കരുണയുടെയും കവിതയുടെയും വഴിവേണോ, പൗരോഹിത്യത്തിന്റെയും ചാതുര്‍വര്‍ണ്യത്തിന്റെയും വഴി വേണോ? ജഗദാനന്ദകാരകനായ രാമന്‍ വേണോ, ആ രാമനെ വിഴുങ്ങാന്‍ അമ്പും വില്ലുമായി വരുന്ന മറ്റൊരു രാമനെ വേണോ? ഭാരതത്തിന്റെ സമകാലികസാഹചര്യത്തില്‍ ഇതിഹാസങ്ങള്‍ വീണ്ടും വായിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങളാണിവ.

ബ്രാഹ്മണ്യം കുന്നുകൂട്ടിയ ചപ്പുചവറുകള്‍ക്കുള്ളില്‍ മറഞ്ഞുകിടക്കുന്ന പ്രാചീന ഇന്ത്യയുടെ ചരിത്രം വീണ്ടെടുക്കാനാണ് ഇതിഹാസങ്ങള്‍ കാലികമായി വായിക്കുന്നതെന്നാണ് പ്രഭാഷകന്‍ ഡോ. സുനില്‍ പി.ഇളയിടം പറഞ്ഞത്. കെട്ടുപോയ പഴയകാലത്തെ പുനരാനയിക്കാനുള്ള ശ്രമങ്ങളല്ലേ ഇതെന്ന ചോദ്യമുയരാം. ഇതിഹാസ കഥാപാത്രങ്ങള്‍ ഇന്ത്യയില്‍ ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.രാമന്റെ ഉപദ്രവം ചില്ലറയല്ല. അപ്പോള്‍ ഇതിഹാസങ്ങള്‍ വീണ്ടും പരിശോധിക്കുന്നത് രാമനുവേണ്ടിയല്ല, നമുക്കു വേണ്ടിത്തന്നെയാണ്. അന്തിമവും ഏകാത്മകവുമായി ഉറപ്പിച്ച് ഉടമസ്ഥാവകാശം ഉറപ്പിക്കാനുള്ള ശ്രമത്തിനെതിരായ ചെറുത്തുനില്‍പ്പായാണ് ഇന്ന് ഇതിഹാസം പുനഃപരിശോധിക്കുന്നത്.

രാമായണത്തില്‍ രണ്ടു മഹര്‍ഷിമാരുടെ വഴികള്‍ കാണാം. കരുണയുടെ വഴിയാണ് വാല്മീകിയുടേത്. അതില്‍നിന്ന് ആദികാവ്യമുണ്ടായി. അവസാനമില്ലാത്ത കരച്ചലിനു പിന്നാലെയാണ് എന്നും കവിതയുടെ യാത്ര. കരുണയുടെ ഈ വഴി വീണ്ടെടുക്കാനുള്ള അവസാനശ്രമമായിരുന്നു ഗാന്ധിജി. മറ്റൊന്ന് വസിഷ്ഠന്റെ പാരമ്പര്യമാണ്. പൗരോഹിത്യത്തിന്റെയും ചാതുര്‍വര്‍ണ്യത്തിന്റെയും പാരമ്പര്യമാണത്. ഇതിലേതിനെ വീണ്ടെടുക്കുമെന്നതാണ് പ്രശ്‌നം. മഹാഭാരതത്തില്‍ തമ്മില്‍തമ്മില്‍ ഏറ്റുമുട്ടുന്ന പലപല പാരമ്പര്യങ്ങളുണ്ട്. ധാരാളം പാഠങ്ങളുമുണ്ട് അദ്ദേഹം പറഞ്ഞു.

Content Highlights: mbifl2018 MathrubhumiInternationalFestivalOfLetters FestivalOfLetters SunilPIlayidam