മലയാളിക്ക് ഉപേക്ഷിക്കാനാവാത്ത ശീലങ്ങളിലൊന്നാണ് സ്വര്‍ണാഭരണങ്ങളോടുള്ള ഭ്രമം. ചരിത്രം ഈ സ്വര്‍ണാഭരണഭ്രമത്തെ അടയാളപ്പെടുത്തുന്നതെങ്ങനെയാണ്? സ്വര്‍ണത്തിന് നിലവിലെ സാമ്പത്തിക സാമൂഹ്യ വ്യവസ്ഥിതികളില്‍ സ്വര്‍ണത്തിന്റെ സ്ഥാനം എവിടെയാണ്? സ്വര്‍ണത്തോടുള്ള സമൂഹത്തിന്റെ മനോഭാവം സ്തീരവിരുദ്ധമാകുന്നതെങ്ങനെയാണ്? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുത്തരം തേടുകയായിരുന്നു സ്വര്‍ണം,സൗന്ദര്യം, സമൂഹം മലയാളിയുടെ സാമൂഹിക സങ്കല്‍പങ്ങളെ നിര്‍ണയിക്കുന്ന മഞ്ഞലോഹത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ അക്ഷരോത്സവത്തില്‍ നടന്ന ചര്‍ച്ച.

ഡോ.എ.കെ.ജയശ്രീ, ജി.ഉഷാകുമാരി, എം.പി.സുരേന്ദ്രന്‍ എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്.

സ്വര്‍ണാഭരണ ഭ്രമത്തിന്റെ സാമൂഹിക മാനങ്ങളെക്കുറിച്ചാണ് ഡോ.ജയശ്രീ സംസാരിച്ചത്. സ്വര്‍ണാഭരണങ്ങളണിയാത്ത പെണ്ണിനെ കുലസ്ത്രീയായി മാനിക്കാന്‍ കഴിയാത്ത സാമൂഹികാവസ്ഥ ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് ജയശ്രീ അഭിപ്രായപ്പെട്ടു. അണിയുന്ന സ്വര്‍ണത്തിന്റെ അളവനുസരിച്ച് പെണ്ണിന്റെ അന്തസ്സ് കണക്കാക്കുന്ന സമൂഹം കേരളത്തിലേത് മാത്രമാണെന്നും അവര്‍ പറഞ്ഞു. 1980കള്‍ മുതല്‍ സ്വര്‍ണാണഭരണ ബഹിഷ്‌കരണത്തെക്കുറിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയ സ്ത്രീസംഘടനകള്‍ നമുക്കുണ്ട്. എന്നിട്ടും സമൂഹ മനസ്ഥിതി മാറാന്‍ തുടങ്ങിയിട്ടില്ലെന്നും ജയശ്രീ പറഞ്ഞു.

സാമ്പത്തിക സുരക്ഷയ്ക്കുള്ള ഉപാധിയായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങിസൂക്ഷിക്കുന്നവരാണ് സ്ത്രീകളെന്ന് ജി.ഉശഷാകുമാരി പറഞ്ഞു. സ്ത്രീകള്‍ക്ക് സ്വര്‍ണാഭരണങ്ങളോട് ഭ്രമമാണെന്ന് വരുത്തിത്തീര്‍ത്തത് പുരുഷന്മാരാണ്. പലപ്പോഴും വിവാഹത്തോടെ കുടുംബജീവിതത്തിലേക്ക് ഒതുക്കപ്പെടുന്ന സ്ത്രീകള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയുന്ന ഒരേയൊരു കാര്യം സ്വര്‍ണം വാങ്ങുന്നതിനെക്കുറിച്ചാണ്. നിക്ഷേപസാധ്യത മുന്നില്‍ക്കണ്ട് പുരുഷന്മാര്‍ ഇതിനോട് എതിര്‍ക്കാറുമില്ല. സ്ത്രീയെക്കാളുപരി പുരുഷന്മാര്‍ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ചിരുന്ന കാലം കേരളത്തിലുണ്ടായിരുന്നു. വടക്കന്‍ പാട്ടുകളിലും ചന്തുമേനോന്റെ ഇന്ദുലേഖയിലുമൊക്കെ ഇതിനെ സാധൂകരിക്കുന്ന തെളിവുകളുണ്ട.് എന്നിട്ടും കാലക്രമേണ സ്ത്രീയെ സ്വര്‍ണക്കൊതിയുടെ പേരില്‍ കളിയാക്കുന്ന സമൂഹമായി നമ്മുടേത് മാറി. മിക്കപ്പോഴും പുരുഷന്റെ അനുമതി കൂടാതെ സ്ത്രീകള്‍ക്ക് ക്രയവിക്രയം നടത്താനോ പണമിടപാടുകള്‍ നടത്താനോ സഹായകമാവുന്ന ഒരേയൊരു വസ്തു സ്വര്‍ണമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

താലിയെ മഹത്വവല്‍ക്കരിച്ച് സ്വര്‍ണാഭരണവിപണിയെ വളര്‍ത്തുന്ന ഏര്‍പ്പാടാണ് വിവാഹമെന്നും ഉഷാകുമാരി അഭിപ്രായപ്പെട്ടു. സ്വര്‍ണാഭരണം അണിയാത്തവരെ ആദര്‍സവല്‍ക്കരിക്കുന്ന പതിവും ചിലപ്പോഴൊക്കെ കണ്ടുവരാറുണ്ട്. എന്നാല്‍, അത്തരം കാര്യങ്ങളെ ഒരുപരിധിയില്‍ കൂടുതല്‍ ആദര്‍ശവല്‍ക്കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് ഡോ.ജയശ്രീ അഭിപ്രായപ്പെട്ടു.

കേരളത്തിലെ സ്വര്‍ണവ്യവസായത്തിന്റെ കണക്കുകളെക്കുറിച്ചാണ് എം.പി.സുരേന്ദ്രന്‍ സംസാരിച്ചത്. സ്വര്‍ണത്തിന്റെ കാര്യത്തില്‍ ലോകവിപണിയുടെ 25 ശതമാനം കച്ചവടവും ഇന്ത്യയിലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാത്രം 3500ലധികം അംഗീകൃത സ്വര്‍ണാഭരണ ശാലകളുണ്ട്. ഏറ്റവും കൂടുതല്‍ ജ്വല്ലറികളുള്ള ജില്ല തൃശ്ശൂരാണ്, പഞ്ചായത്ത് കോഴിക്കോട്ടെ കൊടുവള്ളിയും. പുിരുഷകേന്ദ്രീകൃതമാണ് സ്വര്‍ണവിപണി. കേരളത്തില്‍ മൂന്നരലക്ഷത്തിലധികം സ്വര്‍ണാഭരണ നിര്‍മ്മാണ തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവരില്‍ 20 പേര്‍ മാത്രമാണ് സ്ത്രീകളെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: mbifl2018 mathrubhumi International Festival Of Letters Devadas