തിരുവനന്തപുരം: മഹാഭാരതം പോലെ ഇന്ത്യന്‍ സംസ്കൃതിയെ അടയാളപ്പെടുത്തുന്ന മറ്റൊരു കൃതിയില്ല. ജീവിതം അതിന്റെ സമസ്ത വൈചിത്ര്യത്തോടെയും വൈവിധ്യത്തോടെയും ആവഷക്രിക്കപ്പെടുന്ന ഇതിഹാസത്തില്‍ ഓരോ മനുഷ്യ ജീവിക്കും അവന്റെയും അവളുടെയും അസ്ഥിത്വത്തിന്റെ അവസ്ഥാന്തരങ്ങള്‍ കണ്ടെടുക്കാനാവും. ഒരേ പുഴയില്‍ ആരും രണ്ടു പ്രാവശ്യം ഇറങ്ങുന്നില്ല എന്ന ഹെരാക്ലിറ്റസിന്റെ വചനം ഇതു പോലെ നിറവേറപ്പെടുന്ന വേറെ ഗ്രന്ഥമില്ല. മാറുന്ന കാലം മഹാഭാരതം വീണ്ടെടുത്തുകൊണ്ടേയിരിക്കുന്നു. മഹാഭാരതത്തിന്റെ പുനരാഖ്യാനങ്ങള്‍ അവസാനിക്കുന്നില്ല. ഇന്ത്യന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ദൈനം ദിനമെന്നോണം മഹാഭാരതം വീണ്ടും വീണ്ടും വായിക്കപ്പെടുകയും എഴുതപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. മഹാഭാരതം മുന്നോട്ടുവെയ്ക്കുന്ന ഈ മാജിക്കല്‍ റിയലിസമാണ് ഞായറാഴ്ച മാതൃഭൂമി സാഹിത്യോത്സവത്തിന്റെ അന്തിമനാളില്‍ പാലസ് ഹാളിലെ വേദിയില്‍ എഴുത്തുകാരായ ജയമോഹനും ആനന്ദ് നീലകണ്ഠനും മീനാക്ഷി റെഡ്ഡി മാധവനും ചര്‍ച്ച ചെയ്തത്.
മഹാഭാരതം സ്ത്രീകളോട് ചെയ്യുന്നതിലേക്കാണ് മീനാക്ഷി വിരല്‍ ചൂണ്ടിയത്. പുരുഷമേധാവിത്വത്തിന്റെ ഒരു നിഴല്‍ മഹാഭാരതത്തിനു മേലുണ്ട്. ദ്രൗപതിയെയും ഗാന്ധാരിയെയും കുന്തിയെയും മാറ്റി നിര്‍ത്തിയാല്‍ മിഴിവാര്‍ന്ന സ്ത്രീകഥാപാത്രങ്ങള്‍ മഹാഭാരതത്തില്‍ കുറവാണ്. അംബാലികയും അംബികയും സത്യവതിയുമൊക്കെ പാര്‍ശ്വവത്കരിക്കപ്പെടുന്ന സ്ത്രീകളുടെ പ്രതിനിധികളാണ്. ദ്രൗപതിയും ഗാന്ധാരിയും കുന്തിയും തന്നെ വിമോചിക്കപ്പെടുന്ന സ്ത്രീകളാണെന്നു പറയാനാവില്ല. മഹാഭാരതം പുരുഷനാല്‍ എഴുതപ്പെട്ട കൃതിയാണെന്നതാവാം ഇതിനുള്ള ഒരു കാരണമെന്ന് മീനാക്ഷി പറഞ്ഞു. മീനാക്ഷിയുടെ അഭിപ്രായത്തോട് ജയമോഹനും ആനന്ദ് നിലകണ്ഠനും വിയോജിച്ചു. ഗാന്ധാരിയും ദ്രൗപതിയും കുന്തിയും ശക്തരായ സ്ത്രീ കഥാപാത്രങ്ങളാണെന്നും കുരുക്ഷേത്ര യുദ്ധത്തിനുശേഷം ഗാന്ധാരിയുടെയും ദ്രൗപതിയുടെയും മൂര്‍ച്ചയേറിയ വാദമുഖങ്ങള്‍ക്കു മുന്നില്‍ കൃഷ്ണന് ഉത്തരങ്ങളില്ലാതെ പോവുന്നുണ്ടെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
മഹാഭാരതം എല്ലാവര്ക്കും അവകാശപ്പെട്ടതാണെന്നും വിശ്വാസമല്ല പുനഃപരിശോധനയും വിമര്‍ശവുമാണ് മഹാഭാരതം ആവശ്യപ്പെടുന്നതെന്നും ജയമോഹന് പറഞ്ഞു. ഒരു മാരകവിപത്തിനുശേഷം അവശേഷിക്കുന്ന ഏകകൃതി മഹാഭാരതമാണെങ്കില് ആ കൃതിയിലൂടെ ഇന്ത്യന്‍ സംസ്കൃതി വീണ്ടെടുക്കാനാവും. ക്ഷേത്രങ്ങള്‍ക്കുള്ളില്‍ എല്ലാ ഉത്തരവും എത്തിച്ചേരുന്ന ഇടമുണ്ട്. ഇതിന്റെ കണക്കറിയാവുന്നവനാണ് പെരുന്തച്ചന്. ഇന്ത്യന്‍ സമൂഹത്തില്‍ മഹാഭാരതത്തിന് സമാന സ്ഥാനമാണുള്ളത്. പുതിയ ചിന്താപദ്ധതികളുടെ വെളിച്ചത്തില്‍ പുതുതലമുറകള്‍ മഹാഭാരതത്തെ പുതുക്കുന്നുണ്ട്. മാര്‍ക്സിസത്തിന്റെയും ഗാന്ധിസത്തിന്റെയുമൊക്കെ വെളിച്ചത്തില്‍ ഈ വായനകളും എഴുത്തും തുടരുകയാണ്. 25 കൊല്ലത്തെ ഗവേഷണത്തിനു ശേഷമാണ് മഹാഭാരതം പുനരാഖ്യാനം ചെയ്യാന്‍ തുടങ്ങിയതെന്ന് ജയമോഹന് പറഞ്ഞു. കഴിഞ്ഞ നാലു കൊല്ലമായി ഒരു ദിവസം ഒരദ്ധ്യായമെന്ന രീതിയില്‍ മഹാഭാരതം പുനര്‍നിര്‍മിക്കുകയാണ്. 18,000 പേജുകള്‍ ഇതുവരെ എഴുതിക്കഴിഞ്ഞു.
മഹാഭാരതം ഒരു ടെക്സ്റ്റല്ലെന്നും നിരവധി കൃതികളുടെ ഉള്‍ച്ചേരലുകള്‍ മഹാഭാരതത്തിലുണ്ടെന്നും ആനന്ദ് നീലകണ്ഠന് പറഞ്ഞു. ആയിരത്തിലേറെ വ്യത്യസ്തമായ പതിപ്പുകള്‍ ഇതിഹാസത്തിനുണ്ട്. വ്യാസന് ഒരാളല്ലെന്നും പലരാണെന്നുമുള്ള നിരീകഷണം തള്ളിക്കളയാനാവില്ല. ദക്ഷിണേന്ത്യന്‍ മഹാഭാരതത്തില്‍ വടക്കേ ഇന്ത്യന്‍ പതിപ്പിലേക്കാള്‍ 16,000 ശ്ലോകങ്ങള്‍ കൂടുതലുണ്ട്. പാഞ്ചാലി വസ്ത്രാക്ഷേപവും ദുര്യോധനന്റെ സ്ഥലകാലജലവിഭ്രാന്തിയും ദക്ഷിണേന്ത്യന്‍ പതിപ്പിലാണുള്ളത്. ഭഗവദ്ഗീത പിന്നിടെപ്പെഴോ മഹാഭാരതത്തോട് കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു. ഗീതയുടെ ഭാഷ പരിശോധിച്ചിട്ടുള്ള പണ്ഡിതന്മാര് വ്യക്തമാക്കിയിട്ടുള്ളത് അഞ്ചാം നൂറ്റാണ്ടിലോ ഏഴാം നൂറ്റാണ്ടിലോ ഗുപ്ത ഭരണകാലത്ത് എഴുതപ്പെട്ട കൃതിയാണ് ഗീതയെന്നാണ്. സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ചാണ് ഗീത രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്. ഏറ്റവും വലിയ സാഹിത്യചോരണമെന്നാണ് ഗീതയെക്കുറിച്ച് കൊസാംബി പറഞ്ഞത്. പല ദര്‍ശനങ്ങളുടെയും സമ്മേളനം ഗീതയിലുണ്ടെന്നാണ് കൊസാംബി വിവക്ഷിച്ചത്.
മഹാഭാരതം ജാതീയത ഉദ്ഘോഷിക്കുന്നുണ്ടെന്ന് പറയാനാവില്ലെന്ന് ജയമോഹന് പറഞ്ഞു. കൃഷ്ണനും മക്കളുമൊക്കെ വിവിധ ജാതികളില്‍ നിന്ന് കല്ല്യാണം കഴിക്കുന്നുണ്ട്. ഒരു ജാതിയുടെയും ആഘോഷം മഹാഭാരതത്തിലില്ല. കര്‍മ്മങ്ങളുടെ നൈരന്തര്യമാണ് ഇതിഹാസം ദര്ശനവത്കരിക്കുന്നത്. പി കെ ബാലകൃഷ്ണന് കര്‍ണ്ണനെ നായകനാക്കി ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവല്‍ എഴുതിയപ്പോള്‍ അര്‍ജുനനെ ഇകഴ്ത്തേണ്ടതുണ്ടോയെന്ന് ബാലകൃഷ്ണനോട് ചോദിച്ചത് ജയമോഹന് അനുസ്മരിച്ചു. നോവല്‍ ഇതിഹാസമല്ലെന്നും കഥാപാത്ര കേന്ദ്രീകൃതമാണെന്നും എല്ലാ കഥാപാത്രങ്ങളോടും നീതിപുലര്‍ത്തണമെങ്കില്‍ ഇതിഹാസം വീണ്ടും രചിക്കേണ്ടി വരുമെന്നുമാണ് ബാലകൃഷ്ണന് പറഞ്ഞത്. ഈ മറുപടിയില്‍ നിന്നുള്ള ഊര്‍ജമുള്‍ക്കൊണ്ടുകൊണ്ടാണ് താന്‍ മഹാഭാരതം അടിസ്ഥാനമാക്കി നോവലുകള്‍ എഴുതുന്നതെന്നും ജയമോഹന് പറഞ്ഞു.
അവസാന വാക്കെന്നൊന്നില്ല. വാക്കുകള്‍ പുതുക്കപ്പെടുകയും പുനര്നിര്മ്മിക്കപ്പെടുകയുമാണ് ചെയ്യുന്നത്. മഹാഭാരതം ഒരു പ്രവാഹമാണ്. ആയിരം വര്‍ഷങ്ങള്‍ക്കു ശേഷവും ഇതിഹാസം ഇവിടെയുണ്ടാവും. പുതിയ വിജ്ഞാനീയത്തിന്റെ വെളിച്ചത്തില്‍ വരും തലമുറകള്‍ തങ്ങളുടെ അസ്ഥിത്വദുഃഖങ്ങള്ക്ക് പരിഹാരം തേടി ഇതിഹാസത്തിലേക്ക് വന്നുകൊണ്ടേയിരിക്കും.
Content Highlights: mbifl2018 mathrubhumi International Festival Of Letters