‍കുന്നത് ഏറ്റവും മോശം കാര്യമായി കരുതുന്നവരാണ് ഇന്ത്യയിലുള്ളത്. ദളിതരെ അസ്പൃശ്യരായി കണക്കാക്കുന്നെന്ന് ആരോപിക്കുമ്പോള്‍ നിങ്ങള്‍ സംവരണാനുകൂല്യം നേടിയല്ലേ പഠിച്ചതെന്നാണ് മറുചോദ്യം. ദളിത് വിരുദ്ധ മനോഭാവമുള്ളവരെ തിരിച്ചറിയാനുള്ള ഏറ്റവും വലിയ അടയാളമാണ് ഈ ചോദ്യം-സുജാത ഗിഡ്‌ലെ പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തില്‍ 'തൊട്ടുകൂടാത്തവര്‍ക്കൊരു രാജ്യമില്ല' എന്ന വിഷയത്തില്‍ മുഖാമുഖം നടത്തുകയായിരുന്നു സുജാത ഗിഡ്‌ല.

തൊട്ടുകൂടാത്തവര്‍ക്കായി ഒരു രാജ്യവുമില്ല എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സുജാത. മായാവതിയുടെയും ജിഗ്നേഷ് മേവാനിയുടെയും  ദളിത് ഉദ്ധാരണ പ്രവര്‍ത്തനങ്ങളോട് യോജിപ്പില്ല. മായാവതിക്ക് അധികാരം മാത്രമാണ് താല്പര്യം. അവര്‍ ദളിതര്‍ക്ക് വേണ്ടി എന്താണ് ചെയ്തത്.

ജിഗ്‌നേഷ് മേവാനി നല്ല മനുഷ്യനാണ്. പക്ഷേ, കോണ്‍ഗ്രസ്സുമായുള്ള കൂട്ട് അയാളെ ഒന്നുമല്ലാതാക്കും. രാം നാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയതിലൂടെ ദളിതരുടെ മുന്നേറ്റമല്ലേ സാധ്യമാവുന്നതെന്നാണ് പലരുടെയും ചോദ്യം. എന്നാല്‍, ദളിതരുടെ മുഖത്തടിക്കുകയാണ് അതിലൂടെ ചെയ്തിരിക്കുന്നത്.

ദളിതര്‍ക്ക് ഉന്നതസ്ഥാനങ്ങള്‍ നല്കുന്നില്ലെന്ന ആരോപണത്തതിന്റെ മുനയൊടിക്കാനുള്ള തന്ത്രം മാത്രമാണത്. ഇനിയൊരു ദളിതനും ചോദ്യം ചെയ്യാന്‍ തയ്യാറാവരുതെന്ന രഹസ്യ അജണ്ട നടപ്പാക്കിയിരിക്കുകയാണ് അതിലൂടെയെന്നും സുജാത കുറ്റപ്പെടുത്തി.

നരേന്ദ്ര മോദിയുടെ ഭരണം രാജ്യത്താകെയുള്ള ജനങ്ങളെയും ദുരിതത്തിലാക്കുന്നതാണ്. അക്രമങ്ങളും അനിഷ്ടസംഭവങ്ങളും കൂടിവരുന്നത് ഇതിന് തെളിവാണ്. ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി ഇന്ത്യയില്‍ ഇല്ലാതാക്കാന്‍ പ്രാപ്തരല്ല  കോണ്‍ഗ്രസ്സോ ബിജെപിയോ എന്നും സുജാത കുറ്റപ്പെടുത്തി. ഇടതുപാര്‍ട്ടികള്‍ ദളിതരെ ആയുധമായി ഉപയോഗിച്ച് നേട്ടം കൊയ്യാനാണ് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

Content Highlights: MBIFL2018 sujata gidle Dalit Uprising