തിരുവനന്തപുരം: ഈ നോവലില്‍ പറഞ്ഞിരിക്കുന്നതെല്ലാം അപ്പാടെ യാഥാര്‍ഥ്യമാണോ അതോ യാഥാര്‍ഥ്യം തന്നെയെന്ന് വായനക്കാരനെ വിശ്വസിപ്പിക്കുന്ന അയാഥാര്‍ഥ്യങ്ങളോ?ചില നോവലുകള്‍ വായിച്ച് പുസ്തകം അടയ്ക്കുമ്പോള്‍ വായനക്കാരന്റെ മനസ്സില്‍ രൂപം കൊള്ളുന്ന ചോദ്യമാണിത്. ഇതിനുള്ള ഉത്തരമാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ദ ഇന്‍ ബിറ്റ്‌വീന്‍ നോവല്‍' സെഷനിലെ സംവാദം നല്‍കിയത്.

jaishree mishra
ദ ഇന്‍ ബിറ്റ്‌വീന്‍ നോവല്‍ സംവാദവേദിയില്‍
ജയശ്രീ മിശ്രയും സുനീത ബാലകൃഷ്ണനും

ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി ജയശ്രീ മിശ്രയും എഴുത്തുകാരിയും വിവര്‍ത്തകയുമായ സുനീത ബാലകൃഷ്ണനുമാണ് സംവാദത്തില്‍ പങ്കെടുത്തത്. അര്‍ധസത്യവും അര്‍ധ സങ്കല്‍പവും കലര്‍ന്നതാണ് ഇന്‍ ബിറ്റ്‌വീന്‍ നോവലെന്ന് സുനീത ബാലകൃഷ്ണന്‍ പറഞ്ഞു.

തന്റെ നോവലുകളുടെ സൃഷ്ടിപരിസരത്തെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ടാണ് ഇന്‍ ബിറ്റ്‌വീന്‍ നോവലിനെ കുറിച്ച് ജയശ്രീ മിശ്ര വിശദീകരിച്ചത്. സത്യത്തെ ആശ്രയിക്കാതെ രചനകള്‍ സാധ്യമാകില്ലെന്ന് ജയശ്രീ പറഞ്ഞു. എഴുത്തുകാരന്‍ തന്റെ ആശയത്തെ ഭാവനയും ചേര്‍ത്ത് അവതരിപ്പിക്കുകയാണ് ഇത്തരം നോവലുകളിലൂടെ ചെയ്യുന്നത്. 

ജന്മാന്തര വാഗ്ദാനങ്ങളിലും (ഏന്‍ഷ്യന്റ് പ്രോമിസസ്), ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച ഝാന്‍സിയിലെ റാണി മണികര്‍ണികയെ കുറിച്ചുള്ള 'റാണി' എന്ന പുസ്തകത്തെ കുറിച്ചും ജയശ്രീ സംസാരിച്ചു. വിവാദങ്ങളെ തുടര്‍ന്ന് റാണിക്ക് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിരുന്നു. വളരെ പരിമിതമായ പ്രാഥമിക വിവരങ്ങളാണ് റാണിയെക്കുറിച്ച്‌ ലഭ്യമായിരുന്നുള്ളു. റാണി എഴുതിയിരുന്ന കത്തുകളില്‍ പലതും നശിപ്പിക്കപ്പെട്ടിരുന്നു. ആ സാഹചര്യത്തിലാണ് ഭാവനയുടെ അംശങ്ങള്‍ കൂടി നോവലില്‍ ചേര്‍ത്തതെന്നും അവര്‍ പറഞ്ഞു.

Content Highlights: mbifl2018 jayashree mishra at mathrubhumi international festival of letters