തിരുവനന്തപുരം: മലയാള ചലച്ചിത്രഗാനരംഗത്ത് സംഗീത സംവിധായകര്‍ ചോദ്യം ചെയ്യപ്പെടാത്ത സര്‍വാധിപതികളാവുകയാണെന്ന് കവിയും ഗാനരചയിതാവുമായ കെ.ജയകുമാര്‍ പറഞ്ഞു. നാളത്തെ തലമുറയ്ക്ക് പാടാന്‍ കഴിയുന്ന പാട്ടുകള്‍ ഇന്ന് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തോടനുബന്ധിച്ച് ചലച്ചിത്ര ഋതുഭേദങ്ങള്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീത സംവിധായകന്‍ ബിജിബാലും പങ്കെടുത്തു. പാട്ടെഴുത്തുകാരന്‍ രവി മേനോനായിരുന്നു മോഡറേറ്റര്‍.

പാട്ടുകള്‍ തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ സിനിമയുടെ ഭാഗമായിരുന്നെന്ന് രവി മേനോന്‍ പറഞ്ഞു. ആലം ആരെയില്‍ അമ്പത് പാട്ടുകള്‍ ഉണ്ടായിരുന്നു. മലയാളത്തിലെ ബാലനില്‍ ഇരുപത്തിയാറ് പാട്ടുകള്‍ ഉണ്ടായിരുന്നു. റിയലിസ്റ്റ് സിനിമകളുടെ കാലത്ത് നീലക്കുയിലില്‍ ഒന്‍പത് പാട്ടുകള്‍ ഉണ്ട്. ഗാനങ്ങള്‍ക്ക് പകരം പശ്ചാത്തല സംഗീതമാണ് സിനിമയുടെ കഥയ്ക്ക് ചേരുന്നതെന്ന് സത്യജിത്ത് റായ് പാഥേര്‍ പാഞ്ചാലിയിലൂടെയുമെല്ലാം തെളിയിച്ചു. ഇതില്‍ റേയ്ക്ക് രവിശങ്കറിനെപ്പോലുള്ള പ്രതിഭകളുടെ പിന്തുണ ലഭിച്ചു-രവി മേനോന്‍ പറഞ്ഞു.

ആകാംഷയോടെയാണ് പുതിയ ഗാനങ്ങളെ കാണുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു രവി മേനോന്‍ തുടങ്ങിയത്.  പുതിയ ഗാനങ്ങളെല്ലാം മോശമാണെന്നും പഴയതെല്ലാം നല്ലതാണെന്നുമല്ല അര്‍ഥം. പാട്ടിന് ഒരു കാലത്ത് കൊടുത്തിരുന്ന പ്രാധാന്യം ഇന്നില്ല. പാട്ടിന്റെ കെട്ടിലും മട്ടിലും ഇന്ന് മാറ്റം വന്നു. സകല സാങ്കേതികവിദ്യകളും കുത്തിനിറച്ച് വികൃതമാക്കുകയാണ്. സംഗീതം ഒരു നേരംപോക്കല്ല. എക്കാലത്തും നിലനിന്നിരുന്ന പാട്ടുകളാണ് അന്ന് സൃഷ്ടിക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് സെന്‍സേഷനു വേണ്ടിയുള്ള ഗാനങ്ങളാണ് ഉണ്ടാകുന്നത്. 

സാഹിത്യം ഇല്ലാത്ത സംഗീതമാണ് ഇന്നുള്ളത്. എഴുത്തുകാര്‍ രണ്ടാം നിരയിലായിരിക്കുകയാണ് ഇന്ന്. തങ്ങള്‍ക്ക് പാട്ടില്‍ വലിയ പങ്കില്ലെന്ന് വലിയൊരു വിഭാഗം എഴുത്തുകാരും ചിന്തിക്കുന്നുണ്ട്. കൊച്ചിയില്‍ നിന്ന് ഒരാള്‍ വിളിച്ച് പാട്ടുവേണം എന്നാവശ്യപ്പെട്ടു. എന്നാല്‍ അതില്‍ സാഹിത്യം വേണ്ട എന്നൊരു നിബന്ധനയും ഉണ്ടായിരുന്നു. വരും തലമുറയ്ക്ക് പാടി നടക്കാന്‍ പറ്റുന്ന പാട്ടുകള്‍ ഇന്ന് ഉണ്ടാക്കാന്‍ കഴിയുന്നില്ല.

ഗാനരചയിതാവും സംഗീത സംവിധായകനും ഗായകനും ചേരുന്ന ജൈവികമായ  ഒരു സൃഷ്ടിയാണ് ഗാനങ്ങള്‍. എന്നാല്‍ സാങ്കേതിക വിദ്യയുടെ കടന്നുവരവ് അത് ഒരു യാന്ത്രികമായ പ്രവര്‍ത്തനമാക്കി മാറ്റി. മലയാളം വേണ്ടത്ര പഠിക്കാതെ ഇംഗ്ലീഷില്‍ വരികളെഴുതി പാടുന്നവര്‍ ഇന്നുണ്ട്. ഇംഗ്ലീഷ് മീഡിയവും സാങ്കേതികവിദ്യയുടെ കടന്നുവരവും സാഹിത്യത്തെ തമസ്‌കരിക്കുന്ന രീതിയിലേയ്ക്ക് ഗാനസൃഷ്ടിയെ മാറ്റുകയാണ്. 

ഈ രംഗത്തുണ്ടായ ഗായകരുടെ ആധിക്യം ചലച്ചിത്രഗാന നിരൂപകനും സാഹിത്യകാരനും മാതൃഭൂമി സംഗീത വിഭാഗം മേധാവിയുമായ രവി മേനോന്‍ ചൂണ്ടിക്കാട്ടി. ഇരുന്നൂറിലെറെ ഗായകരാണ് ഒരു വര്‍ഷത്തിനിടെ സിനിമാ മേഖലയില്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 

സിനിമാ സംഗീത മേഖലയിലെ ജനാധിപത്യ അത് വ്യക്തമാക്കുന്നതെന്ന് ഡോ കെ ജയകുമാര്‍ പറഞ്ഞു. എന്നാല്‍ യേശുദാസ് അടക്കമുള്ള മുതിര്‍ന്ന ഗായകര്‍ സമ്മാനിച്ച ശബ്ദശുദ്ധിയും ഉച്ചാരണ സ്ഫുടതയും പുതിയ ഗായകര്‍ക്ക് കൈമോശം സംഭവിക്കുന്നു. ഈണം തയ്യാറാക്കിയ ശേഷം അതിനനുയോജ്യമായി ഗാനരചന നടത്തുന്ന രീതി നൈസര്‍ഗികവും കാവ്യാത്മകവുമായ ഗാനങ്ങളുടെ സൃഷ്ടിയ്ക്ക് തടസമാണ്. സംഗീത സംവിധായകന്‍ ചോദ്യം ചെയ്യപ്പെടാത്ത സര്‍വാധിപതിയാവുകയാണിവിടെ-ജയകുമാര്‍ പറഞ്ഞു. 

പാട്ടിന് ഭാഷാപരമായി മൗലികമായ മാറ്റമാണ് ഉണ്ടാകുന്നതെന്ന് സംഗീത സംവിധായകന്‍ ബിജിബാല്‍ പറഞ്ഞു. സംസാരഭാഷയിലേയ്ക്ക് പാട്ട് എത്തുകയാണ്. ഇവിടെ സിനിമാസംഗീതം ജനപ്രിയമാണ്. എന്നാല്‍ ഇന്ത്യക്ക് പുറത്ത് സ്വതന്ത്രമായ ബാന്റുകളാണ് ജനപ്രിയ ഗാനങ്ങളുടെ സ്ഥാനം സൃഷ്ടിക്കുകയും കൈയടക്കുകയും ചെയ്യുന്നത്. അതേസമയം സമാനന്തര ഗാനങ്ങള്‍ സിനിമയ്ക്കപ്പുറത്തായി ഇവിടെ ബാന്റുകളില്‍ നിന്ന് ഉണ്ടാകുന്നുണ്ട് എന്നാല്‍ അതിനായി കൃത്യമായ സംഗീത പഠനം നടക്കുന്നില്ല. പഠിക്കുവാന്‍ ഈ മേഖലയിലുള്ളവര്‍ പലപ്പോഴും തയ്യാറാകുന്നില്ല. ബിജിബാല്‍ പറഞ്ഞു.

Content Highlights: mbifl2018 mathrubhumi International Festival Of Letters Devadas