തിരുവനന്തപുരം : ഇന്ത്യയ്ക്ക് ബ്രിട്ടന്‍ നല്‍കിയ സംഭാവനകളെക്കുറിച്ച് പറയുമ്പോള്‍ ചരിത്രരചയിതാക്കള്‍ ജനാധിപത്യത്തെക്കുറിച്ചും റെയില്‍വെയെക്കുറിച്ചും നിയമവാഴ്ചയെക്കുറിച്ചും വാചാലരാവാറുണ്ട്. എന്നാല്‍ ബ്രിട്ടീഷ് ചരിത്രകാരന്‍ വില്യം ഡാല്‍റിമ്പിള്‍ ചൂണ്ടിക്കാട്ടിയത് ഈസ്റ്റ് ഇന്ത്യ കമ്പനിയെന്ന ആദ്യത്തെ ബഹുരാഷ്ട്ര കമ്പനിയാണ്. ഇന്ത്യയുടെ കോര്‍പറേറ്റ്‌വത്കരണത്തിന്റെ ചരിത്രം ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നാണ് തുടങ്ങുന്നത്. ശനിയാഴ്ച കനകക്കുന്ന് കൊട്ടാരത്തില്‍ മാതൃഭൂമി സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ തന്റെ പുതിയ പുസ്തകമായ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അടരുകള്‍ തുറന്ന് ഡാല്‍റിമ്പിള്‍ കോര്‍പറേറ്റ്‌വത്കരണത്തിന്റെ ഭൂത, വര്‍ത്തമാനങ്ങളിലൂടെ സഞ്ചരിച്ചു.

ഇന്ത്യയില്‍ നിന്നും ഈസ്റ്റ് ഇന്ത്യ കമ്പനി കൊള്ളയടിച്ച സമ്പത്താണ് ബ്രിട്ടനെ സമൃദ്ധിയിലേക്ക് നയിച്ചത്. ഓക്‌സഫോഡ് ഡിക്ഷനറിയില്‍ ആദ്യം കയറിപ്പറ്റിയ ഇന്ത്യന്‍ വാക്കുകളിലൊന്ന് കൊള്ളയടിക്കുക എന്നതിന് സമാനമായ ''ലൂട്ട്'' എന്ന ഹിന്ദുസ്ഥാനി വാക്കായിരുന്നുവെന്നത് യാദൃശ്ചികമല്ലെന്ന് ഡാല്‍റിമ്പിള്‍ പറഞ്ഞു. 1765 ല്‍ മുഗള്‍ ചക്രവര്‍ത്തി ഷാ അലവുമായുണ്ടാക്കിയ ഉടമ്പടിയിലൂടെ ബംഗാള്‍ , ബിഹാര്‍, ഒഡിഷ എന്നിവയുടെ ഭരണാവകാശം ബംഗാള്‍ ഗവര്‍ണറും ഈസ്റ്റ് ഇന്ത്യ കമ്പനി ഡയറക്ടറുമായ റോബര്‍ട്ട് ക്ലൈവ് നേടിയെടുത്ത നിമിഷമായിരുന്നു ഇന്ത്യയുടെ കോര്‍പറേറ്റ്‌വത്കരണത്തിന്റെ തുടക്കം. ബംഗാളില്‍ നിന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി കൊള്ളയടിച്ച സ്വത്തുക്കള്‍ക്ക് കൈയും കണക്കുമുണ്ടായിരുന്നില്ല. ബംഗാള്‍ ട്രഷറിയിലെ സമ്പാദ്യമത്രയും നൂറു ബോട്ടുകളിലായാണ് നവാബിന്റെ കൊട്ടാരത്തില്‍ നിന്നും കൊല്‍ക്കൊത്തയിലെ ഈസ്റ്റ് ഇന്ത്യ കമ്പനി ആസ്ഥാനത്തേക്ക് കൊണ്ടു പോയത്.

ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് മടങ്ങുമ്പോള്‍ ക്ലൈവിന്റെ സമ്പാദ്യം 2,34,000 പൗണ്ടായിരുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ധനികരിലൊരാളായി ക്ലൈവ് മാറുന്നത് ഇന്ത്യയില്‍ നിന്നുള്ള കൊള്ളമുതലിന്റെ പിന്‍ബലത്തിലാണ്. 250 ദശലക്ഷം പൗണ്ടാണ് അന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ക്ലൈവും കൂട്ടരും നല്‍കിയത്. ഈ വമ്പന്‍ സ്വത്തിന്റെ തുണയോടെയാണ് ബ്രിട്ടനിലെ പാര്‍ലമെന്റ് അംഗങ്ങളെ വിലയ്‌ക്കെടുത്തുകൊണ്ട് ജനാധിപത്യം അട്ടിമറിക്കാന്‍ ഈസ്റ്റ് ഇന്ത്യാകമ്പനിക്കായതെന്ന് ഡാല്‍ റിമ്പിള്‍ ചൂണ്ടിക്കാട്ടി.

രണ്ടര നൂറ്റാണ്ടുകള്‍ക്കിപ്പുറം സമകാലിക ഇന്ത്യയും ലോകവും നേരിടുന്ന കോര്‍പറേറ്റ്‌വത്കരണത്തിന്റെ വേരുകള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളിലെ സാമ്രാജ്യമായിരുന്നു ഈസ്റ്റ്ഇന്ത്യാ കമ്പനി. സമാനമായ സ്വഭാവസവിശേഷതകളാണ് അദാനി, അംബാനി, ടാറ്റ ഗ്രൂപ്പുകളുടേതെന്ന് ഡാല്‍റിമ്പിള്‍ ഓര്‍മ്മിപ്പിച്ചു. വന്‍കിട ബഹുരാഷ്ട്രകമ്പനികളുടെ അധികാരവും അതുയര്‍ത്തുന്ന വെല്ലുവിളികളും ഇന്നും വ്യക്തമായ ഉത്തരമില്ലാതെ നിലകൊള്ളുകയാണ്. കോര്‍പറേറ്റുകളുടെ അധികാര ദുര്‍വിനിയോഗത്തില്‍ നിന്ന് പൗരസമൂഹത്തെ എങ്ങിനെ രക്ഷിച്ചെടുക്കുമെന്നറിയാതെ രാഷ്ട്രങ്ങള്‍ കുഴങ്ങുകയാണ്.

ട്രമ്പ് ക്ലൈവിനെ ഓര്‍മ്മിപ്പിക്കുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്  ഈസ്റ്റ് ഇന്ത്യ കമ്പനി മേധാവി റോബര്‍ട്ട് ക്ലൈവിനെ അനുസ്മരിപ്പിക്കുന്നുവെന്ന ഡാല്‍റിമ്പിളിന്റെ പരാമര്‍ശം കനകക്കുന്ന് കൊട്ടാരത്തിലെ സദസ്സില്‍ ചിരിയും ചിന്തയുമുണര്‍ത്തി. 

പല തലത്തിലും ട്രമ്പ്  ക്ലൈവിന് സമാനനാണെന്ന് ഡാല്‍റിമ്പിള്‍ പറഞ്ഞു. ''വൈറ്റ് ഹൗസിലെത്തുന്ന ബിസിനസ്സുകാരനാണ് ട്രമ്പ്. കോര്‍പറേറ്റുകളുടെ പിന്തുണയോടെയാണ് ട്രമ്പിന് ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ അധികാരം കൈയാളാനായത്. ആകാരത്തിലും ഭാവഹാദികളിലും പോലും ട്രമ്പ് ക്ലൈവിനെ പിന്തുടരുന്നുണ്ട്.'' വേദിയിലെ തിരശ്ശീലയില്‍ തെളിഞ്ഞ ക്ലൈവിന്റെ ചിത്രത്തിലേക്ക് വിരല്‍ ചൂണ്ടി ഡാല്‍റിമ്പിള്‍ പറഞ്ഞു.