തെറിയെക്കുറിച്ച് ബാലഭവനില്‍ നടന്ന സംവാദം നിറഞ്ഞ സദസ്സ് കൊണ്ടും നവീന ചിന്താധാരകള്‍ കൊണ്ടും ശ്രദ്ധേയമായി. പ്രശസ്ത എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ മോഡറേറ്റര്‍ ആയ, സംവാദത്തില്‍ എഴുത്തുകാരായ വി.എം. ദേവദാസ്, ലാസര്‍ ഷൈന്‍, വിവാദമായ കോളേജ് മാഗസിന്‍ വിശ്വവിഖ്യാതമായ തെറിയുടെ എഡിറ്റോറിയല്‍ അംഗം ഋഷിദാസ്, ലിംഗവിവേചനത്തിനെതിരെ സംസാരിച്ചതിനും സമരം ചെയ്തതിനും കോളേജില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ദിനു എന്നിവര്‍ സംവദിച്ചു.

ഏത് വിഭാഗത്തില്‍ പെട്ടവരുടെയും ജാതി പറയുന്നതും പേരിനൊപ്പം ജാതി ചേര്‍ക്കുന്നതും വലിയ തെറിയാണെന്ന് കല്‍പ്പറ്റ നാരായണന്‍ ആമുഖമായി പറഞ്ഞു. വസ്ത്രം ധരിച്ചുതുടങ്ങിയതിന് ശേഷമാണ് തെറിയുണ്ടായത്. ഒ.വി. വിജയന്റെ ധര്‍മപുരാണം എന്ന നോവലിലെ തെറിയുടെ രാഷ്ട്രീയം പുതുകാലത്ത് കൂടുതല്‍ കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്ന് കല്‍പ്പറ്റ കൂട്ടിച്ചേര്‍ത്തു. ഒരു തുള്ളിവയലന്‍സാണ് തെറി. പരിരക്ഷയുള്ളവര്‍ അധികാരം ഉറപ്പിക്കാന്‍ തെറി ഉപയോഗിക്കുന്നു. പരിരക്ഷയില്ലാത്തവര്‍ നിരാശ മറികടക്കാന്‍ തെറി ഉപയോഗിക്കുന്നു. രണ്ടിലും സംഭവിക്കുന്നത് അപവിത്രീകരണമാണ്. വെറുപ്പിന്റെ മാനസികഭാഷയാണ് തെറി. ഏറ്റവും അടുപ്പമുള്ളവര്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ തെറി ഉപയോഗിക്കുന്നു. തെറിക്ക് അങ്ങനെ പല വിതാനങ്ങളുണ്ട്. 

തെറി വിളിക്കുന്നത് നിര്‍ത്തുന്നതിനൊപ്പം  മനോഭാവം കൂടി മാറേണ്ടതുണ്ടെന്ന് വി.എം. ദേവദാസ് അഭിപ്രായപ്പെട്ടു. തെറി മാത്രം, നിര്‍ത്തിയാല്‍ പോരാ മനസ്സും മാറേണ്ടതുണ്ട്. ഇടവേള എന്ന സിനിമയില്‍ വഴിയില്‍ കൂടി നടന്നുപോകുന്ന രണ്ട് പൂച്ചകള്‍ ചൂളം വിളിച്ചു എന്നെഴുതിയിട്ടുണ്ട്. പത്മരാജന്‍ വലിയ എഴുത്തുകാരനാണ്. പക്ഷേ, ഇടവേളയില്‍ ഉപയോഗിച്ചത് അധ:സ്ഥിതവിരുദ്ധമാണ്. പഴയകാലത്ത് താഴ്ന്ന ജാതിയില്‍ പെട്ടവരെ പൂച്ചകള്‍ എന്ന് അഭിസംബോധന ചെയ്തിട്ടുണ്ടെന്ന് എം.ആര്‍ രേണുകുമാര്‍ അയ്യങ്കാളിയെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ ആമുഖത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാലങ്ങള്‍ക്ക് ശേഷം അത് ചര്‍ച്ച ചെയ്യപ്പെടുകയാണ്. അപ്പോള്‍ മാറേണ്ടത് മനോഭാവമാണ്.  

 

തീര്‍ത്തും പുരുഷാധിപത്യപൂര്‍ണ്ണമായ പുതുകാലത്ത് ആണ്‍കുട്ടി എന്നത് ഒരു തെറിയായിട്ടാണ് തനിക്ക് തോന്നുന്നതെന്ന് ലാസര്‍ ഷൈന്‍ പറഞ്ഞു. നമ്മള്‍ പറയുന്ന തെറികള്‍ തെറികളല്ല, പുതിയ ജീവിതസാഹചര്യത്തില്‍ ലോകത്ത് നടക്കുന്ന സാംസ്‌കാരികവിരുദ്ധമായ കാര്യങ്ങളാണ് തെറികളായി മാറേണ്ടത്. കുമ്മനടി, കടക്ക് പുറത്ത് എന്നീ വാക്കുകള്‍ തെറിയാവുന്നത് അതുകൊണ്ടാണ്. ഒരു തെറി നമ്മള്‍ പറയുമ്പോള്‍ ഇത് തെറിയല്ലല്ലോ, അതിന് പിറകില്‍ ഉള്ള മനുഷ്യരുടെ ജീവിതവും അവസ്ഥയും തിരിച്ചറിയേണ്ടതുണ്ടെന്നും ലാസര്‍ പറഞ്ഞു.

മാഗസിനില്‍ ഉള്‍പ്പെടുത്തിയ ഒമ്പത് തെറികള്‍ മിക്കതും പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനതയെ അപമാനിക്കുന്നവയാണെന്ന് ഋഷിദാസ് അഭിപ്രായപ്പെട്ടു. ചെറ്റ എന്ന  വാക്ക് തെറിയല്ല, അധ:സ്ഥിതരായ ആളുകളുടെ വീടുകള്‍ക്ക് പറയുന്ന മറുപേരാണ്. പൊതുബോധത്തിന്റെ അബോധതലത്തില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടവന്റെ തൊഴിലും ജാതിയും ഇടവും പേരും തെറിയായി മാറുന്നു. കഴിഞ്ഞുപോയ കാലത്ത് കഷ്ടപ്പാടും അപമാനങ്ങളും അനുഭവിച്ച തലമുറയെ അപമാനിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകളാണ് തെറിയായി വന്നതെന്ന അവബോധം ജനങ്ങള്‍ക്കുണ്ടാവണം. 

അധ:സ്ഥിതരെ അപമാനിക്കാനാണ് മിക്ക തെറികളും രൂപപ്പെട്ടതെന്ന് ദിനു പറഞ്ഞു. ജാതിവാല് പേരിനൊപ്പം ചേര്‍ക്കുന്നതാണ് നടപ്പുകാലത്തെ ഏറ്റവും വലിയ തെറി. പണിക്കര്‍, നായര്‍, മേനോന്‍, നമ്പൂതിരിപ്പാട് എന്നൊക്കെ പേരിനൊപ്പം ചേര്‍ക്കുന്നതോളം വലിയ തെറിയില്ല. ജാതിരഹിതസമൂഹികപരിസരരൂപികരണത്തില്‍ ബ്രാഹ്മണ്‍ കറിപൗഡര്‍, ബ്രാഹ്മിണ്‍ അച്ചാര്‍പ്പൊടി എന്നിവയൊക്കെ വലിയ തെറിയാകുന്നു.