തിരുവനന്തപുരം: വൈ ഐ ആം എ ഹിന്ദു എന്ന തന്റെ പുതിയ പുസ്തകം ഹിന്ദുത്വത്തെക്കുറിച്ചല്ല ഹിന്ദൂയിസത്തെക്കുറിച്ചാണെന്ന് എഴുത്തുകാരനും എംപിയുമായ ശശി തരൂര്‍. കാലങ്ങളായി തന്റെ എഴുത്തിലൂടെ പറയാന്‍ ശ്രമിക്കുന്ന ആശയങ്ങളുടെ സംക്ഷിപ്തതയാണ് പുതിയ പുസ്തകത്തിലുളളതെന്നും ശശി തരൂര്‍ പറഞ്ഞു.

ഉചിതമായ സമയത്താണ് ഏറെ കാലികപ്രസക്തിയുള്ള ഒരു വിഷയം പുസ്തകരൂപേണ പുറത്തിറക്കാന്‍ സാധിച്ചത്. ഹിന്ദുത്വവും ഹിന്ദൂയിസവും രണ്ടാണെന്ന് ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ പോവുന്ന കാലമാണിത്. അധികാരത്തിലിരിക്കുന്നവര്‍ ഹിന്ദുത്വമാണ് യഥാര്‍ത്ഥ ഹിന്ദൂയിസമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. വര്‍ത്തമാന രാഷ്ട്രീയത്തിലെ ഈ കപടത നമ്മള്‍ തിരിച്ചറിയുന്നതേയില്ലെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

മതവിശ്വാസം സ്വകാര്യമായിരുന്ന പഴയകാലത്ത് ഞാന്‍ ആരെന്ന് എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്തിയാല്‍ മതിയായിരുന്നു. എന്നാല്‍, വര്‍ത്തമാനകാലത്ത് സമൂഹം നമ്മളോട് നീയാര് എന്ന ചോദ്യം മതപരമായ പശ്ചാത്തലത്തില്‍ ചോദിക്കുമ്പോള്‍ ഞാനൊരു ഹിന്ദുവാണ് എന്ന് പറഞ്ഞേ പറ്റൂ. യഥാര്‍ഥ ഹിന്ദുവാര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതും ഇതോടൊപ്പമാണ്. ഈ സാഹചര്യത്തിലാണ് വൈ ഐ ആം എ ഹിന്ദു എന്നത് എഴുതേണ്ടിവരുന്നത്. ശശി തരൂര്‍ പറഞ്ഞു.

അധികാരത്തിലിരിക്കുന്നവര്‍ അസംബന്ധതയെ കൂട്ടുപിടിച്ച് ശാസ്ത്രതത്വങ്ങളെ പോലും വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ഇത്തരം അസംബന്ധങ്ങള്‍ പറയുകയാണ്. പ്ലാസ്റ്റിക് സര്‍ജറി കണ്ടുപിടിച്ചത് ഇന്ത്യക്കാരാണെന്ന് സ്ഥാപിക്കാന്‍ ഗണപതിയെ ഉദാഹരിക്കുന്നത് എങ്ങനെ അംഗീകരിക്കാനാവും. അശാസ്ത്രീയമായ പ്രസ്താവനകള്‍ നടത്തിയും ചരിത്രപരമായ വസ്തുതകളെ വളച്ചൊടിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇങ്ങനെയുള്ളവര്‍ ശ്രമിക്കുന്നത്. മുസ്ലീംവിരുദ്ധത വളര്‍ത്താന്‍ അവര്‍ പറയുന്നത് ബ്രീട്ടിഷുകാരെപ്പോലെ ഇവിടം കയ്യേറിയവരാണ് മുസ്ലീംകളും എന്നാണ്. അത് സത്യമല്ല. ബ്രീട്ടീഷുകാര്‍ നമ്മുടെ സ്വത്തുക്കള്‍ കൊള്ളയടിക്കാനും അവരുടെ ലാഭം മുന്നില്‍ക്കണ്ട് മാത്രം പ്രവര്‍ത്തിക്കാനുമാണ് ശ്രമിച്ചത്. എന്നാല്‍, മുസ്ലീംകള്‍ നമ്മുടെ സംസ്‌കാരത്തോട് ഇഴുകിച്ചേരാനും ഭാവിതലമുറകളെ ഇവിടെ വളര്‍ത്താനുമാണ് മുന്‍കയ്യെടുത്തതെന്നും തരൂര്‍ പറഞ്ഞു.

മുത്തലാഖ് ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതെന്തിന് എന്ന ചോദ്യത്തിന് തങ്ങള്‍ എതിര്‍ക്കുകയല്ല പകരം ചില സംശയങ്ങള്‍ ചോദിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു തരൂരിന്റെ മറുപടി. സിവില്‍ കുറ്റത്തിന് ക്രിമിനല്‍ശിക്ഷ നല്‍കുന്നതിനെക്കുറിച്ചാണ് തങ്ങള്‍ വിശദീകരണം ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 

സെക്യുലറിസത്തിന്റെ ശരിയായ നിര്‍വ്വചനം ഇന്ത്യന്‍ പരിതസ്ഥിതിക്ക് യോജിച്ചതല്ല. സെക്യുലറിസം മതമില്ലാത്ത അവസ്ഥയാണ്. ഇന്ത്യയുടേത് പ്ലൂറലിസമാണ്. ബ്രിട്ടീഷുകാര്‍ സിവില്‍ കോഡ് ഉണ്ടാക്കിയതു പോലും ഇന്ത്യയെ മതപരമായ ചെറുകൂട്ടങ്ങളുടെ യൂണിയനായി കണ്ടാണ്. നെഹ്‌റൂവിയന്‍ സെക്യുലറിസം അദ്ദേഹത്തെ സംബന്ധിച്ച് സെക്യുലറിസം തന്നെയായിരുന്നു. പ്കഷേ, അത് പുറത്തേക്ക് വന്നിരുന്നത് പ്ലൂറലിസമായി തന്നെയാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

ഹിന്ദൂയിസത്തിന്റെ നിഷ്പക്ഷമാതൃകയാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സ്വീകരിച്ചത്. ഹിന്ദുത്വത്തെ ഹിന്ദൂയിസമായി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാന്‍ യഥാര്‍ത്ഥ ഹിന്ദൂയിസമെന്താണെന്ന് ജനങ്ങളെ ബോധവല്‍ക്കരിച്ചേ മതിയാവൂ  എന്നും തരൂര്‍ പറഞ്ഞു.

മോദിയും താങ്കളും വിവേകാനന്ദസ്വാമിയുടെ ആരാധകരാണെന്ന സാമ്യമുണ്ടല്ലോ എന്ന ചോദ്യത്തിന് ഞാന്‍ ആരാധകനല്ല വിവേകാനന്ദനെ വായിച്ചിട്ടുണ്ട് എന്നായിരുന്നു തരൂരിന്റെ രസകരമായ മറുപടി. 

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ മിഹിര്‍ ബോസാണ് അക്ഷരോത്സവ വേദിയില്‍ ശശി തരൂരുമായി അഭിമുഖം നടത്തിയത്. 

Content Highlights: mbifl2018 MathrubhumiInternationalFestivalOfLetters FestivalOfLetters