തിരുവനന്തപുരം: അന്വേഷണാത്മക പത്രപ്രവര്‍ത്തനം ദുര്‍ബലമാകുന്നത് വെള്ളരിക്കാപട്ടണങ്ങള്‍ക്ക് (ബനാന റിപ്പബഌക്) വഴിയൊരുക്കുമെന്ന് ഹിന്ദു നാഷനല്‍ സെക്യൂരിറ്റി എഡിറ്റര്‍ ജോസി ജോസഫ് അഭിപ്രായപ്പെട്ടു.'' സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യവും പത്രപ്രവര്‍ത്തനവും സംരക്ഷിക്കപ്പെടുന്ന അന്തരീക്ഷമില്ല. അമേരിക്കയില്‍ ഭരണഘടന പത്രപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പാക്കുമ്പോള്‍ ഇന്ത്യയില്‍ ആദ്യ ഭരണഘടനാ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായിരുന്നു. സത്യം പുറത്തുകൊണ്ടുവരുന്നവര്‍ വേട്ടയാടപ്പെടുപ്പെടുമ്പോള്‍ ജനാധിപത്യം തന്നെയാണ് ആത്യന്തികമായി അപകടത്തിലാവുന്നത്.'' വെള്ളിയാഴ്ച തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍ മാതൃഭൂമി സാഹിത്യോത്സവത്തിന്റെ ഭാഗമായി ''അന്വേഷണാത്മക പത്രപ്രവര്‍ത്തനം നേരിടുന്ന അപകടങ്ങള്‍'' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ജോസിജോസഫ്.

നിയമവാഴ്ച ഇപ്പോഴും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഭരണകൂടം മാഫിയയായി മാറിക്കൊണ്ടിരിക്കുന്ന ഈ നാളുകള്‍ ഇന്ത്യയുടെ ഭാവി ആശങ്കാജനകമാണെന്ന് തന്നെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് ജോസി ജോസഫ് പറഞ്ഞു. '' കോര്‍പറേറ്റുകള്‍ നിയമപരമായി വേട്ടയാടുമ്പോള്‍ അതിനെ ചെറുക്കാനാവും. എന്നാല്‍ പത്രപ്രവര്‍ത്തകരേയും വിസില്‍ബോവേഴ്‌സിനെയും ശാരീരികമായി ഉന്മൂലനം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ പരിണമിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി ശുഭകരമല്ലെന്നാണ് സൂചിപ്പിക്കുന്നത്.'' പല അന്വേഷണാത്മക റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിക്കപ്പെടുന്നില്ല. അദാനിമാരെക്കുറിച്ചും അംബാനിയുടെ ജിയോ സംരംഭത്തെക്കുറിച്ചും തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് ജോസി ജോസഫ് വെളിപ്പെടുത്തി.

മാനനഷ്ടക്കേസുകളിലൂടെ പത്രപ്രവര്‍ത്തകരെ വരുതിയില്‍ നിര്‍ത്താമെന്നാണ് കോര്‍പറേറ്റുകളും ഭരണകൂടവും കരുതുന്നതെന്ന് കാരവന്‍ മാസികയുടെ എഡിറ്റര്‍ വിനോദ് കെ ജോസ് പറഞ്ഞു. പല സംസ്ഥാനങ്ങളില്‍ മാനനഷ്ടക്കേസുകള്‍ കൊടുത്തുകൊണ്ട് പത്രപ്രവര്‍ത്തകരേയും മാധ്യമ സ്ഥാപനങ്ങളേയും പീഡിപ്പിക്കാനാണ് ശ്രമം. കേസ് ജയിക്കാനാവില്ലെന്നറിയാമെങ്കിലും അതിന്റെ പ്രക്രിയയിലൂടെ മാധ്യമ പ്രവര്‍ത്തകരെ ക്ഷീണിപ്പിക്കാനാവുമെന്നാണ് ഇവര്‍ കരുതുന്നത്. ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ പ്രതിയായ കേസില്‍ ജഡ്ജിയായിരുന്ന ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം ആഴത്തില്‍ പരിശോധിച്ച കാരവന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ നിശ്ശബ്ദത പാലിച്ചത് ഞെട്ടിപ്പിക്കുന്ന അനുഭവമായിരുന്നെന്ന് വിനോദ് പറഞ്ഞു. ഒരു പ്രമുഖ പത്രം ഈ റിപ്പോര്‍ട്ടിനെ തകര്‍ക്കാനാണ് ഒന്നാം പേജില്‍ ഏറെ സ്ഥലം ചെലവഴിച്ചതെന്നതും കാര്യങ്ങള്‍ എങ്ങോട്ടാണ് പോവുന്നതെന്നതിന്റെ സൂചനയാണ്. 

ഇന്ത്യയില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള ഇടം ചുരുങ്ങുകയാണെന്നത് ഒട്ടും ശുഭകരമല്ലെന്ന് സംവാദത്തില്‍ ഇടപെട്ടു സംസാരിച്ച പ്രമുഖ ഡോക്യുമെന്ററി ഫിലിം മെയ്ക്കര്‍ കെ പി ശശി അഭിപ്രായപ്പെട്ടു. സത്യം പുറത്തുകൊണ്ടുവരുന്നതിനല്ല നൂണകള്‍ ആവര്‍ത്തിച്ചുകൊണ്ട് സത്യം ഇല്ലായ്മ ചെയ്യുന്നതിനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ചോദിക്കേണ്ട ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ ചോദിക്കുന്നില്ല. മുട്ടു കുത്താന്‍ പറഞ്ഞപ്പോള്‍ ഇഴഞ്ഞ അടിയന്തരാവസ്ഥക്കാലത്തെ പത്രപ്രവര്‍ത്തനം ആവര്‍ത്തിക്കപ്പെടുന്നത് ഭീതിജനകമായ കാഴ്ചയാണ്. ശൈത്യം എത്തിക്കഴിഞ്ഞു. എന്നാല്‍ വസന്തം ഇപ്പോഴും അതിവിദൂരതയിലാണ്.''

ഇന്ത്യയിലെ കോര്‍പറേറ്റുകളുടെ അധോലോക ബന്ധങ്ങള്‍ അനാവരണം ചെയ്യുന്ന അന്വേഷണാത്മക ഗ്രന്ഥമായ കഴുകന്മാരുടെ വിരുന്നിന് ജോസി ജോസഫ് രണ്ടായിരം കോടി രൂപയുടെ അപകീര്‍ത്തി കേസുകളാണ് നേരിടുന്നതെന്ന് മാതൃഭൂമി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി.ഐ രാജീവ് ചൂണ്ടിക്കാട്ടി. അന്വേഷണാത്മക പത്രപ്രവര്‍ത്തനം  ധാരാളം സമയവും പണവും ഊര്‍ജവും  ആവശ്യപ്പെടുന്നുണ്ട്. മാധ്യമ സ്ഥാപനങ്ങള്‍ ഈ ഭാരിച്ച ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്നും അമേരിക്കന്‍ ചിന്തകനായ നോം ചോംസ്‌കി വ്യക്തമാക്കിയതുപോലെ സമ്മതികള്‍ നിര്‍മ്മിക്കുന്ന പ്രക്രിയയിലാണ് മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ഇന്നിപ്പോള്‍ കൂടുതലായി വ്യാപരിക്കുന്നതെന്നും രാജീവ് പറഞ്ഞു.'' അന്വേഷണാത്മക പത്രപ്രവര്‍ത്തനം ശൂന്യതയില്‍ നിന്നല്ല ഉടലെടുക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നഗര കേന്ദ്രീകൃതമാണെന്ന പ്രശ്‌നവും സമൂഹം നേരിടുന്നുണ്ട്.''

സംവാദത്തെ തുടര്‍ന്ന് സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് ജോസി ജോസഫും കെ.പി ശശിയും വിനോദ് കെ ജോസും മറുപടി പറഞ്ഞു.