തിരുവനന്തപുരം: പുസ്തകശാലകളില്‍ നിന്ന് പുതിയ പുസ്തകങ്ങള്‍ വളരെ വേഗം പുറത്താക്കപ്പെടുന്ന കാലമാണിതെന്ന് എഴുത്തുകാരി ഋതു മേനോന്‍. ഒരു പുസ്തകശാലയിലും ആറുമാസത്തിലധികം ഒരു പുസ്തകങ്ങള്‍ക്കും ഇടം കിട്ടാത്ത അവസ്ഥയാണുള്ളത്. അങ്ങനെ പുസ്തകങ്ങള്‍ക്ക് അകാലമരണം സംഭവിക്കുകയാണെന്നും ഋതു മേനോന്‍ പറഞ്ഞു. 

മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ വേദിയില്‍ വിമര്‍ശനരംഗം വിഭാഗത്തില്‍ 'ഇംഗ്ലീഷ് സംസാരിക്കുന്ന ഇന്ത്യന്‍ ജനതയുടെ എണ്ണം അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍ മാത്രമാണെങ്കിലും പുസ്ത പ്രസാധകര്‍ക്ക് അവരുടെ ഉപഭോക്താക്കളെ ലഭിക്കുന്നില്ല' എന്ന പ്രശനം ചര്‍ച്ച ചെയ്യവെ സംസാരിക്കുകായിരുന്നു ഋതു. ഋതു മേനോനൊപ്പം റിത ചൗധരിയും സുധീപ് സെന്നും ചര്‍ച്ചയില്‍ പങ്കെടുത്തു.

വലിയ പുസ്തകോത്സവങ്ങളും പുസ്തകശാലകളും നടത്തുന്ന ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള പ്രസാധകര്‍ പുസ്തക പരിചയത്തെ വിസ്മരിക്കുകയാണ്. ഇത് ജനങ്ങളിലേയ്ക്ക് പുസ്തകങ്ങള്‍ എത്തുന്നതിനെ തടയുന്നതായും ഋതു മേനോന്‍ പറഞ്ഞു. ഇന്ത്യന്‍ ജനത ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ഗൗരവതരമായ വായനയിലേയ്ക്ക് അവര്‍ കടക്കുന്നില്ല. അത് വായനയുടെയും ഒപ്പം പുസ്തകങ്ങളുടെയും ഗുണത്തെ ബാധിക്കുന്നു. ഋതു വ്യക്തമാക്കി.

പ്രസാധകരംഗം പലപ്പോഴും പരിമിതമായ ഇടത്തിലാണെന്നും വിശാലമായ ഒരു പരിവര്‍ത്തവും സമഗ്രമായ മാറ്റവും ഈ മേഖലയില്‍ സംഭവിക്കേണ്ടതുണ്ടെന്നും റിത ചൗധരി പറഞ്ഞു.

Content Highlights: mbifl2018 Festival Of Letters MathrubhumiInterNational Festival Of Letters Tharoor