പുതിയ കാലത്തെ പലതും തനിക്ക് മനസിലാകാറില്ലെന്ന് എഴുത്തുകാരന്‍ ടി. പത്മനാഭന്‍. പറയുന്നതും എഴുതുന്നതും എഴുത്തുകാര്‍ക്ക് തന്നെ മനസിലാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളത്തിലെ എന്നല്ല ലോക സാഹിത്യത്തിലെ എല്ലാ വലിയ എഴുത്തുകാരും ഒട്ടേറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ഉയര്‍ന്നു വന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് എഴുത്തുകാര്‍ക്ക് ഉയര്‍ന്നുവരാന്‍ അവസരങ്ങളുണ്ടെന്നും അതിന്റെ വലിയ ഉദാഹരണമാണ് രണ്ട് ലക്ഷം രൂപയുടെ സാഹിത്യ പുരസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. 

എഴുപത് വര്‍ഷമായി താന്‍ എഴുതിത്തുടങ്ങിയിട്ട്. ഇതിനിടയില്‍ 190ന് അടുത്ത് കഥകള്‍ മാത്രമാണ് എഴുതിയത്‌. എഴുതിയെ കഴിയു എന്ന് കരുതി ഒന്നും എഴുതിയിട്ടില്ല. പണത്തിന് വേണ്ടിയും ഒന്നും എഴുതിയിട്ടില്ല. എഴുതാതെ നിവൃത്തിയില്ല എന്ന അവസ്ഥയില്‍ മാത്രമാണ് എഴുതുന്നതെന്നും ടി. പത്മനാഭന്‍ പറഞ്ഞു. 

എന്തുകൊണ്ട് നോവല്‍ എഴുതുന്നില്ല എന്ന സ്ഥിരം ചോദ്യത്തോടും സരസമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തനിക്ക് നോവല്‍ എഴുതാനുള്ള ക്ഷമയില്ലെന്നും ചെറുകഥകള്‍ തന്നെ വളരെ ബുദ്ധിമുട്ടിയാണ് പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കുമാരനാശാന് മഹാകാവ്യം എഴുതാന്‍ സാധിക്കാഞ്ഞിട്ടല്ല. മഹാകാവ്യം എഴുതാതെ തന്നെ സാഹിത്യലോകം എന്നെ മഹാകവിയായി അംഗീകരിക്കും എന്ന് ആശാന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് പറയാറുണ്ടായിരുന്നു. ഞാന്‍ ഏറ്റുമധികം ഇഷ്ട്‌പെടുന്നതും ആശാന്റെ കവിതകളാണ്. ഇക്കാര്യത്തിലും ഞാന്‍ ആശാന്റെ പിന്മുറക്കാരനാണ് - അദ്ദേഹം പറഞ്ഞു. 

വള്ളത്തോള്‍ മികച്ച കവിയാണ്. എന്നാല്‍ മഹാകവിയാകാനുള്ള മോഹത്തിന്റെ പുറത്താണ് വള്ളത്തോള്‍ 'മോശം' മഹാകാവ്യം എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലത്തിന്റെ മഹാകാവ്യം നോവലാണ്. ഇടക്കാലത്ത് സിനിമയിലേയ്ക്കുള്ള വഴിയായിരുന്നു നോവലെഴുത്ത്. ഇപ്പോള്‍ ദീര്‍ഘമായ നോവലുകളാണ് പലരും എഴുതുന്നത്. അത് എത്ര പേര്‍ വായിക്കുമെന്നും അദ്ദേഹം ചോദിച്ചു. 

ജീവിതത്തിലിന്നോളം എഴുതിയ കഥ രണ്ടാമത് വായിച്ചു നോക്കിയിട്ടില്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എന്റെ കഥകള്‍ ചെറുതാണ്. വളരെ കുറച്ചേയുള്ളു. അതിന്റെ ആദ്യ വാക്കുമുതല്‍ അവസാന വാക്കുവരെ ചിഹ്നങ്ങള്‍ സഹിതം ഞാന്‍ മനസില്‍ കുറിച്ച ശേഷമാണ് കടലാസിലേക്ക് പകര്‍ത്തുന്നത്. ഒരു ദിവസം ഒരു ഖണ്ഡിക എഴുതിയാല്‍ പിന്നീടൊരു ദിവസമായിരിക്കും ബാക്കി എഴുതുക. അതാണെന്റെ ശീലം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.