തിരുവനന്തപുരം: അവയവദാനത്തെ വെറും സാങ്കേതികവിദ്യയുടെ പ്രയോഗമായി കണക്കാക്കുമ്പോഴാണ് അത് കച്ചവടമായി മാറുന്നതെന്ന് പൊതുജന ആരോഗ്യ പ്രവര്‍ത്തകനും അച്യുത മേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് തലവനുമായ ഡോക്ടര്‍ വി രാമന്‍കുട്ടി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തോട് അനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന അവയവദാനത്തെ കുറിച്ചുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരക്കഥാകൃത്ത് സഞ്ജയും സംവാദത്തില്‍ പങ്കെടുത്തു. റിലീസായി ആറുവര്‍ഷത്തിനു ശേഷവും ട്രാഫിക് എന്ന ചിത്രം ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് സഞ്ജയ് പറഞ്ഞു. അവയവദാനം ബിസിനസ് ആണെന്ന നടന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന് സഞ്ജയുടെ ചോദ്യത്തോട് ഡോക്ടറുടെ മറുപടി ഇങ്ങനെ- അവയവമാറ്റം ബിസിനസ് ആണെന്ന ആരോപണത്തില്‍ സത്യമില്ലാതില്ല. പാവപ്പെട്ടവരും ആരുമില്ലാത്തവരുമായവരുടെ മേലാണ് ഇത് പ്രയോഗിക്കപ്പെടുന്നതെന്നും ആരോപണമുണ്ട്. പലര്‍ക്കും ജീവിതത്തെ കുറിച്ച് പുതിയ പ്രതീക്ഷ നല്‍കുന്ന ഒരു സാങ്കേതികവിദ്യയാണ് അവയവദാനം. ഇത് വെറും സാങ്കേതികവിദ്യയായി മാറുമ്പോഴാണ് ബിസിനസാകുന്നത്.

അവയവദാനത്തിന് തയ്യാറാകാന്‍ പലരും മടിക്കുന്നതിന്റെ കാരണം ഭയമാണ്. എന്താണ് ഈ ഭയത്തിന്റെ കാരണമെന്നായിരുന്നു സഞ്ജയുടെ അടുത്ത ചോദ്യം. ഭയം മനുഷ്യനില്‍ വളരെ സാധാരണമാണെന്നും എന്നാല്‍ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി ഈ ഭയത്തെ മറികടക്കാന്‍ പലര്‍ക്കും സാധിക്കുന്നുണ്ടെന്നും രാമന്‍കുട്ടി പറഞ്ഞു. അടുത്തിടെ എറണാകുളത്ത് അപകടത്തില്‍പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാകാത്ത ആള്‍ക്കൂട്ടത്തിന്റെ മനോഭാവത്തെ കുറിച്ചും സംവാദം ചര്‍ച്ച ചെയ്തു. പലരും മുന്നോട്ട് വരാതിരുന്നതിന് കാരണം സമയനഷ്ടം, സാമ്പത്തിക നഷ്ടം, ഭയം എന്നിവ കൊണ്ടാകാം. കേരളത്തില്‍ മാത്രമല്ല അപകടത്തില്‍ പെട്ടയാളെ സഹായിക്കാതെ പോകുന്ന ആളുകള്‍ അമേരിക്കയിലുമുണ്ടെന്നും ഡോക്ടര്‍ രാമന്‍കുട്ടി പറഞ്ഞു. ഇതിന് ആസ്പദമായ സംഭവവും അദ്ദേഹം വിവരിച്ചു.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയിലെ ഒരു വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു.കഴുത്തിന് താഴെ തളര്‍ന്നു പോയ, ഓട്ടോമാറ്റിക് ചക്രക്കസേരയില്‍ സഞ്ചരിക്കുന്ന ഒരാള്‍ കസേരയില്‍ നിന്ന് മറിഞ്ഞുവീഴുന്നത് കണ്ടു. ഒരുപാട് പേര്‍ അയാളെ കടന്നു പോയി. ആരും അയാളെ സഹായിച്ചില്ല. ഞാനും ഒപ്പമുണ്ടായിരുന്ന ആളും ശ്രമിച്ചെങ്കിലും അയാളെ ഉയര്‍ത്താനായില്ല. ഏറെ നേരത്തിനു ശേഷം ആ വഴി വന്ന ഒരാളാണ് ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന് അദ്ദേഹത്തെ ഉയര്‍ത്തി കസേരയിലിരുത്തിയത്.- രാമന്‍കുട്ടി പറഞ്ഞു. അവയവദാനം കൊണ്ട് ശരീരത്തിന് എന്തെങ്കിലും തരത്തിലുള്ള അഭംഗിയുണ്ടാകില്ലെന്നും ചോദ്യത്തിന് ഡോക്ടടര്‍ മറുപടി നല്‍കി. 

content highlights: mbifl 2018 mathrubhumi international festival of letters 2018, organ donation