ക് ദേ ഇന്ത്യ എന്ന സിനിമയിലാണ് ആ രംഗമുള്ളത്. ഇന്ത്യന്‍ ഹോക്കി ടീമിലേക്ക് സെലക്ഷന്‍ കിട്ടി വന്ന പെണ്‍കുട്ടികളോട് എവിടെ നിന്നാണ് വരുന്നത് എന്ന് കോച്ച് ചോദിക്കുന്ന രംഗം. പഞ്ചാബ്, തമിഴ്‌നാട്, ഗോവ എന്നൊക്കെ കേട്ട് നെറ്റിചുളിക്കുന്ന കോച്ചിന്റെ മുഖം തെളിയുന്നത് വരുന്നത് ഇന്ത്യയില്‍ നിന്നാണെന്ന കൂട്ടത്തിലൊരുവളുടെ മറുപടി കേട്ടാണ്. ഇന്ത്യ എന്ന ഒരൊറ്റ വികാരത്തിനുള്ളിലും ഉപദേശീയതകളുടെ വൈവിധ്യം സൃഷ്ടിക്കപ്പെടുന്നതിന്റെ ആശങ്കയ്ക്ക് ഉദാഹരണമാണ് ആ രംഗം.

മതേതര രാഷ്ട്രമെന്ന് അഭിമാനിക്കുമ്പോഴും മതപരവും സാംസ്‌കാരികപരവുമായ നാനാത്വങ്ങള്‍ ശക്തിപ്രാപിക്കുന്നതിനാണ് വര്‍ത്തമാനകാല ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ഇത്തരത്തില്‍ ഉയര്‍ന്നുവരുന്ന ഉപദേശീയ ബോധങ്ങള്‍ ഇന്ത്യയെ എങ്ങനെയൊക്കെ ബാധിക്കും. അതിന്റെ പ്രതിഫലനങ്ങള്‍ രാഷ്ട്രത്തിന് അനുകൂലമാകുമോ പ്രതികൂലമാകുമോ. ഈ വിഷയത്തെക്കുറിച്ച് അക്ഷരോത്സവനഗരിയില്‍ നടന്ന ചര്‍ച്ചയില്‍ മുഖാമുഖം വന്നത് എന്‍.പി. ഉല്ലേഖ്, വിനോദ് കെ ജോസ് എന്നിവരായിരുന്നു. പ്രദീപ് പഞ്ചൗബം ചര്‍ച്ചയില്‍ മോഡറേറ്ററായി.

ഉപദേശീയതാബോധം ശക്തിപ്രാപിക്കുന്നത് വെല്ലുവിളിയാണെന്നായിരുന്നു ഉല്ലേഖിന്റെ  അഭിപ്രായം. അതിലൂടെ ദേശീയതയുടെ സ്വത്വം നഷ്ടപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, ഉപദേശീയത വളരുന്നത് ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുമെന്നായിരുന്നു വിനോദ് കെ ജോസ് അഭിപ്രായപ്പെട്ടത്. 

കര്‍ണാടകയുടെ  പതാക വിവാദവും തെലങ്കാന രൂപീകരണവും സ്വതന്ത്രപ്രവിശ്യകള്‍ ആവശ്യപ്പെട്ട വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളും  എല്ലാം ചര്‍ച്ചയില്‍ വിഷയങ്ങളായി. കശ്മീര്‍ ഉപദേശീയത രാജ്യത്തിന് എത്രത്തോളം അപകടകരമാകുമെന്നത് നിര്‍വചിക്കാനാവാത്ത വസ്തുതയാണെന്ന്  ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. 

കശ്മീര്‍ വിഷയത്തില്‍ വിരുദ്ധനിലപാടുകള്‍ സ്വീകരിച്ച ഗാന്ധിജിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും കാഴ്ച്ചപ്പാടുകള്‍ വിചിന്തനം ചെയ്യപ്പെടുന്ന കാലമാണിതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

Content Highlights: mbifl2018 is subnationalism dangerous to a secular country