തിരുവനന്തപുരം: വായന വിലയിരുത്തപ്പെടുന്നതല്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണുള്ളതെന്ന് എഴുത്തുകാരി സാറ ജോസഫ് പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തോടനുബന്ധിച്ച്  വായനയാല്‍ തിരുത്തപ്പെടുന്ന എഴുത്ത്. സമകാലിക മലയാള സാഹിത്യത്തെ സാധുവും അസാധുവുമാക്കുന്ന വായനക്കാരുടെ ഇടപെടലുകള്‍ എന്ന എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

ചര്‍ച്ചയില്‍ ലാസര്‍ ഷൈന്‍, സാറാ ജോസഫ്, സന്തോഷ് ഏച്ചിക്കാനം, എന്‍ഇ സുധീര്‍ എന്നിവരും പങ്കെടുത്തു. 

എഴുത്ത്, വായന, എഴുത്ത്, വായന പിന്നെയും എഴുത്ത് വായന.. അങ്ങനെ ഒരു നൈരന്തര്യം സൃഷ്ടിക്കലാണ് എഴുത്തും വായനയും തമ്മില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് അന്യോന്യം രൂപപ്പെടുത്തുന്ന ഇവയെ സാറാ ജോസഫ് ജനാധിപത്യം എന്ന് പറഞ്ഞത്.

വായനക്കാരുടെ ഇടപെടല്‍ സാഹിത്യത്തിന്റെ അല്ലെങ്കില്‍ എഴുത്തിന്റെ വളര്‍ച്ചയ്ക്ക് എന്നും പ്രധാനപ്പെട്ടതാണ്. അതിനാല്‍ ഗുണകരമായി എഴുത്ത് അതിലൂടെ ഉണ്ടാകണം എന്നതാണ് സാറാ ജോസഫ് പറയുന്നത്. വായന വിലയിരുത്തപ്പെടുന്നതില്‍ ഇന്ന് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണ് ഉള്ളത്. ഒരാള്‍ക്ക് തന്നെ തന്നെ നിര്‍മ്മിക്കന്‍ കഴിയുന്ന ഇടം നല്‍കാന്‍ അതിനാകുന്നു. പുസ്തകങ്ങള്‍ ചരക്കുകളാകുന്ന കാലമാണെന്നും സാറ ജോസഫ് പറഞ്ഞു. ചരക്ക് വിറ്റഴിക്കപ്പെടാന്‍ തന്ത്രങ്ങള്‍ അനിവാര്യമായി വരികയും ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ മാര്‍ക്കറ്റിന് അനുസൃതമായി എഴുതേണ്ടി വരുന്നു അല്ലെങ്കില്‍ തന്റെ പുസ്തകം വിറ്റുപോകാന്‍ ആവശ്യത്തിനനുസൃതമായി ചേരുവകള്‍ ചേര്‍ക്കുന്നു. അത് ഗുണകരമായി എഴുത്തില്‍ നിന്നുമുള്ള മാറ്റമാണ്. സാറാ ജോസഫ് പറഞ്ഞു.

എഴുത്ത് പൂര്‍ത്തിയാകുന്നതോടെ എഴുത്തുകാരന്‍ മരിക്കുന്നു എന്ന സങ്കല്‍പ്പത്തിന് മാറ്റം വന്നതായി  സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. എഴുത്തുകാരന് മരിക്കാന്‍ വിടുന്നില്ല. പകരം ജീവനോടെ തന്നെ അവരെ പോസ്റ്റുമോര്‍ട്ടം നടത്തുകയാണ്. എന്‍ പ്രഭാകരന്റെയും പെരുമാള്‍ മുരുകന്റെയും എഴുത്തുകള്‍ക്ക് നേരെയുണ്ടായ സംഭവങ്ങളെ അദ്ദേഹം ഓര്‍മിപ്പിച്ചു. വായനക്കാരനെ എഴുത്തുകാരന്‍ അറിഞ്ഞിരിക്കാം എന്നാല്‍ വായനക്കാരന്‍ പറയും പോലെയല്ല എഴുത്തുകാരന്‍ എഴുതേണ്ടത്. 

അശാന്തനു മൃതദേഹത്തിനോട് നേരെയുണ്ടായ അനാദരവും അതിനെതിരെ ഉണ്ടായ പ്രതിഷേധവും വടയമ്പാടി സംഭവമുമൊക്കെ വിഭിന്നമായ വായനകള്‍ കൂടിയാണെന്നും ലാസര്‍ ഷൈന്‍ അഭപ്രായപ്പെട്ടു. ഭയമില്ലാത്ത വായന സാധ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വായന സാഹിത്യത്തില്‍ ഒതുങ്ങുന്നതല്ല. അതിന് പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും സാന്നിധ്യമുണ്ട്. അവ കൂടാതെ എഴുത്തും പൂര്‍ത്തിയാകുന്നലില്ല. ചേതന്‍ ഭഗത്തും ദീപയും രവീന്ദര്‍ സിങ്ങും അടങ്ങുന്ന എഴുത്തിന്റെ കാലവും ഇവിടെയുണ്ടെന്നും അത് സാഹിത്യത്തില്‍ നിന്നും തമസ്‌കരിക്കേണ്ടതല്ലെന്നും ലാസര്‍ ഷൈന്‍ പറഞ്ഞു.

Content Highlights: mbifl2018 laser shine cpm rss mathrubhumi international festival of letters political violence